സുഗതന് എല്‍.ശൂരനാട്
ഈ കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഒരു മലയാളി ബാലനുണ്ട്. ഒറ്റ ദിവസം കൊണ്ട് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടേയുമൊക്കെ വാത്സല്യനിധിയായി മാറിയ അനുഗ്രഹീത കലാകാരന് ആദിത്യന് സുരേഷ്. ഈ പതിനാറു വയസുകാരനാണ് ഇപ്പോള്‍ രാജ്യത്തിന്റെയും സ്വന്തം നാടിന്റെയും അഭിമാനപാത്രമായി മാറിയിരിക്കുന്നത്. ഈ വര്‍ഷത്തെ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാല പുരസ്കാര്‍ ലഭിച്ച ഏക മലയാളി. കേരളത്തില്‍ നിന്നും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 35,000 പ്രതിഭകളായ കുട്ടികളില്‍ നിന്നാണ് ആദിത്യന് എന്ന ആദിത്യ സുരേഷ് ഈ നേട്ടം നേടിയത്.
കൊല്ലം പോരുവഴി രഞ്ജിനി ഭവനത്തില്‍ ഫാബ്രികേറ്ററായ സുരേഷിന്റെയും വീട്ടമ്മയായ രഞ്ജിനിയുടെയും ഇളയ മകന് പതിനാറ് വയസുകാരനായ ആദിത്യന് സുരേഷ് തന്റെ ശാരീരിക പരിമിതികളെ സംഗീതം കൊണ്ട് തോല്പിച്ച കൊച്ചു മിടുക്കനാണ്. കോവിഡ് കാലത്ത് വീട്ടില്‍ വെറുതെ ഇരുന്ന് പാടിയ ഇളയരാജയുടെ ‘മലരേ മൗനമാ…’ എന്ന് തുടങ്ങുന്ന ഗാനം അന്ന് മുതല്‍ ഇന്നുവരെയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി നില്ക്കുന്നു. അമ്മ രഞ്ജിനിയാണ് ഇത് ആദിത്യന്റെ പേജില്‍ അപ്ലോഡ് ചെയ്തത്. വെറും നാലു ദിവസംകൊണ്ട് ഈ പാട്ട് ആസ്വദിച്ചവര്‍ എണ്‍പത്തഞ്ച് ലക്ഷത്തോളമാകുന്നു. മലേഷ്യ, ഫ്രാന്‍സ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.
ശൈശവ കാലം ആദിത്യനും കുടുംബാംങ്ങള്‍ക്കും വേദനയുടെയും ആശങ്കകളുടെയും കാലഘട്ടമായിരുന്നു. അമ്മ രഞ്ജിനി തന്റെ രണ്ടാമത്തെ കുട്ടിയെ പ്രസവിക്കുമ്പോള്‍ ഒരിക്കല്‍ പോലും ചിന്തിച്ചില്ല അത് ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന്. ശരീരത്തിനേക്കാള്‍ വലിപ്പമുള്ള തലയും ശരീരത്തിനോട് പറ്റിപ്പിടിച്ചുള്ള കൈകാലുകളും കണ്ടപ്പോള്‍ ആ അമ്മ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരഞ്ഞുപോയി. തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ക്കും ചികിത്സകളും. തലമുറകള്‍ക്ക് മുന്‍പുള്ള ജനറ്റിക് പ്രതിഭാസമാണിതെന്നും ചികില്‍സിച്ച ഡോക്ടര്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ ഒരുപക്ഷേ കേള്‍വിയോ കാഴ്ചയോ നഷ്ടപ്പെടുമെന്നും ആജീവനാന്തം ഇങ്ങനെ കിടക്കുകയോ ചെയ്യാമെന്ന് ഡോക്ടര്‍ മുന്നറിയിപ്പും നല്കി.
മുപ്പത്തഞ്ചാം ദിവസം ഒരു തിരുവോണനാളില്‍ ആണ് ആദ്യമായി ആദിത്യനെ തലനനച്ചു കുളിപ്പിക്കുന്നത്. രണ്ട് വയസുവരെ ഒരേ കിടപ്പായിരുന്നു. മറ്റ് കുട്ടികള്‍ ഈ പ്രായത്തില്‍ ഇരിക്കുകയും പിടിച്ചുനില്‍ക്കുകയും ചെയ്യുമ്പോള്‍ ആദിത്യന് ഒന്നും ചെയ്യാതെ ഒരേ കിടപ്പായിരുന്നു. ആദിത്യന്റെ രക്ഷിതാക്കളുടെ ഉള്ളിലെ തീ അപ്പോഴും ആളിക്കത്തി. എന്നാല്‍ രണ്ട് വയസിനു ശേഷം തറയില്‍ കിടന്ന കുട്ടി കിടക്കുന്ന സ്ഥലത്ത് വട്ടം കറങ്ങുന്ന ഒരു കാഴ്ച്ച വീട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞു. അവന്റെ ഓരോ നിമിഷങ്ങളും വീക്ഷിച്ചുകൊണ്ടിരുന്ന വീട്ടുകാര്‍ക്ക് അതൊരാശ്വാസവും അത്ഭുതവുമായി. പക്ഷേ ആ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല. കറങ്ങുകയും കൈകാലുകളിട്ടടിക്കുവാനും തുടങ്ങിയ കുഞ്ഞിന്റെ കാലിലെയും കൈകളിലെയും അസ്ഥി ഒടിയുവാന്‍ തുടങ്ങി.
ഇങ്ങനെ കറങ്ങുന്ന കൂട്ടത്തില്‍ ടിവിയിലെ പരിപാടികള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി. അമ്മൂമ്മയുടെ മടിയില്‍ ചാരിയിരുന്ന് ടിവിയിലെ പാട്ടുകള്‍ ശ്രദ്ധിക്കുവാനും തുടങ്ങി. നല്ല സ്ഫുടമായ ഭാഷയില്‍ സംസാരിക്കുവാനും ആരംഭിച്ചു.
കുട്ടിയുടെ വളര്‍ച്ചയിലും വിദ്യാഭ്യാസത്തിലും ആശങ്കയിലായിരുന്ന വീട്ടുകാരുടെ മുന്നിലേക്ക് ദൈവദൂതരെപോലെ അടൂര്‍ ബിആര്‍സിയിലെ അദ്ധ്യാപകര്‍ അക്ഷരം പഠിപ്പിക്കുവാനെത്തി. വീടിന് സമീപമുള്ള സ്കൂളിലെ ആദിത്യന്റെ ക്ലാസിലെ 24 കുട്ടികളും ക്ലാസ് അധ്യാപകനും ശാസ്താംകോട്ട ബിആര്‍സിയിലെ ടീച്ചേഴ്സും എല്ലാ ആഴ്ചയിലും ഒരു ദിവസം ആദിത്യനോടൊപ്പം ചെലവിടാന്‍ ആരംഭിച്ചു.
ഈ കാലഘട്ടത്തിലാണ് ടിവിയില്‍ സ്ഥിരം കേള്‍ക്കുന്ന പാട്ടുകള്‍ക്കൊപ്പം ആദിത്യന് കിടന്നുകൊണ്ട് ഈണം മൂളുകയും ചുണ്ടനക്കുകയും ചെയ്യുന്നത് കാണാനിടയായത്. അഞ്ചു വയസ്സ് പൂര്‍ത്തിയാകുന്ന സമയത്താണ് അത്ഭുതകരമായ ആ സംഭവം. അതുവരെ മൂളിപാട്ടും ചുണ്ടനക്കും മാത്രമായി കിടന്നിരുന്ന ആദിത്യന് ആദ്യമായി വീട്ടിലെ എല്ലാവരും കേള്‍ക്കെ പാടി. എഴുതാനോ വായിക്കാനോ അറിഞ്ഞുകൂടാത്ത ആദിത്യത്തിനില് നിന്നുണ്ടായ ഈ ആദ്യാനുഭവം അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി.
രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പോകാതിരുന്ന സമയത്ത് വീട്ടിലിരുന്ന് സ്വയം അക്ഷരങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു. നാലാം ക്ലാസില്‍ പ്രവേശിക്കുന്നതിന് മുന്‍പേ എഴുതാനും വായിക്കാനും പഠിച്ചു. സ്കൂളിലെ വാര്‍ഷികത്തിന് ‘മിടു മിടു മിടുക്കന് മുയലച്ചന്…’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ട് തന്റെ സംഗീത ജീവിതത്തിലെ ആദ്യത്തെ സമ്മാനം ഏറ്റുവാങ്ങി. അഞ്ചാം ക്ലാസില്‍ ആദ്യമായി മത്സരവേദിയില്‍ കയറി. എത്ര കഠിനമായ വരികളും സ്ഥിരമായി കേള്‍ക്കുന്നതിലൂടെ ഹൃദിസ്ഥമാക്കുകയാണ് ചെയ്യുന്നത്. ഇത് മനസിലാക്കിയ ടീച്ചര്മാര് ശാസ്ത്രീയ സംഗീതം പഠിപ്പിക്കാന്‍ പറഞ്ഞു.
കടമ്മനിട്ട രാമകൃഷ്ണന്റെ അനുസ്മരണത്തോടനുബന്ധിച്ച്, അച്ഛന് സുരേഷിന്റെ ജന്മദേശമായ പന്തളത്ത് സംഘടിപ്പിച്ച കവിതാലാപന മത്സരമായിരുന്നു ആദിത്യന്റെ ആദ്യത്തെ പൊതുവേദി. ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. പൊതുവേദിയില്‍ അവതരിപ്പിക്കപ്പെട്ട ഈ പരിപാടികള്‍ ന്യൂസ് ചാനലുകള്‍ ഒപ്പിയെടുത്തു. അങ്ങനെയാണ് നാട്ടിലെ സാമൂഹിക രാഷ്ട്രീയ പരിപാടികളില്‍ ആദിത്യന് ഒഴിച്ചുകൂടാന്‍ പറ്റാത്ത തരമായി മാറിയത്.
ഇതിനോടകം ആദിത്യന്റെ വീട്ടിലെത്താത്ത ചാനലുകളില്ല എന്നു തന്നെ പറയാം. അത്രയ്ക്കും താരപൊലിമയാണ് ഈ കൊച്ചു കലാകാരന്. ~വേഴ്സ് കോമഡി ഉത്സവം, മഴവില്‍ മനോരമയിലെ തകര്‍പ്പന്‍ കോമഡി, ഏഷ്യാനെറ്റിലെ സകലകലാ വല്ലഭന് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലെ മത്സങ്ങളില്‍ ആദിത്യന് കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.
ആറ് വര്‍ഷംകൊണ്ട് ആയിരത്തില്‍ പരം വേദികളില്‍ പാടിയിട്ടുണ്ട്. ഒരു ക്രിസ്തുമസ് ആല്‍ബത്തിലും രണ്ട് ടെലി ഫിലിമിലും ഒരു സിനിമയിലും പാടാന്‍ അവസരം കിട്ടിയിട്ടുണ്ട്. ആദ്യ സിനിമയിലെ പാട്ടിന്റെ വരികള്‍ വെറും നാലുമണിക്കൂറിനുള്ളില്‍ കാണാതെ പഠിക്കുകയും ചിട്ടപ്പെടുത്തിയ ഈണത്തില്‍ റെക്കോര്‍ഡിങ് പൂര്‍ത്തീകരിക്കുകയും ചെയ്തു. ആദ്യ പ്രതിഫലമായി 10000 രൂപയും ലഭിച്ചു. ഇത് വലിയ ഭാഗ്യമായിട്ടാണ് ആദിത്യനും വീട്ടുകാരും കരുതുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല പുരസ്കാരം, സുഗതവനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രതിഭാപ്പട്ടം അവാര്‍ഡ്, ഡോ. അബ്ദുല്‍കലാം ബാലപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ദേശീയ ബാലതരംഗം ശലഭമേളയുടെ ശലഭ രാജ പുരസ്കാരം ലഭിക്കുകയുണ്ടായി. കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മലയാളം പദ്യം ചൊല്ലലിനു എ ഗ്രേഡും ജില്ലാ കലോത്സവത്തില്‍ സംസ്കൃതം പദ്യം ചൊല്ലല്‍, സംസ്കൃതം ഗാനാലാപനം, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങള്‍ക്ക് രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടാക്കിയ തന്റെ ഫേസ്ബുക്ക് പേജില്‍ ഇപ്പോള്‍ ലക്ഷങ്ങളാണ് ഫോളോവേഴ്സ് ആയിട്ടുള്ളത്. സംഗീത രംഗത്തെ പ്രമുഖരെല്ലാം ഗ്രൂപ്പില്‍ അംഗങ്ങളാണ്. ഇപ്പോള്‍ ടിക്ടോക്കിലും ഒരു കൈ നോക്കുകയാണ് താരം. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷമുണ്ടായ കാര്യമേതെന്ന ചോദ്യത്തിന് ആദിത്യന്റെ മറുപടി ഇങ്ങനെ: ”പന്തളം വലിയ കോയിക്കല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ആണ് എന്റെ ആദ്യത്തെ സ്റ്റേജ് ഷോ നടന്നത്. അവിടെ കവിത ആലപിച്ചതിന് പന്തളം കൊട്ടാരത്തിലെ ഇപ്പോഴത്തെ രാജാവ് ശശിവര്‍മ്മ തമ്പുരാന്, അദ്ദേഹത്തിന് ശബരിമലയില്‍ നിന്നും ലഭിച്ച ഒരു കിരീടം എനിക്ക് സമ്മാനമായി തന്നു. ഇപ്പോഴും ഞാന്‍ അത് പൊന്നുപോലെ സൂക്ഷിക്കുന്നു.”
വളര്‍ന്ന് വരുമ്പോള്‍ ആരാകണം എന്ന ചോദ്യത്തിന് ”നല്ല ഒരു പാട്ടുകാരന് ആകണമെന്നാണ് എന്റെ മനസിലെ വലിയ ആഗ്രഹം. ഒരു സംഗീത വിദ്യാലയം തുടങ്ങണമെന്നും മോഹമുണ്ട്. പ്രയാസത്തിലും വിഷമത്തിലും കഴിയുന്നവരെ സഹായിക്കണമെന്നാണ് മറ്റൊരാഗ്രഹം.” നമുക്ക് പ്രാര്‍ത്ഥിക്കാം ആദിത്യന്റെ ആ വലിയ ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: