കൊച്ചി : ബ്രഹ്മപുരത്തെ തീ കൊച്ചി നഗരവാസികള്ക്കുണ്ടാക്കുന്നത്് വലിയ ആരോഗ്യ പ്രശ്നങ്ങള്‍. പ്ലാന്റിലെ തീയും പുകയും മൂലം ഏറെ കാലം സുക്ഷിക്കണം. രാസമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വായുവിലെ രാസമലിനീകരണത്തോത് വര്‍ധിച്ചതോടെ ഈ വര്‍ഷത്തെ ആദ്യ വേനല്‍മഴയില്‍ രാസപദാര്‍ത്ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കും.
എറണാകുളം നഗരത്തിലെ വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്സിന്‍ പോലുള്ള വിഷ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്തെ തീയടങ്ങിയശേഷമുള്ള ആദ്യത്തെ മഴ സൂക്ഷിക്കണം. ഡയോക്സിന്‍ പോലുള്ളവ നശിക്കില്ല, വെളളത്തിലും മണ്ണിലും അന്തരീക്ഷത്തിലും ശേഷിക്കും. വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ മേഖലകളിലുള്ളവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
ഡയോക്സിന്‍ മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്. ഇവ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കും, പ്രത്യുല്‍പ്പാദന ശേഷി ഇല്ലാതാക്കും കൊച്ചിയുടെ അന്തരീക്ഷത്തില്‍ ഡയോക്സിന്‍ അളവ് കൂടിയ അളവിലെന്ന് രണ്ടുവര്‍ഷം മുമ്പ് തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. അതിനിടയിലാണ് ബ്രഹ്മപുരത്തെ തീയിനെതുടര്ന്നുണ്ടായ പുക അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്നത്.
തീപിടുത്തത്തിനുശേഷമുളള ആദ്യ മഴയില്‍ അന്തരീക്ഷത്തിലുളള ഡയോക്സിന്‍ അടക്കമുള്ളവ മഴവെള്ളത്തിനൊപ്പം കുടിവെള്ള സ്രോതസുകളില്‍ എത്താന്‍ സാധ്യത ഏറെയാണ്. 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞതെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) വായു ഗുണനിലവാര സൂചികയില്‍ പറയുന്നത്. ഡിസംബറിനുശേഷം ഇത് വളരെ മോശമായി.
രാസബാഷ്പ സൂക്ഷ്മകണികകളുടെ അളവ് 300 പോയിന്റ് കടന്നു നില്ക്കുമ്പോഴാണു ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടായത്. ഇതോടെ വായുവിലെ രാസമലിനീകരണം ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലേക്കും വ്യാപിച്ചു. ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം രാസബാഷ്പ കണികകള്‍ക്കു പുറമേ സള്‍ഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാര്‍ബണ്‍ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം10 കരിമാലിന്യത്തിന്റെ അളവും വര്‍ധിച്ചു. അന്തരീക്ഷത്തിലെ നൈട്രജന്‍ ഡയോക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ് എന്നിവയുടെ അളവും വര്‍ധിക്കുന്നതായി സിപിസിബി രാസമാപിനികള്‍ നല്കുന്ന ഡേറ്റയിലുണ്ട്. ഇതോടെ ആദ്യ വേനല്‍മഴയില്‍ സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവു വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും പരിസ്ഥിതിശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: