കൊച്ചി: ബ്രഹ്മപുരത്തെ പുകയണഞ്ഞെങ്കിലും എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലക്കാര്‍ ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍ജിനീയറുടെ മുന്നറിയിപ്പ്. വിഷ വാതകങ്ങളുടെ അളവ് കഴിഞ്ഞാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്സിന്‍ പോലുള്ള വിഷ പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തില്‍ കൂടുതലാണെന്ന് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ബ്രഹ്മപുരത്തെ തീയടങ്ങിയ ശേഷമുള്ള ആദ്യത്തെ മഴ അപകടകാരിയായ അമ്ല മഴയാകാമെന്നും ചീഫ് എന്‍ജിനീയര്‍ പി.കെ. ബാബുരാജന് പറഞ്ഞു.
വായുവിലെ രാസ മലിനീകരണ തോത് വര്‍ധിച്ചതിനാല്‍ ഈ വര്‍ഷത്തെ ആദ്യ വേനല്‍ മഴയില്‍ രാസ പദാര്‍ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വായു ഗുണനിലവാര സൂചിക പ്രകാരം ഡിസംബറിനു ശേഷം കൊച്ചിയിലെ വായുവിന്റെ നിലവാരം ‘വളരെ മോശ’മാണ്.
ബ്രഹ്മപുരം തീപ്പിടിത്തത്തെ തുടര്‍ന്ന് രാസ ബാഷ്പ കണികകള്‍ക്കു പുറമേ നൈട്രേറ്റ്, ക്ലോറൈഡ്, സള്‍ഫേറ്റ്, കാര്‍ബണ്‍ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം10 കരി മാലിന്യത്തിന്റെ അളവിലും വര്‍ധനയുണ്ടായി. അന്തരീക്ഷത്തില്‍ നൈട്രജന്‍ ഡയോക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ് എന്നിവയുടെ അളവും വര്‍ധിക്കുന്നുണ്ട്. ഇതാണ് പ്രധാന ഭീഷണി. ആദ്യ വേനല്‍ മഴയില്‍ സള്‍ഫ്യൂരിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവു വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. മഴയിലെ അമ്ല സാന്നിധ്യം ജീവജാലങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിക്കാം.
അന്തരീക്ഷത്തിലെ ഡയോക്സിന്‍ അടക്കമുള്ളവ മഴ വെള്ളത്തിനൊപ്പം കുടിവെള്ള സ്രോതസ്സുകളിലെത്താനും സാധ്യതയുണ്ട്. മത്സ്യ സമ്പത്തിനെയും ഇതു ബാധിക്കും. ത്വക് രോഗങ്ങള്‍ക്കും ഇടയാക്കും. ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലേക്കും വായുവിലെ രാസ മലിനീകരണം വ്യാപിച്ചിരുന്നതിനാല്‍ ആദ്യ വേനല്‍ മഴ ഈ ജില്ലകളിലും ഭീഷണി ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: