പുരോഗതിയിലും പരിഷ്കാരത്തിലും രാജ്യം ഏറെ മുന്നോട്ടു പോയെങ്കിലും പരമ്പരാഗതമായ കൃഷിയും, ചെറുകിട വ്യവസായവും, ചില്ലറ വ്യാപാരവും ചെറുകിട സംരംഭങ്ങളുമാണ് ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇന്നും താങ്ങി നിര്‍ത്തുന്നത്. മൊത്തം കൃഷിഭൂമിയില്‍ അമ്പത് ശതമാനത്തോളം നാം കൃഷിക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിലും മൊത്തം തൊഴില്‍ സേനയുടെ അമ്പത്തിയഞ്ച് ശതമാനവും ജോലി ചെയ്യുന്നത് കൃഷി മേഖലയിലാണ്. കാര്‍ഷികോത്പന്നങ്ങളുടെ വിതരണത്തിനും വ്യാപാരത്തിനുമാണ് രാജ്യത്തെ വലിയൊരു ശതമാനം വ്യാപാര കേന്ദ്രങ്ങളും വ്യാപൃതരായിരിക്കുന്നത്. സാധാരണ ചെറുകിട കച്ചവടക്കാരുടെ ഉന്നമനത്തിനും വ്യാപാരം സുഗമമാക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരു ചെറുകിട വ്യാപാരനയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
രാധാ കൃഷ്ണ ധമാനി എന്ന പ്രമുഖ വ്യാപാരിയും വ്യവസായിയും വിശിഷ്യാ വന്‍ നിക്ഷേപകനുമായ ധനികനാണ് ചെറുകിട കച്ചവടത്തിന് തുടക്കം കുറിച്ചത്. ഡിമാര്‍ട്ട് എന്ന ചില്ലറ വ്യാപാര ശൃംഖലയുടെ പിതാവായാണ് ബഹു ബില്യന്‍ ഡോളര്‍ ആസ്തിക്ക് ഉടമയായ ഈ കച്ചവടക്കാരന് അറിയപ്പെടുന്നത്. എന്നാല്‍ ഇന്ന് ചില്ലറ വ്യാപാരത്തിന്റെ തലപ്പത്തിരിക്കുന്നത് ലോക സമ്പന്നന്മാരില് മുന്‍പന്തിയിലുള്ള റിലയന്‍സാണ്. ഭാരതത്തിന്റെ ചില്ലറ വ്യാപാരരംഗമെന്നത് തീരെ ചെറുതല്ലാത്ത ഒന്നാണ്. 836 യുഎസ്ഡിയാണ് അതിന്റെ 2022 ലെ മൂല്യം. ഇതില്‍ എണ്‍പത് ശതമാനത്തിലേറെ പരമ്പരാഗത ചില്ലറ വ്യാപാരികളാണ്. ഇന്നും ഭാരതത്തിലെ ബഹുഭൂരിപക്ഷം ചെറുകിട വ്യാപാരികളും അസംഘടിത മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വ്യവസ്ഥാപിത പദ്ധതിയുടേയോ ചട്ടക്കൂടിന്റെയോ പുറത്തല്ല ഇവരുടെ പ്രവര്‍ത്തനം. പന്ത്രണ്ട് ശതമാനത്തോളം വരും സംഘടിത കച്ചവടക്കാരുടെ എണ്ണം. ഏകദേശം ആറര ശതമാനത്തോളം വരും പുതിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍ വ്യാപാരികള്‍.
മഹാമാരി സമയത്ത് ഏറെ ദുരിതത്തിലായ ചില്ലറ വ്യാപാരികള്‍ സര്‍ക്കാരിന്റെ നിര്‍ലോപമായ സഹകരണത്തോടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഭാരതത്തിലെ ഏകദേശം പതിമൂന്ന് ദശലക്ഷം പരമ്പരാഗതവും അല്ലാത്തതുമായ ചെറുകിട വ്യാപാരികളുടെ ഉന്നമനവും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പവും വര്‍ദ്ധിപ്പിക്കുക എന്നതാണ് പുതിയ വ്യപാര നയത്തിന്റെ ലക്ഷ്യം. റിലയന്‍സ് റീട്ടൈയിലില് തുടങ്ങി പതിമൂന്നോളം വരുന്ന വമ്പന്‍ ചില്ലറ വ്യാപാരികളും ഇതില്‍ ഉള്‍പ്പെടുന്നു.
വളരുന്ന ഓണ്‍ലൈന്‍ വ്യാപാരം
ചില്ലറ വ്യാപാരത്തില്‍ ആഗോളമായി ഭാരതത്തിന് അഞ്ചാം സ്ഥാനമാണുള്ളത്. മഹാമാരി സമയത്ത് ഏറെ ആശ്വാസമായ ഓണ്‍ ലൈന്‍ വ്യാപാരത്തില്‍ ഏകദേശം മുപ്പത് ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരത്തിനും ഇകോമേഴ്സിനും ഒരു വ്യാപാര നയം അത്യാവശ്യമാണ്. പരമ്പരാഗത ചില്ലറ വ്യാപാരവും ഓണ്‍ലൈന്‍ വ്യാപാരവും ഒത്തുചേര്‍ന്നുള്ള ഒരു സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. 225 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന വ്യാപാര സാധ്യതയാണ് ഓണ്‍ലൈന്‍ രംഗത്ത് ഭാരതം പ്രതീക്ഷിക്കുന്നത്. 2021ല്‍ ഏകദേശം 700 ഡോളര്‍ മൂല്യം കണക്കാക്കുന്ന ഭാരതത്തിന്റെ ചെറുകിട വ്യാപാരം 2030 ഓടെ രണ്ടു ട്രില്യണ്‍ യുഎസ്ഡിയിലേക്ക് യിലേക്ക് കുതിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതില്‍ 23 ശതമാനം ഇഅഏഞ നിരക്കില്‍ വാര്‍ഷിക വര്‍ദ്ധന രേഖപ്പെടുത്തുന്ന ഇ കോമേഴ്സിനു മാത്രം 350 ബില്യന്‍ ഡോളര്‍ വ്യാപാരമാണ് പ്രതീക്ഷിക്കുന്നത്.
അനന്ത സാധ്യതകളുള്ള ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടുള്ള വ്യാപാര നയമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. 2023-24 വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ഈ രംഗത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയുണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളായ മെയ്ക് ഇന്‍ ഇന്ത്യ, വോക്കല്‍ ടു ലോക്കല്‍ എന്നീ പരിപാടികളുടെ വിജയത്തിന് ചെറുകിട വ്യാപാര വികസനം അത്യാവശ്യമാണ്.
2017 ജൂലായ് മാസം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്ക് സേവന നികുതി ചെറുകിട വ്യാപാര സൗഹൃദമാക്കാന്‍ ഏറെ ശ്രദ്ധിക്കുകയുണ്ടായി. ആഗോള ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ ഭാരതം കൈവരിച്ച നേട്ടത്തിന്റെ പ്രയോജനം ചെറുകിട വ്യാപാരമേഖലയ്ക്കും ലഭ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. വ്യാപാരം ചെയ്യാനുള്ള എളുപ്പം വര്‍ദ്ധിപ്പിച്ചും സുതാര്യമായ വ്യവസ്ഥകള്‍ കൊണ്ടുവന്നുമാണ് ഈ രംഗത്തെ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
UPI അഥവാ Unifies Payment Interface എന്ന കേന്ദ്രസര്‍ക്കാരിന്റെ പണമിടപാട് സംവിധാനം വലിയ തോതിലാണ് ചെറുകിട കച്ചവടക്കാര്‍ക്ക് സഹായകമായത്. മഹാമാരിക്ക് ശേഷം യുപിഐ സംവിധാനം ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഏകദേശം ആറുമടങ്ങ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നോട്ട് നിരോധനത്തിന്റെ അനന്തര ഫലമെന്നോണം രാജ്യത്ത് നടപ്പിലാക്കാന്‍ സാധിച്ച Cashless Economy, കാശു രഹിത ഡിജിറ്റല്‍ പണമിടപാടിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയുണ്ടായി. സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കിയ ഈ സംവിധാനം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെട്ടത് ചെറുകിട വ്യാപാര മേഖലയ്ക്കാണ്.
ആത്മനിര്‍ഭര്‍ ഭാരത്
അന്താരാഷ്ട്ര വ്യപാരത്തിലെ ഭാരതത്തിന്റെ വളര്‍ച്ച കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് എന്ന പദ്ധതിയുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. പ്രത്യേകിച്ചും മഹാമാരിക്ക് ശേഷമുള്ള ഭാരതത്തിന്റെ വളര്‍ച്ചയും വികാസവും. വിദേശവിനിമയം വര്‍ദ്ധിപ്പിക്കുക, വിദേശനാണ്യം ശേഖരിക്കുക, അതു വഴി വ്യാപാരകമ്മി കുറയ്ക്കുക എന്നതാണ് ഭാരതത്തിന്റെ വ്യക്തമായ നയം. ഇത് ഭാരതത്തിന്റെ വ്യവസായ വളര്‍ച്ചയെ സഹായിക്കുന്ന ഘടകമാണ്. ഏഴ് ശതമാനത്തോളം ഉയര്‍ന്നു നില്ക്കുന്ന നമ്മുടെ തൊഴിലില്ലായ്മയ്ക്ക് അറുതിവരുത്താനും യുവാക്കള്‍ക്ക് മതിയായ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യാനും ആഭ്യന്തര ഉത്പാദനവും കയറ്റുമതിയും നാം വര്‍ദ്ധിപ്പിക്കണം.
സര്‍ക്കാരിന്റെ പുതിയ വിദേശ വ്യാപാരനയം 2021-26, മഹാമാരിയുടെ മഹാ ദുരന്തത്തില്‍ നിന്നും കരകയറാന്‍ മാത്രമല്ല, ഭാരതത്തിന്റെ ചിരകാല മോഹമായ അഞ്ച് ട്രില്യന്‍ ഡോളര്‍ സാമ്പത്തിക ശക്തി എന്ന ലക്ഷ്യം കൈവരിക്കാനും അത്യാവശ്യമാണ്. ഡിജിറ്റല്‍ വികസനത്തില്‍ ഒരു ട്രില്യന്‍ ഡോളര്‍ എന്ന അവസ്ഥയാണ് ഭാരതം ലക്ഷ്യമിടുന്നത്. നമ്മുടെ വ്യാപാരവും വ്യവസായവും വര്‍ദ്ധിപ്പിക്കുന്നതില്‍ എംഎസ്എംഇ അഥവാ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കാണ് വഹിക്കാനുള്ളത്. ഈ വിഭാഗം വ്യവസായങ്ങള്‍ നേടുന്ന വിദേശനാണ്യം ഈ രംഗത്തെ പുഷ്ടിപ്പെടുത്തുകയും, പ്രാദേശിക ആവശ്യകതയെ പ്രചോദിപ്പിക്കുകയും, സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.
അതുകൊണ്ടു തന്നെ സര്‍ക്കാര്‍ കൊണ്ടുവരുന്ന വ്യവസായ നയം ചെറുകിട വ്യാപാരത്തെയും വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുകയും, വ്യവസായം ചെയ്യാനുള്ള എളുപ്പം വര്‍ദ്ധിപ്പിക്കുകയും, അതിര്‍ത്തി കടന്നുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആഗോള കമ്പോളത്തില്‍ മാറ്റുരയ്ക്കാന്‍ പോരുന്ന മത്സരക്ഷമതയും, ഗുണനിലവാര മേന്മയും കൈവരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഈ മേഖലയെ സഹായിക്കേണ്ടതാണ്. ഭാരതത്തിലെ ചെറുകിട വ്യാപാര ഉപഭോക്താക്കളില്‍ ഏറിയ പങ്കും വനിതകളും വീട്ടമ്മമാരുമാണ്. അന്താരാഷ്ട്ര വനിതാ ദിനം പോലുള്ള ആഘോഷ വേളകള്‍ ചെറുകിട കച്ചവടത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും പ്രയോജനപ്പെടുത്താനാണ് സര്‍ക്കാരും ബന്ധപ്പെട്ടവരും ആലോചിക്കുന്നത്. വിലക്കുറവും ഗുണമേന്മയുമാണ് വീട്ടമ്മമാര്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്നും ഉത്പാദകരിലേയ്ക്കുള്ള ഒരു മാറ്റം വനിതകളില്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വനിതാ വിഭാഗത്തെ വ്യവസായ സംരംഭങ്ങളില്‍ ആകര്‍ഷിക്കത്തക്ക രീതിയിലുള്ള ഒരു നയരൂപീകരണമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ആത്മനിര്‍ഭരതയുടെ അടിസ്ഥാനത്തിലൂള്ള അമൃതകാലത്തേക്കുള്ള ഭാരതത്തിന്റെ വികസനക്കുതിപ്പിന് പുതിയ വ്യാപാര നയം സഹായിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: