തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായി കൊച്ചി നഗരത്തിന് ഇത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസഹായം എന്തുകൊണ്ട് അഭ്യര്ത്ഥിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ദുരഭിമാനം കൊണ്ടാണോ, അതോ ദേശീയ ശ്രദ്ധ വിഷത്തില്‍ വരുമെന്നത് കൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം ഒരു മണിക്കൂറിനകം ലഭ്യമാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ഇത്ര വലിയ ദുരന്തമുണ്ടായിട്ടും ജനങ്ങള്‍ക്ക് പ്രയാസങ്ങളുണ്ടാക്കിയിട്ടും എന്തുകൊണ്ടാണ് കേന്ദ്ര സഹായം അഭ്യര്‍ത്ഥിക്കാന്‍ സംസ്ഥാനം മടിക്കുന്നതെന്ന് പിണറായി വ്യക്തമാക്കണം. അഴിമതിയില്‍ തുടരന്വേഷണമുണ്ടാകുമെന്ന ഭയമാണോ പിണറായിക്കെന്നെന്നും സുരേന്ദ്രന് ചോദിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ചിട്ട് 12 ദിവസം പിന്നിട്ടുകഴിഞ്ഞു. എന്നിട്ടും പൂര്‍ണ്ണമായി തീയും പുകയും അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ജനങ്ങള്‍ക്കാണ് ഇതിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. സംസ്ഥാനം അടിയന്തിരമായി കേന്ദ്ര സഹായം തേടണം. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് പല സത്യങ്ങളും പുറത്തുവരാതിരിക്കാനാണെന്നും സുരേന്ദ്രന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: