ആലപ്പുഴ: പാര്‍ട്ടിയിലെ ജീര്‍ണത എവിടെയെങ്കിലും മൂടിവയ്ക്കാന്‍ ശ്രമിച്ചാല്‍ ഉപ്പുവച്ച കലം പോലെ വികൃതമാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കുട്ടനാട്ടില്‍ പറഞ്ഞത് സിപിഎമ്മിലെ വിഭാഗീയത വീണ്ടും രൂക്ഷമാകുന്നതിന്റെ ശക്തമായ തെളിവ്. ജനകീയ പ്രതിരോധ ജാഥയുടെ കുട്ടനാട്ടിലെ സ്വീകരണ സമ്മേളനത്തില്‍ വിഭാഗീയതയ്ക്കെതിരേ ഗോവിന്ദന് പൊട്ടിത്തെറിച്ചത് പാര്‍ട്ടി കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. ഗോവിന്ദന്റെ മുന്നറിയിപ്പുകള്‍ക്ക് അണികളില്‍ നിന്നു വന്‍ കൈയടിയാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികളും, വെട്ടിനിരത്തലുകളും ഉറപ്പാണെന്നു വ്യക്തം.
ഗോവിന്ദന്റെ മുന്നറിയിപ്പ്, വിഭാഗീയതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ മുന്നൂറോളം പ്രവര്‍ത്തകര്‍ രാജിഭീഷണി മുഴക്കിയതിന്റെ പശ്ചാത്തലത്തിലാണെന്നു പ്രത്യക്ഷമായി തോന്നാമെങ്കിലും സംസ്ഥാനത്തെ മറ്റു പല നേതാക്കളെയും ഉന്നമിട്ടാണ് അത്. കോടിയേരി ബാലകൃഷ്ണന്റെ മരണത്തോടെ സീനിയോറിറ്റി പ്രകാരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമാകുമെന്ന് കരുതിയിരുന്ന ഇ.പി. ജയരാജനെ അപ്രസക്തനാക്കി ജൂനിയറായ എം.വി. ഗോവിന്ദന് സെക്രട്ടറിയും പിബി അംഗവുമായി. 2015ലെ സംസ്ഥാന സമ്മേളനത്തില്‍പ്പോലും സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്ന പേരായിരുന്നു ഇ.പി. ജയരാജന്റേത്.ഗോവിന്ദന് സെക്രട്ടറിയായതിനു ശേഷം ഇ.പി. ജയരാജന്റെ നിസ്സഹകരണം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനിടെ, വൈദേകം റിസോര്‍ട്ടിന്റെ പേരിലുയര്‍ന്ന വിവാദങ്ങളും, കണ്ണൂരിലെ കരുത്തനെന്ന് അവകാശപ്പെടുന്ന പി. ജയരാജന്റെ നീക്കങ്ങളും പാ
ര്‍ട്ടിയില്‍ കലുഷിതമായപ്പോഴാണ് ഗോവിന്ദന് സംസ്ഥാന ജാഥ നടത്താന്‍ തീരുമാനിച്ചത്. ഇതിനിടെ കണ്ണൂരിനു ശേഷം പാര്ട്ടിക്കോട്ടയെന്ന് അറിയപ്പെടുന്ന ആലപ്പുഴയിലും ഔദ്യോഗിക പക്ഷത്ത് വിഭാഗീയത രൂക്ഷമായി. ഇ.പി. ജയരാജന്റെ അസാന്നിധ്യം ജനകീയ പ്രതിരോധ യാത്രയെപ്പോലും നിഷ്പ്രഭമാക്കി. പല ജില്ലകളിലും വിഭാഗീയത നേതാക്കളെ ചുറ്റിപ്പറ്റിയും പ്രാദേശികമായും രൂക്ഷമായി. ഈ സാഹചചര്യത്തിലാണ് ഗോവിന്ദന്റെ പരസ്യ താക്കീത്.
‘പാര്‍ട്ടിയിലെ ജീര്‍ണത എവിടെയെങ്കിലും മൂടിവയ്ക്കാന്‍ ശ്രമിച്ചാല്‍ ഉപ്പുവച്ച കലം പോലെ വികൃതമാകുമെന്ന കാര്യം ചിന്തിക്കണം. പാര്‍ട്ടിയിലെ തെറ്റായ പ്രവണതകളെ ഫലപ്രദമായി നേരിട്ട് മുന്നോട്ടു പോകും. ഏതുതരത്തിലുള്ള ജീര്‍ണതകളെയും തുടക്കത്തിലേ നുള്ളിക്കളയും. ഒരുകാലത്ത് വിഭാഗീയതയുടെ പേരില്‍ കഴിവുള്ളവര്‍ പാര്‍ട്ടി വിട്ടുപോയിട്ടുണ്ട്. അവരെ തിരിച്ചുകൊണ്ടുവരും. സംഘടനാപരമായ ചില തീരുമാനങ്ങളെടുക്കുമ്പോള്‍ ചിലപ്പോള്‍ നഷ്ടമുണ്ടാകും’, എന്നാണ് ഗോവിന്ദന് പറഞ്ഞത്.
കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് നിലവില്‍ വിഭാഗീയതയും, പാര്‍ട്ടിക്കു നിരക്കാത്തതെന്ന് നേതൃത്വം പറയുന്ന പ്രവര്‍ത്തനങ്ങളും കൂടുതലുള്ളത്. ഇതെല്ലാം പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കുന്നുവെന്ന് ഗോവിന്ദന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: