ചാനല്‍ സംവാദങ്ങളില്‍ കാര്യമാത്ര പ്രസക്തമോ നിഷ്പക്ഷമോ സത്യസന്ധമോ ആയ ചര്‍ച്ചകള്‍ അപൂര്‍വ്വമാണ്. ഒന്നുകില്‍ ചാനല്‍ മുതലാളിമാരുടെ രാഷ്‌ട്രീയ ആവശ്യങ്ങള്‍ നിര്‍വ്വഹിയ്‌ക്കാന്‍ മുന്‍കൂര്‍ തയ്യാറാക്കിയെടുത്ത സ്‌ക്രിപ്റ്റിനനുസരിച്ച് വായ്‌ത്താളമിടാന്‍ ഇരിയ്‌ക്കുന്ന ആങ്കറും, പിന്തുണ നല്കാന്‍ അവര്‍ കണ്ടെത്തിയ നാവ് വാടകയ്‌ക്ക് കൊടുക്കുന്ന ചില പാനലിസ്റ്റുകളും ചേര്‍ന്നൊരുക്കുന്ന പ്രഹസനം. അതില്‍ വസ്തുതകള്‍ പറയാന്‍ ശ്രമിയ്‌ക്കുന്നവര്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ആങ്കര്‍-പാനലിസ്റ്റ് സംഘത്തിന്റെ ഒത്തു കളിയില്‍ മുങ്ങിപ്പോകും. അല്ലെങ്കില്‍ നല്ല പാനലിസ്റ്റുകളുടെ ഇടയില്‍ ഇരുന്ന് വിഷയത്തിന്റെ ഗൗരവമോ, സദസ്സിന്റെ മാന്യതയോ നോക്കാതെ യാതൊരു തത്വദീക്ഷയുമില്ലാതെ കോലാഹലമുണ്ടാക്കി കുളം കലക്കുന്ന ചില ചാവേറുകളുടെ പ്രകടനം. ഇതൊക്കെയാണ് സാധാരണ കണ്ടിട്ടുള്ളത്. നമുക്കറിയാവുന്ന സത്യത്തെ മറച്ച് കല്ലുവച്ച നുണകള്‍ ഒരു ഉളുപ്പുമില്ലാതെ തട്ടിമൂളിയ്‌ക്കുന്നത് കാണുമ്പോള്‍ കേള്‍വിക്കാര്‍ എന്ന നിലയ്‌ക്ക് മാനസിക സംഘര്‍ഷം ഉണ്ടാവും.
ഞായറാഴ്ച ജനം ടിവി സംഘടിപ്പിച്ച എഡിറ്റേഴ്‌സ് ചോയിസ് ചര്‍ച്ച കണ്ടു. രാമസിംഹന്‍ പുറത്തിറക്കിയ പുഴ മുതല്‍ പുഴ വരെ എന്ന സിനിമയെ പറ്റിയാണ് ചര്‍ച്ച. ചരിത്ര പണ്ഡിതന്‍ പത്മശ്രീ സി ഐ ഐസക്ക്, എക്‌സ് മുസ്ലീം ഡോ ആരിഫ് ഹുസൈന്‍, കുരുക്ഷേത്ര പബ്ലീഷേഴ്‌സ് എം ഡിയും എഴുത്തുകാരനുമായ കാ ഭാ സുരേന്ദ്രന്‍, മാദ്ധ്യമ പ്രവര്‍ത്തകന്‍ സിവിഎം വാണിമേല്‍, സിനിമയുടെ സംവിധായകന്‍ രാമസിംഹന്‍ എന്നിവരായിരുന്നു പാനലിസ്റ്റുകള്‍.
നല്ലൊരു ദേശസ്‌നേഹിയും സ്വാതന്ത്ര്യസമര സേനാനിയും ബഹുഭാഷാ പണ്ഡിതനുമായിരുന്ന വാരിയം കുന്നനെ മോശമായി ചിത്രീകരിയ്‌ക്കുന്ന രാമസിംഹന്‍ തന്റെ സിനിമയില്‍ കാണിയ്‌ക്കുന്നതെല്ലാം നുണയാണ് എന്നാണ് വാണിമേല്‍ ആരോപിച്ചത്. ‘വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഹിന്ദു എന്ന പേരില്‍ ഒരാളേയും ആക്രമിച്ചിട്ടില്ല. അതെല്ലാം മുസ്ലീം പേരുകള്‍ ഉള്ള ചിലരുടെ പ്രവൃത്തികളായിരുന്നു’ അതുകൊണ്ട് സിനിമയ്‌ക്ക് നുണ മുതല്‍ നുണ വരെ എന്നാണ് പേരിടേണ്ടത്. വാണിമേല്‍ പറഞ്ഞു.
‘അന്ന് നടന്നത് സ്വാതന്ത്ര്യ സമരമാണെങ്കില്‍ എന്തിനായിരുന്നു ഒരു ശരീയത്ത് രാജ്യം സ്ഥാപിച്ചത് ? ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനും ഇസ്ലാമിക രാജ്യസ്ഥാപനത്തിനും തമ്മില്‍ എന്തായിരുന്നു ബന്ധം ?’ ഡോ ആരിഫ് ഹുസൈന്‍ ചോദിച്ചു. ഇസ്ലാമിക രാജ്യ സ്ഥാപനം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. കലാപ കാലത്ത് നൂറുക്കണക്കിന് പേരെ മതം മാറ്റിയിട്ടുള്ളതും ചരിത്ര രേഖകളില്‍ ഉള്ളതാണ്. സ്വാതന്ത്ര്യ സമരത്തില്‍ മതം മാറ്റമെന്തിന് ? ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ആരിഫ് ചോദിച്ച ഈ ചോദ്യങ്ങള്‍ രണ്ടു മണിയ്‌ക്കൂര്‍ നീണ്ട ചര്‍ച്ച തീരും വരെയും ചോദ്യങ്ങളായി തന്നെ അവശേഷിച്ചു.
ബഹുഭാഷാ പണ്ഡിതനായിരുന്ന വാരിയം കുന്നന്‍ ഇംഗ്ലീഷില്‍ എഴുതിയ ഒരു കത്ത് ഹിന്ദു പത്രം അക്കാലത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും പറഞ്ഞ് വാണിമേല്‍ ഒരു ബൗണ്‍സര്‍ എറിഞ്ഞെങ്കിലും, മലയാളം പോലും അറബി ലിപിയില്‍ എഴുതിയിരുന്ന വാരിയം കുന്നന്‍ ഇംഗ്ലീഷ് ലെറ്റര്‍ എഴുതിയ കഥ ഏത് ചരിത്ര പുസ്തകത്തെ ആധാരമാക്കിയാണ് പറയുന്നത് എന്ന മറുചോദ്യം കൊണ്ട് മറ്റു പാനലിസ്റ്റുകള്‍ ബൗണ്ടറി കടത്തി. അന്ന് റെയിലും കമ്പിത്തപാലും തകര്‍ത്ത് നാട് മുഴുവന്‍ സ്തംഭിച്ച് കാളവണ്ടി പോലും ഓടാത്ത സ്ഥിതിയായിരുന്നു കലാപ പ്രദേശത്ത്. അത്തരം മേഖലയില്‍ നിന്ന് എങ്ങനെയാണ് വാരിയം കുന്നന്റെ കത്ത് മദ്രാസിലെ ഹിന്ദു പത്രത്തില്‍ എത്തിയത് എന്ന് ഡോ ഐസക്ക് ചരിത്രപരമായ വിശദീകരണം കൂടി ചോദിച്ചതോടെ അത് നോബോളുമായി മാറി.
മലയാളം പോലും നേരെ ചൊവ്വേ അറിയില്ലായിരുന്ന വാരിയം കുന്നന്‍ ഇംഗ്ലീഷില്‍ എഴുതിയ കത്തിനെ കുറിച്ച് പറയുന്ന വാണിമേല്‍, മലബാറിലെ ഹിന്ദു സ്ത്രീകള്‍ ബ്രിട്ടീഷ് രാജ്ഞിയ്‌ക്ക് എഴുതിയ കത്ത് കണ്ടിട്ടുണ്ടോ, വായിച്ചിട്ടുണ്ടോ ? രാമസിംഹന്‍ ചോദിച്ചു. അത് ചരിത്ര രേഖയാണ്. രക്തവും കണ്ണീരും കൊണ്ട് എഴുതിയതാണ് ആ കത്ത്. നാട്ടില്‍ സംഘര്‍ഷം ഉണ്ടാവാന്‍ കാരണമാവരുത് എന്ന ഉറച്ച നിലപാടു കൊണ്ടാണ് ചരിത്ര വസ്തുതകളില്‍ പലതും സിനിമയില്‍ കാണിയ്‌ക്കാത്തത്. രാമസിംഹന്‍ വികാരാധീനനായി പ്രസ്താവിച്ചു. പിന്നെ ചര്‍ച്ച തീരും വരെ വാണിമേലില്‍ നിന്ന് കണ്ടതു മുഴുവനും വാരിയം കുന്നന്റെ കുപ്രസിദ്ധമായ ‘ഇനിയെല്ലാരും അവനവന്റെ …..’ എന്ന ആ അവസാന അടവിന്റെ പ്രദര്‍ശനമായിരുന്നു.
ഏതായാലും ഒരു നൂറ്റാണ്ടു കൊണ്ട് കെട്ടിപ്പടുത്ത നുണയുടെ കൊട്ടാരങ്ങള്‍, ഈ വിഷയത്തിലെ ആദ്യത്തെ ലോ ബജറ്റ് ചിത്രം കൊണ്ടു തന്നെ ഒന്നൊന്നായി പൊളിഞ്ഞു വീഴാന്‍ തുടങ്ങിയിട്ടുണ്ട്.
രാമാനുജന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: