കോട്ടയം: വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണാൻ തെരഞ്ഞെടുക്കപ്പെട്ട ഗോത്രസമുദായക്കാരിൽ എരുമേലി തുമരംപാറയിൽ അനീഷും. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ചരിത്ര ഗവേഷക വിദ്യാർത്ഥി പ്രതിനിധിയായാണ് എ.വി അനീഷിന് ക്ഷണം. രാഷ്‌ട്രപതിയെ കാണുന്ന ഗോത്രസമുദായക്കാരായ 400 പേരിൽ ഒരാളാണ് അനീഷും.
17 ന് കേരളത്തിൽ എത്തുന്ന രാഷ്‌ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരം ഉദയ ഓഡിറ്റോറിയത്തിൽ വെച്ച് ആദിവാസി, പട്ടിക വർഗ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 400 ഓളം പ്രതിനിധികളുമായി സംവദിക്കുന്നുണ്ട്. ഈ പരിപാടിയിലാണ് അനീഷ് ക്ഷണിക്കപ്പെട്ടിരിക്കുന്നത്. തന്റെ ജീവിതത്തിൽ ലഭിച്ച വലിയ അംഗീകാരമായി ഇതിനെ കാണുന്നെന്ന് അനീഷ് പറയുന്നു.
ഉള്ളാട സമുദായത്തിൽ നിന്നുള്ള അനീഷ് ഏറെ കടമ്പകൾ പിന്നിട്ടാണ് പിഎച്ച് ഡി വരെയെത്തിയത്. തന്റെ സമുദായത്തിന്റെ പിന്നോക്കാവസ്ഥ രാഷ്‌ട്രപതിയെ ധരിപ്പിക്കുക എന്നതാണ് അനീഷിന്റെ ലക്ഷ്യം. കേരളത്തിൽ ആകെ അര ലക്ഷത്തോളം ജനസംഖ്യയുള്ള ഉള്ളാട സമുദായത്തിൽ വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം വർധിച്ചിട്ടില്ല. ഈ പിന്നോക്കാവസ്‌ഥക്ക് മാറ്റം വരുന്നതിന് പദ്ധതികൾ ഉണ്ടാകണമെന്നാണ് അനീഷിന്റെ ആഗ്രഹം.
അക്കാദമിക് കരിയറിൽ ഏറെ വെല്ലുവിളികളും ദുരിതങ്ങളും അനീഷ് നേരിട്ടിരുന്നു. പ്രതിസന്ധികൾ പഠനത്തെ തടസപ്പെടുത്തിയപ്പോഴാണ് വിദ്യാഭ്യാസത്തിന്റെ മൂല്യം അനീഷ് തിരിച്ചറിയുന്നത്. ആദ്യം പഠനം നിർത്തിയത് പ്ലസ് ടു തോറ്റപ്പോഴാണ്. റബ്ബർ ടാപ്പിങ് ജോലിക്കിറങ്ങിയപ്പോഴാണ് വീണ്ടും പഠിക്കണമെന്ന ആഗ്രഹം ഉണ്ടായത്. മൂന്നു വർഷത്തിന് ശേഷം പ്ലസ് ടു പാസായി. തുടർന്ന് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ ബി എസ് സി ഫിസിക്സിന് ചേർന്ന് പഠിച്ചു.
എം. ജി സർവകലാശാലയിൽ നിന്നും എം. എസ് സിക്ക് ചേർന്നെങ്കിലും പ്രതിസന്ധികൾ മൂലം പഠനം നിലച്ചു. പിന്നീട് എം എ മലയാളത്തിന് ചേർന്നു. പഴയ സഹപാഠികൾ നിർബന്ധിച്ചു അഡ്മിഷൻ ഒരുക്കുകയായിരുന്നു. സുഹൃത്ത് അഖിൽ കെ ശശിയാണ് അന്ന് ഫീസ് അടച്ചതെന്ന് അനീഷ് പറഞ്ഞു. തുടർന്ന് എം. ഫിൽ കോഴ്സിനും. ഇപ്പോൾ പിഎച്ച്ഡി ചെയ്യുന്നു. കോളേജ് അധ്യാപകനാവുക എന്നതാണ് അനീഷിന്റെ ആഗ്രഹം. തുമരംപാറ ആഞ്ഞിലിമൂട്ടിൽ കുഞ്ഞുമോൻ (വിജയൻ ) – ആലീസ് ദമ്പതികളുടെ മകനാണ് അനീഷ്.
സ്വന്തം സമുദായമായ ആദിവാസി ഉള്ളാട സമുദായത്തില്‍പ്പെട്ടവരുടെ ജിവീതവും സംസ്‌കാരവും ആധികാരികമായി കണ്ടെത്തി പഠിച്ച് ചരിത്രമാക്കുകയാണ് പിഎച്ച്ഡി യിലൂടെ അനീഷ് ലക്ഷ്യമിട്ടിരിക്കുന്നത്. സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫ. പി എസ് രാധാകൃഷ്ണൻ ആണ് ഗൈഡ്. ബിനീഷ് ആണ് അനീഷിന്റെ ഏക സഹോദരൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: