ക്രൈസ്ചര്‍ച്ച്: ശ്രീലങ്കയ്ക്കെതിരായി അവസാനപന്ത് ത്രില്ലറില്‍ ന്യൂസിലാന്‍ഡ് ടെസ്റ്റ് വിജയം കണ്ടതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിച്ചു. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക രണ്ട് വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യ ഔദ്യോഗികമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചത്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ചെങ്കില്‍ മാത്രമേ ശ്രീലങ്കയ്ക്ക് ഫൈനല്‍ പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിന്റെ ഫലം എന്തായാലും അതൊന്നും ഇനി ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തെ ബാധിക്കില്ല. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്. തോല്‍വിയോടെ ശ്രീലങ്കയുടെ പോയിന്റ് 52.78 എന്ന നിലയിലായി. ഇന്ത്യക്ക് നിലവില്‍ 56.94 പോയിന്റുണ്ട്. അഹമ്മദാബാദില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് പോരാട്ടം സമനിലയില്‍ അവസാനിക്കാനാണ് സാധ്യതയുള്ളത്. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ പോയിന്റ് 58.80 എന്ന നിലയിലായിരിക്കും.
ക്രൈസ്ചര്ച്ചില് 285 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡിനെ കെയ്ന്‍ വില്യംസണിന്റെ അപരാജിത സെഞ്ച്വറി ഇന്നിങ്സാണ് രക്ഷിച്ചത്. ഡാരില്‍ മിച്ചലും വില്യംസണും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 142 റണ്‍സ് കൂട്ടുകെട്ടിലാണ് ന്യൂസിലന്‍ഡ് മത്സരം സ്വന്തമാക്കിയയത്. മിച്ചലിന്റെ വിക്കറ്റ് വീണതിന് പിന്നാലെ കിവീസ് ബാറ്റര്‍മാര്‍ തുടരെ പുറത്തായെങ്കിലും വില്യംസണ് ഉറച്ചുനിന്നു. ഇതിനിടെ റണ്‍റേറ്റും ഉയര്‍ന്നു വന്നു. ഒടുവില്‍ അവസാന ഓവറില്‍ എട്ട് റണ്‍സെടുത്താണ് ന്യൂസിലന്‍ഡ് വിജയം തൊട്ടത്. അവസാന ഓവറിലെ നാലാം പന്ത് ബൗണ്ടറിയും അഞ്ചാം പന്ത് ഡോട് ബോളുമായതോടെ അവസാന പന്തില്‍ ഒരു റണ്‍സ് വേണമായിരുന്നു വിജയത്തിന്. റണ്‍ഔട്ട് ഡൈവിലൂടെ ഒഴിവാക്കിയാണ് വില്യംസണ് ന്യൂസിലാന്‍ഡിന് വിജയം സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: