അസ്ഥാനത്തും അനവസരത്തിലും അളിഞ്ഞ കോമഡി പറഞ്ഞാണ് സൂരി നമ്പൂതിരിപ്പാട് പണ്ടും താരമായിട്ടുള്ളത്. ഇന്ദുലേഖക്കാലത്തേ അത് അങ്ങനെയാണ്. കണ്ടതും കേട്ടതുമൊക്കെ വിളിച്ചുപറഞ്ഞ് ഉപജീവനം കഴിച്ചിരുന്ന കാലത്ത് ആളെ കാണില്ല എന്നൊരു ഉപകാരമുണ്ടായിരുന്നു. ഇപ്പോള്‍ കാലം പുരോഗമിച്ചല്ലോ. ചാനല്‍യുഗത്തിലെ ആസ്ഥാന വിദൂഷകനായി അണിയറയും അരങ്ങുമെല്ലാം അടക്കിവാഴാമെന്ന കാലമായപ്പോള്‍ ഇമ്മാതിരി സൂരിനമ്പൂതിരിപ്പാടുമാരുടെ കോമഡി മാത്രമല്ല, ഗോഷ്ടികളും സഹിക്കണമെന്നുവന്നു പ്രേക്ഷകര്‍ക്ക്. ആരോടും എന്തും ചോദിക്കാമെന്ന ധാര്‍ഷ്ട്യവും ചോദ്യം അസ്ഥാനത്താണെന്ന് വരുമ്പോള്‍ വിരിയുന്ന ചമ്മിയ ചിരിയുമാണ് ആളുടെ ഹൈലൈറ്റ്. ആകാശവാണിയിലെ അഭ്യാസങ്ങള്‍ വിട്ട് ‘നമ്മള്‍ തമ്മിലും’ പിന്നെ മഴവില്‍ കുടുംബമത്സരങ്ങളും ഒക്കെ കഴിഞ്ഞാണ് ഇദ്ദേഹം എംഡിയും അവതാരകനുമൊക്കെയായി പിന്നണിയിലും മുന്നണിയിലും കോമഡി നിറച്ച് ട്വന്റി ഫോറുമായെത്തുന്നത്.
ഐറ്റങ്ങള്‍ പലതായിരുന്നു. ഹിസ്റ്റീരിയ ബാധിച്ചതുപോലുള്ള തെരഞ്ഞെടുപ്പ് അവലോകനങ്ങളില്‍ തുടങ്ങി തരംതാണ കമന്റുകള്‍ നിറഞ്ഞ വാര്‍ത്താവലോകനങ്ങള്‍ വരെ എമ്പാടുണ്ട് ഉദാഹരണങ്ങള്‍. റേറ്റിങ്ങിന് വേണ്ടി എന്തും ചെയ്തുകളയാമെന്ന ധിക്കാരമുണ്ട് കൈമുതലായി. അടിപ്പണി നന്നായി അറിയുന്നതുകൊണ്ട് അതിനും കുറവില്ല. വാര്‍ത്ത പറയുകയായിരുന്നില്ല ഉണ്ടാക്കി പറയുകയായിരുന്നു ഹോബി. അത്യാവശ്യം ഒരു തല്ലും പിടിയുമൊന്നുമില്ലെങ്കില്‍ അന്നത്തെ ദിവസം കഴിച്ചുകൂട്ടാന്‍ തന്നെ വിഷമമാണെന്ന മട്ടാണ്. മനീതിസംഘവും പോപ്പുലര്‍ ഫ്രണ്ടും മോന്‍സണ്‍ മാവുങ്കലുമൊക്കെയാണ് ഇഷ്ടക്കാര്‍.
ശബരിമലയിലെ സ്ത്രീപ്രവേശനവിഷയം മാധ്യമക്കച്ചവടക്കാര്‍ക്ക് ചാകരയായിരുന്ന കാലത്താണ് ഇദ്ദേഹത്തിന്റെ പട മനീതി സംഘത്തിന് എസ്‌കോര്‍ട്ട് വന്നത്. ശെല്‍വിയും കൂട്ടരും വാനില്‍ കയറിയതുമുതല്‍ ലൈവ് റിപ്പോര്‍ട്ടിങ്. വന്ന വരവ് കണ്ടപ്പോള്‍ ‘പ്രബുദ്ധ’മലയാളികള്‍ കോള്‍മയിര്‍ കൊണ്ടുപോയി. ഒരു കൂട്ടം സ്ത്രീകള്‍ ഒന്നിച്ച് മല കയറുന്ന മോഹനദൃശ്യം സ്വപ്‌നത്തില്‍ കണ്ട് മുതലാളി ഇളകിയാടി. ശബരിമലയെ തകര്‍ത്തേ അടങ്ങൂ എന്ന് വാശി കെട്ടിയിറങ്ങിയ പിണറായി ബ്രാന്‍ഡ് രാഷ്‌ട്രീയത്തിന്റെ എച്ചിലുകഴിച്ചാണ് ജീവിതമെന്ന് പിന്നീട് ചെമ്പോലയും പൊക്കിപ്പിടിച്ചിറങ്ങിയപ്പോള്‍ മലയാളിക്ക് ഏറെക്കുറെ മനസ്സിലായതാണ്. മോന്‍സന്‍ മാവുങ്കലിനെപ്പോലുള്ളവരുടെ പുരാവസ്തു ശേഖരങ്ങളുടെ ചന്തവ്യാപാരം നടന്നത് ഈ ചാനല്‍ ഷോറൂമിലൂടെയായിരുന്നു. മുതലാളിയുടെ മൊത്തം ധര്‍മ്മസങ്കടങ്ങളും ചുമക്കുന്ന മറ്റൊരുവന്‍ മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുമായി സംസാരിച്ചത് നൂറിലേറെ തവണയാണ്. ഒരു കേസൊക്കെ അട്ടിമറിക്കാന്‍ പറ്റുംവിധം പതപ്പിക്കലും പുതപ്പിക്കലും തരാതരം നടത്താന്‍ പറ്റിയ ഇനങ്ങളാണ് ഇടവും വലവുമെന്ന് സാരം.
പഴയ സിനിമകളിലെ ജോസ് പ്രകാശിന്റെ കൊള്ള സംഘത്തിലെപ്പോലെ മൊട്ടയടിച്ചും അടിക്കാതെയും ബുള്‍ഗാന്‍ താടിവച്ചുമൊക്കെയാണ് കുപ്രസിദ്ധരായ റിപ്പോര്‍ട്ടര്‍മാര്‍ അദ്ദേഹത്തിന് ചുറ്റും നിന്നത്. ദോഷം പറയരുത്, ഇത്രയും എമണ്ടന്‍ ജനുസ്സില്‍ പെട്ട മാധ്യമപ്രവര്‍ത്തകരെ കിട്ടാന്‍ മാധ്യമ മുതലാളിമാര്‍ തപസ്സിരിക്കണം. കോമഡിക്ക് ക്ഷാമം വരുമ്പോഴാണ് ഒരു നിമിഷം കൊണ്ട് നിര്‍ത്താതെ മലയാളത്തില്‍ അലയ്‌ക്കണമെന്നതുപോലെയുള്ള മത്സര പരിപാടികള്‍ പുള്ളിക്കാരന്‍ പരീക്ഷിച്ചത്. അതൊരു വലിയ കലയാണെന്നും അതിലൂടെ വളരുന്ന കലാകാരന്മാര്‍(കാരികളും) ഭാവിയിലെ പ്രഗത്ഭ വാഗ്മികളാകുമെന്നും അദ്ദേഹം ഇന്‍ട്രോ ഇട്ടു. ആ പ്രതിഭകളിലൊരുവന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരനാണെന്ന് അറിഞ്ഞിട്ടും ഓണത്തിന് ബലൂണ്‍ പൊട്ടിക്കാനും പീപ്പിയൂതാനുമൊക്കെ അവസരം കൊടുത്തു. പ്രതിഭ ഇപ്പോള്‍ ജയിലിലാണ്. ചാനല്‍ മേധാവിയുടെ സാമൂഹ്യ പ്രബുദ്ധത സമ്മതിക്കണം.
തൃപ്പൂണിത്തുറയില്‍ ബിഎംഎസ് സംഘടിപ്പിച്ച വനിതാദിന സമ്മേളനം ഉദ്ഘാടനം ചെയ്തതിന് വനിതയായ ന്യൂസ് എഡിറ്ററെ പുറത്താക്കിയാണ് എംഡി വിധേയത്വം ആവര്‍ത്തിച്ച് അരക്കിട്ടുറപ്പിക്കുന്നത്. പ്രതിഷേധം കനത്തപ്പോള്‍ കാരണം വേറെയാണെന്ന വാദമാണ് ഉയര്‍ത്തുന്നത്. തമ്മില്‍ത്തല്ലും ഗോസിപ്പുമാണ് മാധ്യമപ്രവര്‍ത്തനമെന്ന് ധരിക്കുകയും ധരിപ്പിക്കുകയും ചെയ്യുന്ന ചാനല്‍ മേധാവിക്ക് ബിഎംഎസ് എന്താണ് എന്ന് അറിയാതെ പോകുന്നതില്‍ അതിശയമില്ല. ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനം, രാജ്യം ജി20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള തൊഴിലാളി സംഘടനകളെ നയിക്കാനും അവരെ ഒരുമിച്ച് ചേര്‍ക്കാനുമുള്ള ദൗത്യം ഏറ്റെടുത്ത എല്‍20യുടെ അമരക്കാര്‍. സംഘര്‍ഷത്തിന് അപ്പുറം സമന്വയത്തിന്റെ ദര്‍ശനമുയര്‍ത്തിയ, അധ്വാനം ആരാധനയാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയ, ദേശീയതയുടെ പ്രസ്ഥാനം. ബിഎംഎസിന്റെ വേദിയില്‍ തല ഉയര്‍ത്തിപ്പിടിച്ച് വന്നുപോയവരുടെ പകിട്ട് കക്ഷിരാഷ്‌ട്രീയത്തിന്റെ അടുക്കള നിരങ്ങികള്‍ക്ക് മനസ്സിലാകില്ല.
ഇതൊക്കെ കണ്ടാല്‍ കേരളത്തിലെ ദേശീയപ്രസ്ഥാനങ്ങളോട് മാര്‍ക്‌സിസ്റ്റ് അടിമയായി മാറിപ്പോയ ഒരു മാധ്യമ പ്രവര്‍ത്തകന് തോന്നാവുന്ന ചൊരുക്ക് ആര്‍ക്കും മനസ്സിലാകും. ബിഎംഎസ് പോലുള്ള സംഘടനകളുടെ വേദികളില്‍ ആരും പങ്കെടുക്കരുത്, പങ്കെടുത്താല്‍ പണി പോകും എന്ന മുതലാളിയുടെ തിട്ടൂരത്തിന് ഗോവിന്ദന്‍ സഖാവിന്റെ ജാഥയ്‌ക്ക് പോയില്ലെങ്കില്‍ നാളെ തൊഴിലുറപ്പിന് വരേണ്ടതില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്ന തനി ലോക്കല്‍ സഖാക്കളുടെ നാലാംകിട ഭീഷണിയുടെ വിലയേ ഉള്ളൂ.
പുറത്താക്കപ്പെട്ട വനിത ഈ വിഷയത്തില്‍ ആദ്യത്തെ ഇരയല്ല. കേസരി വാരിക കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് മുന്‍ എംഎല്‍എയും ലീഗ് നേതാവുമായ കെ.എന്‍.എ. ഖാദറിനെ ക്രൂശിക്കാനിറങ്ങിയതും ഇതേ വിധേയന്റെ ചാനല്‍ തന്നെയാണ്. പാല് നിറഞ്ഞ അകിടിനു ചുറ്റും ചോര മാത്രം മണത്തുനടക്കുന്ന ഒരു പ്രത്യേക ജനുസിലാണ് ഇത്തരക്കാരെ പെടുത്താനാവുക. പരിചയസമ്പന്നയായ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്ക് വനിതാദിനത്തില്‍ത്തന്നെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കിയ ഉത്തരവാദിത്ത കീചകന്മാര്‍ പത്താം തീയതി ഇറക്കിയ ഉത്തരവാണ് കേമം. ജീവനക്കാരാരും രാഷ്‌ട്രീയ പാര്‍ട്ടികളുടെയോ അനുബന്ധസംഘടനകളുടെയോ വേദികള്‍ പങ്കിടരുതു പോലും. ചൂട് വെള്ളത്തില്‍ കുളിക്കാമോ എന്ന് ഇമ്മാതിരി കീചകന്മാരോട് നേര്‍ക്കുനേര്‍ നിന്ന് ചോദ്യം ചെയ്യാന്‍ തന്റേടമില്ലാത്തവരാണ് വലിയ വായില്‍ മാധ്യമസ്വാതന്ത്ര്യം ഉദ്‌ഘോഷിക്കുന്നത്.
പുനലൂരില്‍ ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ സമ്മേളനത്തില്‍ പോയി കേന്ദ്രസര്‍ക്കാരിനെതിരെ പ്രസംഗിച്ച പാരമ്പര്യമുള്ളയാളാണ് മുതലാളി. ഫെഡറലിസവും മതേതതരത്വവും തകരുകയാണ് പോലും. മുതലാളിക്ക് എവിടെയുമാകാം… മറ്റുള്ളവര്‍ക്ക് പാടില്ല…. പഠിച്ച കോളജില്‍ ക്ലാസില്‍ കയറാതെ രാവിലെ മുതല്‍ വൈകിട്ട് വരെ കത്തിയടിച്ചിരുന്ന തന്നോട് ഒരു കൂട്ടുകാരന്‍ ‘നീ സംസാരിച്ച് സംസാരിച്ച് നാട് നശിപ്പിക്കുമല്ലോടെ’ എന്ന് തമാശ പറഞ്ഞതായി മുതലാളി ലോയേഴ്‌സ് യൂണിയന്‍ വേദിയില്‍ ചിരിച്ച് മറിഞ്ഞ് പറയുന്നുണ്ടായിരുന്നു… അതൊരു തമാശയേ അല്ലെന്ന് ഇദ്ദേഹത്തിന് എന്ന് മനസ്സിലാകുമോ!
ഇത്രയും കൂടി;
സിദ്ദീഖ് കാപ്പന്മാരുടെ പേര് കേള്‍ക്കുമ്പോള്‍മാത്രം അടിമുടി ഉശിര് പെരുത്തുകയറുന്ന പത്രപ്രവര്‍ത്തക യൂണിയനും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി പൊരുതാനിറങ്ങുന്ന വനിതാമാധ്യമകൂട്ടായ്മയുമൊക്കെ ഇപ്പോഴും ഞെളിഞ്ഞുനില്‍ക്കുന്നതിലാണ് അത്ഭുതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: