ആലപ്പുഴ: കേന്ദ്രസര്‍ക്കാരിനെ ആക്ഷേപിക്കാനും സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധിക്കാനും നടത്തുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്ര മൂന്നാഴ്ച പിന്നിട്ടപ്പോള്‍ പാര്‍ട്ടി പ്രതിരോധ യാത്രയായി മാറി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും സംഘാംഗങ്ങളുടെയും പ്രസംഗങ്ങളും, പത്രസമ്മേളനങ്ങളും പാര്‍ട്ടിയെ പ്രതിരോധിക്കുന്നതില്‍ ഒതുങ്ങുകയാണ്. തുടക്കത്തിലെ രണ്ടാഴ്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് യാത്രയില്‍ പങ്കാളിയാകുമോ എന്ന ചോദ്യത്തില്‍ യാത്ര മുങ്ങി.
തൃശ്ശൂരില്‍ ജയരാജന് പങ്കെടുത്തെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനേയും, അദ്ദേഹത്തിന്റെ കുടുംബത്തെയും പുകഴ്ത്തി മടങ്ങി. മൈക്ക് സെറ്റ് വിവാദം മുതല്‍, ഏഷ്യാനെറ്റിലെ അക്രമം, ബ്രഹ്മപുരം മാലിന്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ മറുപടി പറയേണ്ട ഗതികേടിലായി യാത്ര. സ്വപ്നയുടെ വെളിപ്പെടുത്തലോടെ യാത്ര പൂര്‍ണമായും സ്വര്‍ണക്കടത്തിലും, ലൈഫ് അഴിമതിയിലും മുങ്ങി. സ്വപ്നയ്ക്കെതിരെ താന്‍ കേസ് കൊടുക്കുമെന്ന ഗോവിന്ദന്റെ പ്രസ്താവന, ഫലത്തില്‍ കൊണ്ടത് പിണറായി വിജയനും. തോമസ് ഐസക്കിനും, കടകംപള്ളി സുരേന്ദ്രനുമാണ്.
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സിപിഎം ഏത് യാത്ര നടത്തിയാലും പിണറായി വിജയനെ ബിംബവത്കരിക്കുന്നതാണ് പതിവ്, പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും, പിന്നീട് മുഖ്യമന്ത്രിയായിരുന്നപ്പോഴും പിണറായിയുടെ കൂറ്റന്‍ കട്ടൗട്ടുകളും, പോസ്റ്ററുകളുമാണ് നിറയുക. എന്നാല്‍ ഗോവിന്ദന്റെ യാത്രയില്‍ നിന്ന് പിണറായിയെ പൂര്‍ണമായും ഒഴിവാക്കി. ജാഥാക്യാപ്റ്റന്റെയും, അംഗങ്ങളുടെയും ചിത്രങ്ങളും കട്ടൗട്ടുകളും മാത്രമാണുള്ളത്. കോടിയേരി ബാലകൃഷ്ണന് സെക്രട്ടറിയായിരുന്നപ്പോള്‍ കടിഞ്ഞാണ്‍ പിണറായി വിജയനായിരുന്നു. ആ കാലഘട്ടത്തില്‍ നിന്ന് മാറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലേക്ക് പാര്‍ട്ടി പൂര്‍ണമായി എത്തുന്നു എന്നതിന്റെ പ്രകടമായ മാറ്റമാണ് ഇതെന്നാണ് പാര്‍ട്ടി അണികള്‍ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്ത് പാര്‍ട്ടി ഏറ്റവും കൂടുതല്‍ വിഭാഗീയ പ്രശ്നങ്ങള്‍ നേരിടുന്ന ആലപ്പുഴ ജില്ലയില്‍ യാത്ര ഇന്ന് പ്രവേശിക്കും. ജില്ലാ സെക്രട്ടറി ആര്. നാസറിന്റെയും, സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാന്റെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലാണ് ജില്ലയില്‍ ഏറ്റുമുട്ടുന്നത്. ജി. സുധാകരന് പാര്‍ട്ടിയില്‍ അപ്രസക്തനായെങ്കിലും, എം.വി. ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായതോടെയാണ് നാസര്‍ പക്ഷം കരുത്തുകാട്ടി തുടങ്ങിയത്. പാര്‍ട്ടി നേതാക്കളുടെ പോപ്പുലര്‍ഫ്രണ്ട് ബന്ധം, ഏരിയ നേതാവിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ലഹരിക്കടത്ത്. പാര്‍ട്ടി പ്രവര്‍ത്തകരായ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സംഭവും, നൂറുകണക്കിന് പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോക്ക് തുടങ്ങിയ വിവിധ വിഷയങ്ങളില്‍പ്പെട്ട് ഉഴലുകയാണ് ജില്ലയിലെ സിപിഎം. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ ചുറ്റിപ്പറ്റിയുള്ള പ്രാദേശിക നേതാക്കളാണ് ആരോപണ വിധേയര്‍.
ചെറിയനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ ഉയര്‍ന്ന പോപ്പുലര്‍ഫ്രണ്ട് ബാന്ധവ ആരോപണവും പ്രവര്‍ത്തകരുടെ കൂട്ടരാജിയും ജില്ലാ സെക്രട്ടറി ആര്. നാസര്‍ സ്ഥിരീകരിച്ചു. പരാതിയുണ്ടെന്നും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും വ്യക്തമാക്കി. ഇതുള്‍പ്പടെ ലഹരിക്കടത്ത്, വിഭാഗിയത തുടങ്ങിയവ അടക്കമുള്ള വിഷയങ്ങളിലെ കമ്മിഷന് റിപ്പോര്‍ട്ടുകളും പ്രതിരോധ ജാഥയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി വച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: