ന്യൂദല്‍ഹി: നിര്‍ണായകമായ 90 സെക്കന്‍ഡുകള്‍… ഒരമ്മയുടെ വയറ്റിലെ ജീവന്റെ തുടിപ്പുകള്‍ നിലനിര്‍ത്താനുള്ള പരിശ്രമം. ഒടുവില്‍ ദൗത്യം വിജയകരം. ദല്‍ഹി എയിംസില്‍ കഴിഞ്ഞ ദിവസം നടന്നത് രാജ്യത്ത് അത്ര കണ്ട് പരിചയമില്ലാത്ത, ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഭ്രൂണ ശസ്ത്രക്രിയ. ഗര്‍ഭാവസ്ഥയില്‍ ഭ്രൂണത്തിന്റെ തകരാറുകള്‍ പരിഹരിക്കാനാണ് ശസ്ത്രക്രിയ നടത്തുന്നത്.
അമ്മയുടെ ഉദരത്തില്‍ കുഞ്ഞിന്റെ ഒരു മുന്തിരിയുടെ വലുപ്പമുള്ള ഹൃദയത്തിലായിരുന്നു ശസ്ത്രക്രിയ. 28കാരിയായ യുവതിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഭ്രൂണത്തിന്റെ ഹൃദയത്തിനുണ്ടായിരുന്ന തകരാറുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞതായി എയിംസ് അധികൃതര്‍ പറഞ്ഞു. അമ്മയും ഗര്‍ഭസ്ഥ ശിശുവും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭ്രൂണത്തിന്റെ ഹൃദയത്തിനുണ്ടായ തകരാറുകള്‍ കാരണം ഇതിന് മുമ്പ് മൂന്ന് തവണ യുവതിക്ക് അബോര്ഷന് സംഭവിച്ചിരുന്നു. എന്നാല്‍ ഇത്തവണ അബോര്ഷന് വേണ്ടെന്നുവച്ച് കുഞ്ഞിനെ ആരോഗ്യത്തോടെ ലഭിക്കാന്‍ ബലൂണ്‍ ഡൈലേഷന് എന്ന ശസ്ത്രക്രിയയ്ക്ക് അവര്‍ സമ്മതം മൂളുകയായിരുന്നു. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താമെന്ന തീരുമാനവുമായി മുന്നോട്ടു പോയത്.
എയിംസിലെ കാര്‍ഡിയോളജി, ഗൈനക്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അമ്മയുടെ വയറ്റിലൂടെ കുഞ്ഞിന്റെ ഹൃദയത്തിലേക്ക് ഒരു സൂചി ഇട്ട്, ഒരു ബലൂണ്‍ കത്തീറ്റര്‍ ഉപയോഗിച്ച് തടസ്സമുള്ള വാല്‍വ് തുറന്നു. ഇത് കുഞ്ഞിന്റെ ഹൃദയം നന്നായി വികസിക്കാനും രക്തയോട്ടം മെച്ചപ്പെടാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ശസ്ത്രക്രിയ നടത്തിയതിനാല്‍ ജനന സമയത്ത് കുഞ്ഞിന് ഹൃദ്രോഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്നും എയിംസിലെ ഡോക്ടര്‍ പറഞ്ഞു. കുഞ്ഞിന്റെ ഹൃദയ അറകളുടെ വളര്‍ച്ച നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വളരെ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണിത്. വളരെ പെട്ടെന്ന് നടത്തേണ്ട ശസ്ത്രക്രിയ. 90 സെക്കന്‍ഡുകള്‍ കൊണ്ട് തങ്ങള്‍ക്കത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുടെ സംഘത്തെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും സൗഖ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മുമ്പ് 2019ല്‍ കൊച്ചിയിലെ അമൃത ആശുപത്രിയിലും ഭ്രൂണ ശസ്ത്രക്രിയ നടന്നിരുന്നു. ഭ്രൂണത്തിന്റെ ഹൃദയത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അന്ന് ശസ്ത്രക്രിയ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: