അഹമ്മദാബാദ്: ഇന്ന് ക്രിക്കറ്റ് ലോകത്തിന്റെ നോട്ടം അഹമ്മദാബാദിലും ക്രൈസ്റ്റ്ചര്ച്ചിലുമായിരുന്നു. ആരാകും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയുടെ എതിരാളികള്‍ എന്ന ആകാംക്ഷ. അഹമ്മദാബാദില്‍ ഓസീസും ഇന്ത്യയും സമനിലയില്‍ പിരിഞ്ഞപ്പോള്‍, ക്രൈസ്റ്റ്ചര്‍ച്ചില്‍ ശ്രീലങ്കയ്ക്കെതിരെ അവസാന പന്തില്‍ ജയം കണ്ട് ന്യൂസിലന്‍ഡ് ഒരു കാര്യം ഉറപ്പിച്ചു. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് എതിരാളികള്‍ ഇന്ത്യ.
തുടരെ രണ്ടാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യന്‍ മുന്നേറ്റം. 2021ലെ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് എട്ടു വിക്കറ്റിന് തോറ്റ് കിരീടം അടിയറവച്ച ഇന്ത്യക്ക് തിരിച്ചുപിടിക്കാനൊരു അവസരം. ഓസീസിന് ആദ്യ ഫൈനലിന്റെ ആവേശം. അഹമ്മദാബാദില്‍ തോല്‍വി മാത്രമേ ഇന്ത്യക്ക് തിരിച്ചടിയാകുമായിരുന്നുള്ളൂ.
സമനിലയിലായാല്‍ പോലും പ്രതീക്ഷയുണ്ടായിരുന്നു. ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയില്‍ രണ്ടിലും ജയിച്ചാല്‍ ശ്രീലങ്ക കലാശക്കളിക്ക് മുന്നേറുമായിരുന്നു. ഓസ്ട്രേലിയയ്ക്ക് 66.67 പോയിന്റും ഇന്ത്യക്ക് 58.80 പോയിന്റുമുണ്ട്. 55.56 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്. ലങ്കയ്ക്ക് 48.48 പോയിന്റ്. അടുത്ത ടെസ്റ്റില്‍ ജയിച്ചാലും അവര്‍ക്ക് 52.78 പോയിന്റേ ലഭിക്കു. ദക്ഷിണാഫ്രിക്കയുടെ ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ അവസാനിച്ചിരുന്നു.
ചാമ്പ്യന്‍ഷിപ്പ് മത്സരക്രമത്തിലുള്പ്പെട്ട ടെസ്റ്റുകളില്‍ ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കുമാണ് കൂടുതല്‍ വിജയങ്ങള്‍. ഓസ്ട്രേലിയയ്ക്ക് 11 ജയം, മൂന്ന് തോല്‍വി. ഇതില്‍ ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന് ടീമുകള്‍ക്കെതിരെ പരമ്പര നേടി. ലങ്കയോട് സമനിലയില്‍ പിരിഞ്ഞു, ഇന്ത്യയോട് തോറ്റു. ഇന്ത്യക്ക് 10 ജയം, അഞ്ച് തോല്‍വി. ന്യൂസിലന്‍ഡ്, ലങ്ക, ഓസ്ട്രേലിയ, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ പരമ്പര ജയം. ഇംഗ്ലണ്ടിനോട് സമനില, ദക്ഷിണാഫ്രിക്കയോട് തോല്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: