കോഴിക്കോട്: ഐജിഎസ്ടിയെക്കുറിച്ച് സംസ്ഥാനത്തിന്റെ പക്കല്‍ കണക്കൊന്നുമില്ലെന്നും കേന്ദ്രം തരുന്നില്ലെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞത് നുണയോ. കേരളത്തില്‍ കണക്കുണ്ട്, കിട്ടാനുള്ളത് 4646 കോടി രൂപയാണ്. ഇത് സംബന്ധിച്ച് കൊച്ചി ജിഎസ്ടി കമ്മിഷണറേറ്റില്‍നിന്ന് കിട്ടിയ വിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കണക്കുകള്‍ എല്ലാം കൃത്യമായി ലഭ്യവുമാണ്.
നിയമസഭയില്‍ മന്ത്രി ബാലഗോപാല്‍ ഈ വിഷയത്തില്‍ നല്കിയ മറുപടി ശരിയോ എന്ന് പാര്‍ലമെന്റില്‍ എംപി എന്‍.കെ. പ്രേമചന്ദ്രന് കേന്ദ്ര ധനമന്ത്രിയോട് വിവരം ആരാഞ്ഞിരുന്നു. മന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞ മറുപടി വലിയ ചര്‍ച്ചയാകുകയും വിവാദമാകുകയും ചെയ്തു. എന്നാല്‍, ഐഡിഎസ്ടി കാര്യത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി ബാലഗോപാലിനെതിരേ പ്രതിപക്ഷം മിണ്ടിയില്ല. ഇപ്പോള്‍ വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരി സമ്പാദിച്ച ഔദ്യോഗിക രേഖ പ്രകാരം മന്ത്രി ബാലഗോപാലിന്റെ മറുപടി തെറ്റാണെന്ന് വ്യക്തമാകുകയാണ്. ഐജിഎസ്ടി ഇനത്തില്‍ കൊച്ചി കമ്മിഷണറേറ്റ് പരിധിയില്‍ 2017-2018 മുതല്‍ 2021-22 വരെ ലഭിച്ചത് 11,062 കോടി രൂപയാണ്.
15-ാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശ പ്രകാരം കേരളത്തിന് നികുതിയുടെ 42 ശതമാനം ലഭിക്കണം. അങ്ങനെവരുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 4646 കോടി രൂപയാണ്. ഈ കണക്ക് ഐജിഎസ്ടിയുടെ കൊച്ചി കമ്മിഷണറേറ്റില്‍നിന്ന് ലഭിക്കുമെങ്കില്‍ സംസ്ഥാന ധനമന്ത്രിക്ക് കിട്ടുന്നില്ല, അറിയിക്കുന്നില്ല എന്നു പറയുന്നത് അസത്യം, അല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിലെ പിഴവ് ആണ് കാരണമെന്ന് ധനകാര്യ-ഭരണ നിര്‍വഹണ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസിന്റെ കൊച്ചി കമ്മിഷണറുടെ ഓഫീസ് നല്കിയ മറുപടിയിലെ വിവരങ്ങള്‍ ഇങ്ങനെയാണ്. വര്‍ഷം, നികുതി എന്ന ക്രമത്തില്‍- 2017-18 സാമ്പത്തിക വര്‍ഷം: 1340 കോടി, 2018-19: 1927, 2019-20: 2489, 2020-21: 2166, 2021-22: 3140.
പ്രതികരിക്കാൻ ഇവിടെ എഴുതുക: