കൊച്ചി : ബ്രഹ്മപുരത്തെ തീയില്‍ 95 ശതമാനവും കെടുത്തി കഴിഞ്ഞു. തീയും പുകയും ഏറെക്കുറേ നിയന്ത്രണ വിധേയമായതായി എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്.അഞ്ച് ശതമാനം ഭാഗത്തെ തീയണക്കായാനായി കൂടുതല്‍ മണ്ണുമാന്ത്രി യന്ത്രങ്ങളും അഗ്നിരക്ഷ യൂണിറ്റുകളും ഇവിടേക്ക് മാറ്റി കഴിഞ്ഞതായി ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ വൈറ്റില മേഖലയില്‍ പ്രവര്‍ത്തിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമാണ് സംവിധാനം. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്നിന് ബ്രഹ്മപുരത്തുനിന്ന് കടുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ മുതല്‍ 12ാം തീയതി വരെയുള്ള വിഡിയോ സഹിതമാണ് കളക്ടര്‍ സമൂഹമാധ്യമത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്നു തന്നെ പൂര്‍ണമായും പുക നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും ഉദ്യമം അവസാനിപ്പിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ച് കഴിഞ്ഞ 10 ദിവസമായി തുടര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെ 7 സെക്ടറുകളില്‍ 5 സെക്റ്ററുകള്‍ കഴിഞ്ഞ ദിവസം തന്നെ പൂര്‍ണമായും നിയന്ത്രണവിധേയമായിരുന്നു. തിങ്കളാഴ്ചയോടെ പൂര്‍ണമായും പുക നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും ഉദ്യമം അവസാനിപ്പിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്. തീ അണഞ്ഞ ഭാഗങ്ങളില്‍ വീണ്ടും തീയും പുകയും വമിക്കാനുള്ള സാധ്യതയുള്ളതിനാല്‍ നിരന്തര നിരീക്ഷണം നടത്തും. ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തില്‍ അഗ്നിശമന ഉപകരണങ്ങള്‍ സജ്ജമായിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തീ അണച്ച കൂനകളില്‍ ചെറിയ രീതിയില്‍ പോലും പുക ഉയരുന്നുണ്ടെങ്കില്‍ കണ്ടെത്താന്‍ പട്രോളിങ് സംഘം രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകള്‍ കണ്ടെത്തുന്നതിന് തെര്‍മല്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും. പുകയുടെ തോതിലുണ്ടായ ഗണ്യമായ കുറവ് വായു ഗുണ നിലവാര സൂചികയിലും പ്രതിഫലിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വായുവിന്റെ ഗുണനിലവാരം വലിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: