മാഞ്ചസ്റ്റര്‍: മഞ്ഞുവീണ മൈതാനത്തിന് എര്‍ലിങ് ഹാളണ്ട് തീപിടിപ്പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏഴാം രാവ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത് ജര്‍മ്മന്‍ ടീം ആര്‍ബി ലെയ്പ്സിഗിനെ മുക്കി സിറ്റിയുടെ തേരോട്ടം. ഹാളണ്ടിന്റെ ബൂട്ടുകള്‍ അഞ്ചു ഗോള്‍ വര്‍ഷിച്ചപ്പോള്‍ എതിരില്ലാത്ത ഏഴു ഗോളിന് സിറ്റിയുടെ ജയം. ആദ്യപാദം 1-1 സമനിലയിലായിരുന്നു. ആകെ 8-1 ജയത്തോടെ തുടരെ ആറാം സീസണിലും സിറ്റി അവസാന എട്ടില്‍.
പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനം ചാമ്പ്യന്‍സ് ലീഗിലും പുറത്തെടുക്കുന്ന ഇരുപത്തിരണ്ടുകാരനായ ഹാളണ്ട്, ഇതുവരെ 25 കളിയില്‍ 33 ഗോളുകള്‍ നേടി. 22, 24, 45, 53, 57 മിനിറ്റുകളിലാണ് താരം ലെയ്പ്സിഗ് വലയില്‍ ഗോളുകള്‍ നിറച്ചത്. പെനല്റ്റിയിലൂടെയുള്ള ആദ്യ ഗോളിന് വിവാദത്തിന്റെ അകമ്പടി കൂടിയുണ്ടായിരുന്നു. ലെയ്പ്സിഗ് താരത്തിന്റെ ഹാന്‍ഡ്ബോളിന് വാര് പരിശോധനയിലാണ് റഫറി പെനല്‍റ്റി അനുവദിച്ചത്. പക്ഷെ, സിറ്റി താരങ്ങളുടെയടക്കം ശ്രദ്ധയില്‍ അതുപെട്ടില്ലായിരുന്നു. കിക്കെടുത്ത ഹാളണ്ട് ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന് ഇടതു മൂലയിലേക്ക് പന്ത് തട്ടിയിട്ടു. രണ്ട് മിനിറ്റിനു ശേഷം കെവിന് ഡിബ്ര്യൂയനൊപ്പമുള്ള നീക്കത്തില്‍ നോര്‍വെ താരം വീണ്ടും സ്കോര്‍ ചെയ്തു.
കോര്‍ണറില്‍ നിന്നാണ് മൂന്നാം ഗോളിന്റെ പിറവി. ബ്ര്യുയനെടുത്ത കോര്‍ണര്‍ ഡയസ് ഹെഡ് ചെയ്തത് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഗോള്‍ വരയ്ക്ക് സമാന്തരമായി വന്ന പന്ത് ഹാളണ്ട് വലയിലാക്കി. ഹാളണ്ടിന്റെ അടുത്ത രണ്ടു ഗോളുകളും കോര്‍ണറില്‍ നിന്ന്. നാല്‍പ്പത്തിയൊമ്പതാം മിനിറ്റില്‍ ഇല്‍കെ ഗുണ്ടഗനും ഇഞ്ചുറി ടൈമില്‍ കെവിന് ഡി ബ്ര്യുയനും സിറ്റിയുടെ മറ്റ് സ്കോറര്‍മാര്‍.
ചാമ്പ്യന്‍സ് ലീഗ് ഒരു കളിയില്‍ അഞ്ച് ഗോളടിക്കുന്ന മൂന്നാമത്തെ താരമാണ് ഹാളണ്ട്. ലയണല്‍ മെസിയും ലൂയി അഡ്രിയാനൊയുമാണ് മുന്‍ഗാമികള്‍. റിക്കാര്‍ഡ് സ്വന്തം പേരിലാക്കാനുള്ള അവസരം പരിശീലകന് പെപ് ഗാര്‍ഡിയോള ഹാളണ്ടിന് നല്‍കിയില്ല. 65-ാം മിനിറ്റില്‍ താരത്തെ പിന്‍വലിച്ച് ജൂലിയന്‍ അല്‍വാരസിനെ ഇറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: