കൊല്ലം: പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് വില്‍പ്പന മേഖല കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന ആശയത്തെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനുകളില്‍ ആരംഭിച്ച ‘ഒരു സ്റ്റേഷനില്‍ ഒരു ഉല്‍പ്പന്നം’ പദ്ധതി ദക്ഷിണ റെയില്‍വെ മേഖലയില്‍ വന്‍ വിജയം. ഇതേ തുടര്‍ന്ന് ദക്ഷിണ റെയില്‍വെയുടെ കീഴിലുള്ള മുഴുവന്‍ സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
പ്രാദേശിക കൈത്തൊഴില്‍ വ്യവസായങ്ങളെ സഹായിക്കുക, കൈത്തറി, കരകൗശല ഉത്പന്നങ്ങള്‍ക്ക് വിതരണ ശൃംഖല സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. 2022-23ലെ കേന്ദ്രബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് പൈലറ്റ് പദ്ധതിയായി ദക്ഷിണ റെയില്‍വെയിലെ ആറു ഡിവിഷനുകളില്‍ 94 സ്റ്റേഷനുകളിലാണ് തുടക്കമിട്ടത്. ഈ സ്റ്റാളുകളിലൂടെ കഴിഞ്ഞ ഒരു വര്‍ഷം 7.64 കോടിരൂപയുടെ വില്‍പ്പന നടന്നു. പദ്ധതി വന്‍ വിജയമായതിനെ തുടര്‍ന്ന് ആറു ഡിവിഷനിലെ 483 സ്റ്റേഷനുകളിലേക്കാണ് വ്യാപിപ്പിക്കുന്നത്.
ചെന്നൈ ഡിവിഷന്‍-133, മധുര-95, തിരുച്ചിറപ്പള്ളി-93, തിരുവനന്തപുരം-65, പാലക്കാട്-56, സേലം-41 സ്റ്റേഷനുകളില്‍ വില്‍പ്പന ശാലകള്‍ തയാറാക്കും. പ്രാദേശിക കരകൗശല വസ്തുക്കള്‍, കൈത്തറി, തുണിത്തരങ്ങള്‍, ഗോത്രവര്‍ഗ ഉല്‍പ്പന്നങ്ങള്‍, ഭവനങ്ങളില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍, സ്വയംസഹായ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് സ്റ്റാളുകളിലൂടെ വില്‍പ്പന നടത്തിയത്.
സ്വയംസഹായ സംഘങ്ങളാണ് കൂടുതല്‍ സ്ഥലത്തും സ്റ്റാളുകള്‍ ഏറ്റെടുത്തു നടത്തിയത്. യോഗ്യരായ അപേക്ഷകന് റെയില്‍വെയില്‍ 1000രൂപ അടച്ചാല്‍ 15 ദിവസത്തേക്ക് ഒരു താല്‍ക്കാലിക സ്റ്റാളോ കിയോസ്‌കോ അനുവദിക്കുന്നതാണ് പദ്ധതി. രാജ്യത്ത് ആകെ 535 സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ ഒരു സ്റ്റേഷന്‍ ഒരു ഉല്‍പ്പന്നം പദ്ധതി ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: