കോട്ടയം: നിരന്തരമുള്ള പരാതികളെ തുടര്‍ന്ന് മാംസാഹാരവില്പന നടത്തുന്ന സ്ഥാപനങ്ങളില്‍ പരിശോധനയ്ക്കായി രൂപീകരിച്ച ‘ഓപ്പറേഷന് ഷവര്‍മ്മ’യില്‍ പിഴയിട്ടത് 36,42,500 രൂപ. 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ നടന്ന പരിശോധനയിലാണ് നടപടി. 8224 പരിശോധനകള്‍ നടത്തി 1081 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
ഷവര്‍മ്മയുമായി ബന്ധപ്പെട്ട് 2023 ജനുവരി ഒന്ന് മുതല്‍ 22 വരെ 6689 പരിശോധനകള്‍ നടന്നു. 218 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 1114 സര്‍വയിലന്‍സ് സാമ്പിളുകളും ശേഖരിച്ചു. 317 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. 834 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 902 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസ് നല്കി.
ഷവര്‍മ്മ വില്പന നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് നിരന്തരം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഓപ്പറേഷന് ഷവര്‍മ്മയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഇതിന്റെ ഭാഗമായാണ് രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഷവര്‍മ്മ ട്രക്കുകള്‍, ഷവര്‍മ്മ വില്പന നടത്തുന്ന ഭക്ഷ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തുന്നത്.
വില്ലന്‍ പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ്
ഷവര്‍മ്മയുടെ ഒപ്പം നല്കുന്ന മയോണൈസ് പച്ച മുട്ട ഉപയോഗിച്ച് നിര്‍മിച്ചാല്‍, സൂഷ്മാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വെജ് മേയാണൈസ് അല്ലെങ്കില്‍ പാസ്ച്യുറൈസ്ഡ് മുട്ട ഉപയോഗിച്ച് മാത്രമേ മയോണൈസ് നിര്‍മിക്കാന്‍ പാടുള്ളുവെന്നാണ് നിര്‍ദേശം.
വേണം കൂടുതല്‍ അനലിറ്റിക്കല്‍ ലാബുകള്‍
ഇറച്ചിയിലെയും മറ്റ് ഭക്ഷണപദാര്ത്ഥങ്ങളിലെയും സൂക്ഷ്മാണുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ ജില്ലാ അടിസ്ഥാനത്തില്‍ അനലിറ്റിക്കല്‍ ലാബുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴില്‍ ഭക്ഷ്യോത്പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മേഖലാടിസ്ഥാനത്തിലാണ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് അനലറ്റിക്കല്‍ ലാബുകള്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലേത് തിരുവനന്തപുരത്തും, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലേത് എറണാകുളത്തും, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലേത് കോഴിക്കോട്ടും പ്രവര്‍ത്തിക്കുന്ന ലാബുകളിലാണ് പരിശോധന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: