കൊച്ചി: പഴം വിഴുങ്ങികളായ സാംസ്കാരികനായകന്‍മാര്‍ വരെ സര്‍ക്കാരിനെ ഭയന്ന്, അവസരനഷ്ടം ഭയന്ന് മിണ്ടാട്ടം മുട്ടിയിരുന്നപ്പോള്‍ ഇടത് മന്ത്രിമാരുടെ നുണകളെ തകര്‍ത്തെറിഞ്ഞത് സിനിമ താരങ്ങളുടെ നേര്‍മ്മയാര്‍ന്ന പ്രതികരണങ്ങള്‍. ഈ പ്രതികരണങ്ങളുടെ ജനപ്രീതിയ്‌ക്ക് മുന്‍പില്‍ മന്ത്രിമാരായ പി.രാജീവും വീണ ജോര്‍ജ്ജും എം.ബി. രാജേഷും ഒലിച്ചുപോയി. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ മുതല്‍ ശ്രീനിവാസന്‍, ബിജിപാല്‍, മേജര്‍ രവി, മിഥുന്‍ മാനുവല്‍ തുടങ്ങി ഒട്ടേറെപ്പേര്‍ നിര്‍ഭയം ബ്രഹ്മപുരത്തിന്റെ സത്യം വിളിച്ചുപറഞ്ഞു.
ഇതു പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ലെന്നും മനുഷ്യനുണ്ടാക്കിയ ദുരന്തമാണെന്നും നടന്‍ മോഹൻലാൽ. മലയാളത്തിലെ ഒരു ദിനപത്രത്തിന് നല്‍കിയ പ്രതികരണത്തിലാണ് മോഹന്‍ലാല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണം നടത്തിയത്.”എന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാർ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട്. ഏറെ ദിവസമായി എന്റെ ഏറ്റവും വലിയ വേദന. പുകയുന്ന ഈ കൊച്ചിയിൽ ആയിരക്കണക്കിനു അമ്മമാരും മുതിർന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണ്. ഇവരുടെയൊക്കെ ശ്വാസകോശങ്ങളിലെത്തുന്ന പുക രോഗങ്ങളിലേക്കാണവരെ കൊണ്ടുപോകുന്നത്. ജീവിതം മുഴുവൻ അവരിതു അനുഭവിക്കേണ്ടി വന്നേക്കാം.കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ?”- മോഹന്‍ലാല്‍ തന്റെ പ്രതികരണത്തില്‍ പറഞ്ഞു. കേരളത്തിലെ മാലിന്യപ്രശ്നത്തെക്കുറിച്ച് 2016ലെ മുഖ്യമന്ത്രിക്ക് എഴുതിയിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. എന്നാല്‍ പരിഹാരമുണ്ടായില്ല.
ബ്രഹ്മപുരത്തെ അന്തരീക്ഷമലിനീകരണത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ച ശേഷം നടന്‍ മമ്മൂട്ടി തന്റെ മെഡിക്കല്‍ ടീമിനെ തന്നെ ഫീല്‍ഡിലേക്കയച്ചു. ബ്രഹ്മപുരത്ത് കാര്യമായ പുകയൊന്നുമില്ലെന്നും മറ്റും വീണ ജോര്‍ജ്ജും പി.രാജീവും ആവര്‍ത്തിച്ചുരുവിടുമ്പോഴാണ് തനിക്ക് ശ്വാസം മുട്ടുന്നുവെന്ന സ്വന്തം അനുഭവം മമ്മൂട്ടി തുറന്നടിച്ചത്. ഇതോടെ സര്‍ക്കാരും നഗരസഭയും ഞെട്ടി. പിണറായി സര്‍ക്കാരിലെ ധനമന്ത്രി പി.രാജീവും വീണ ജോര്‍ജ്ജും എം.ബി. രാജേഷുമെല്ലാം ബ്രഹ്മപുരത്തെ അന്തരീക്ഷമലിനീകരണത്തെ നിസ്സാരമാക്കി തള്ളാന്‍ ശ്രമിക്കുമ്പോഴാണ് കേരളത്തിലെ സൂപ്പര്‍താരങ്ങളുടെ വമ്പന്‍ പ്രതികരണങ്ങളുണ്ടായത്. അഡ്വ. ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അനുകൂലികളെന്ന് പറയുന്നവര്‍ പോലും കൊച്ചിയിലെ മാലിന്യനിര്‍മ്മാജന രീതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. 2019ല്‍ ഇവിടെ 20 മണിക്കൂര്‍ നേരം തീ പടര്‍ന്നിരുന്നുവെന്നും അന്ന് ഒരിയ്‌ക്കലും ചെയ്യരുതെന്ന് പറഞ്ഞ കാര്യം ആവര്‍ത്തിക്കുകയായിരുന്നുവെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു.
മിഥുൻ മാനുവൽ പോലുള്ള യുവസംവിധായകര്‍ തീവ്രമായാണ് പ്രതികരിച്ചത്. “സംസ്ഥാന ഭരണകൂടം മറുപടി പറഞ്ഞേ മതിയാകൂ; ഞങ്ങൾ പുക ശ്വസിക്കാനുള്ള ക്വട്ടേഷൻ കൈപറ്റിയിട്ടില്ല”- ഇതായിരുന്നു മിഥുന്‍ മാനുവലിന്റെ പ്രതികരണം. ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ദിവസങ്ങളായി വിഷപ്പുകയിൽ മുങ്ങി നിൽക്കുന്നു. നഗരം, ജില്ല എന്തിനു വീടിന്റെ അകങ്ങളിൽ പോലും വിഷ വായു. കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നായി തന്നെ പരിഗണിക്കാവുന്ന ഒരു ഇൻസിഡന്റ്. ഉത്തരവാദികൾ ആരായാലും – പ്രാദേശിക ഭരണകൂടം ആയാലും സംസ്ഥാന ഭരണകൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ. പ്രതിവിധി യുദ്ധകാലടിസ്ഥാനത്തിൽ കണ്ടെത്തിയേ മതിയാകൂ. “- മിഥുന്‍ മാനുവല്‍ പറയുന്നു.
ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ പ്രശ്നങ്ങള്‍ക്ക് കാരണം അഴിമതിയോടുള്ള ചിലരുടെ സ്നേഹമാണെന്നാണ് നടന്‍ ശ്രീനിവാസന്‍ പ്രതികരിച്ചത്. 10 ലോറി മാലിന്യം കാണിച്ച് 100 ലോറി മാലിന്യം എന്ന് കാണിച്ച് പണം തട്ടണം. അതാണ് ചിലരുടെ ഗൂഢ പദ്ധതി. – ശ്രീനിവാസന്‍ പറയുന്നു.
അഴിമതി വേണമെങ്കില്‍ കാണിച്ചോളൂ. സ്വസ്ഥ ജീവിതത്തിനുള്ള അവകാശം കവര്‍ന്നെടുക്കരുതേ അത് മൗലികമല്ലേ. ഒരു പ്രശ്നവുമില്ലന്ന് അധികാരികള്‍ പറയുന്നു. ശാസ്ത്രം അതല്ലല്ലോ പറയുന്നത്. ഏക ആശ്രയം കോടതിയാണ്. – സംഗീത സംവിധായകന്‍ ബിജിപാല്‍ പ്രതികരിച്ചതിങ്ങിനെ.
പക്ഷെ കേരളത്തില്‍ എന്തിനും ഏതിനും കുരയ്‌ക്കുന്ന സാംസ്കാരിക നായകരുടെ മൗനമാണ് അസഹ്യമായത്. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍ എന്നിവര്‍ ഉള്‍പ്പെടെ ആരും പ്രതികരിച്ചിട്ടില്ല. അബ്ദുള്‍ നാസര്‍ മദനിയുടെ മോചനത്തിനും സിവിക് ചന്ദ്രന്റെ അറസ്റ്റിനും മോദിക്കെതിരെ തൊട്ടതിനും പിടിച്ചതിനും എല്ലാം പ്രതികരിച്ചിരുന്നു ഇവരുടെ മൗനം അസഹ്യമെന്നാണ് സംവിധായകന്‍ മേജര്‍ രവി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: