ചെറുവത്തൂര്‍: ആത്മഹത്യ ചെയ്യാന്‍ രണ്ടു കുട്ടികളുമായി റെയില്‍ പാളത്തിലെത്തിയ യുവതിയെ ഓട്ടോ ഡ്രൈവറുടെ സന്ദര്‍ഭോചിത ഇടപെടലില്‍ അവര്‍ക്ക് ജീവിതം തിരിച്ചു കിട്ടി. തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.
ബുധനാഴ്ച രാത്രി തൃക്കരിപ്പൂര്‍ ടൗണില്‍ എത്തിയ യുവതിയും കുട്ടികളും റെയില്‍വെ സ്റ്റേഷനിലേക്ക് പോകാനുണ്ടെന്ന് അറിയിച്ച് ഓട്ടോയില്‍ കയറുകയായിരുന്നു. പിന്നീട് അവരുടെ ആവശ്യ പ്രകാരം റെയില്‍വെ സ്റ്റേഷനിന് അടുത്തുള്ള ഗ്രൗണ്ടില്‍ ഇറക്കി. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ അവരെ കുറച്ചുനേരം നിരീക്ഷിച്ചു. അവര്‍ പാളത്തിലൂടെ നടന്നു നീങ്ങുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍ പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു.
താന്‍ തൃക്കരിപ്പൂരിലെ ഒരു ഓട്ടോ ഡ്രൈവർ ആണെന്നും റെയില്‍വെ ട്രാക്കിലൂടെ ഒരമ്മയും രണ്ട് കുട്ടികളും കരഞ്ഞുകൊണ്ട് നടക്കുന്നുണ്ടെന്നുമാണ് അയാള്‍ ചന്തേര പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അറിയിച്ചത്. സന്ദേശം നല്കിയ ഡ്രൈവറെ പോലീസ് തിരിച്ചുവിളിച്ച് കാര്യം അന്വേഷിച്ചു. ഉടന്‍ ചന്തേര സബ് ഇന്‍സ്പെക്ടര്‍ എം.വി.ശ്രീദാസ് തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സബ് ഇന്‍സ്പെക്ടര്‍ മനോജ് പൊന്നമ്പാറ, സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, രാജേഷ്, സുരേഷ് എന്നിവരടങ്ങുന്ന സംഘവും വിവരത്തെ തുടര്‍ന്ന് അവിടെയെത്തി. അപ്പോള്‍ റെയില്‍ പാളത്തിലൂടെ നടക്കുകയായിരുന്ന അമ്മയെയും രണ്ട് മക്കളെയും പോലീസ് തടഞ്ഞുനിര്‍ത്തി.
മരിക്കാന്‍ വേണ്ടി തന്നെയാണ് താന്‍ കുട്ടികളുമായി എത്തിയതെന്ന് 30 വയസുള്ള മാതാവ് പോലീസിനോട് പറഞ്ഞു. മരിക്കാനുറപ്പിച്ച ആ നിമിഷത്തെ പോലീസിന്റെ ഇടപെടലുകളിലൂടെ മറികടന്നപ്പോള്‍ മക്കളെയോര്‍ത്ത് അവര്‍ പൊട്ടിക്കരഞ്ഞു. ഭര്‍ത്താവിന്റെ അമിത മദ്യപാനവും അതുമൂലമുള്ള പ്രശ്നങ്ങളുമാണ് ആത്മഹത്യയെന്ന ചിന്തയിലേക്ക് നയിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഭര്‍ത്താവും സഹോദരനും തമ്മില്‍ കലഹം ഉണ്ടാക്കാറുണ്ടെന്നും ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് കുട്ടികളുമായി ആത്മഹത്യയ്ക്ക് ഇവിടെ എത്തിയതെന്നും അവര്‍ പോലീസിനോട് പറഞ്ഞു.
യുവതിക്കും കുട്ടികള്‍ക്കും ഭക്ഷണം വാങ്ങി കൊടുത്ത ശേഷം സബ് ഇന്‍സ്പെക്ടര്‍ ശ്രീദാസും സഹപ്രവര്‍ത്തകരും ചേര്‍ന്ന് അവരെ വേങ്ങപാറയിലുള്ള ബന്ധുക്കളെ ഏല്‍പ്പിച്ചു. ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ കാരണം അമ്മയുടെയും കുട്ടികളുടെയും ജീവന് രക്ഷിക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ചന്തേര പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: