കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിലെ രേഖകള്‍ നല്‍കുകയും മുഖ്യമന്ത്രിയ്ക്കും മകള്‍ക്കും എതിരായ ആരോപണങ്ങളില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്താല്‍ 30 കോടിനല്‍കാമെന്ന് 30 കോടി തരാമെന്ന് വിജേഷ് പിള്ള വാഗ്ദാനം ചെയ്തതായി സ്വപ്ന സുരേഷ് ആരോപിച്ച യുവാവ് തട്ടിപ്പുകേസുകളില്‍ പ്രതിയെന്ന് പരാതി. വിജേഷ് പിള്ള തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കെഞ്ചിര എന്ന സിനിമയുടെ സംവിധായകന് മനോജ് കാനയാണ് രംഗത്തെത്തിയിരിക്കുന്നത്. വിജേഷ് പിള്ള ഉടമസ്ഥനായ ആക്ഷന്‍ പ്രൈം ഒടിടി വഴി പ്രദര്‍ശിപ്പിക്കാമെന്ന് വാക്ക് തന്നെങ്കിലും സിനിമയുടെ പ്രദര്‍ശനം ഒടിടിയില്‍ നടന്നില്ലെന്ന് മനോജ് കാന പറയുന്നു.
“എറണാകുളത്താണ് ഓഫീസെന്ന് വിജേഷ് പിള്ള പറഞ്ഞിരുന്നു. അതനുസരിച്ച് ഞങ്ങള്‍ എറണാകുളത്തെത്തി. വലിയ വാഗ്ദാനങ്ങളാണ് ഇവര്‍ തന്നത്. ഏത് ഒടിടിയില്‍ റിലീസ് ചെയ്താല്‍ കിട്ടുന്നതിനേക്കാള്‍ വലിയ തുക നല്‍കാമെന്നും വിജേഷ് പിള്ള വാഗ്ദാനം ചെയ്തിരുന്നു. ഒടിടി കഴിഞ്ഞാല്‍ ഇതിന്റെ സാറ്റലൈറ്റ് അവകാശം അവര്‍ തന്നെ വില്‍ക്കും എന്നാണ് പറഞ്ഞത്. വരുമാനം പങ്കുവെയ്ക്കാമെന്നും അവര്‍ പറഞ്ഞിരുന്നു. കെഞ്ചിരയെ ഒരു അന്താരാഷ്ട്ര നടിയെക്കൊണ്ട് ആക്ഷന്‍ ഒടിടിയില്‍ പരിചയപ്പെടുത്താമെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഒരു ഒടിടി പ്ലാറ്റ് ഫോമിന് ആവശ്യമായ ലൈസന്‍സ് പോലും നേടാതെയാണ് ഇവര്‍ ഒടിടി തുടങ്ങിയത്. ഞങ്ങള്‍ പലരോടും ആക്ഷന്‍ ഒടിടിയില്‍ കെഞ്ചിര റിലീസാകും എന്ന് പറഞ്ഞെങ്കിലും ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. പിന്നീട് ഞങ്ങള്‍ അവര്‍ നല്കിയ അഡ്വാന്‍സ് തിരിച്ചുവാങ്ങി. ലൈസന്‍സ് റദ്ദാക്കി. ഇവര്‍ സിനിമയുടെ പേരില്‍ വഞ്ചന നടത്തുകയാണ്. ” – മനോജ് കാന പറഞ്ഞു.
സമാന്തര സിനിമാ രംഗത്ത് ഏറെ വിശ്വാസ്യതയുള്ള സംവിധായകനാണ് മനോജ് കാന. ഏറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സിനിമയാണ് കെഞ്ചിര. ഈ സിനിമയുടെ പ്രശസ്തി മുതലാക്കി പണം കൊയ്യുകയായിരുന്നു വിജേഷ് പിള്ളയുടെ ലക്ഷ്യമെന്നും മനോജ് കാന പറയുന്നു.
സ്വപ്നയുടെ ജീവിതകഥ സിനിമയാക്കി തന്റെ ആക്ഷന്‍ ഒടിടിയില്‍ റിലീസ് ചെയ്താല്‍ 100 കോടി കിട്ടുമെന്നും അതിന്റെ 30 ശതമാനമായ 30 കോടി രൂപ നല്‍കാമെന്നാണ് താന്‍ പറഞ്ഞതെന്നാണ് സ്വപ്നയുമായുള്ള കൂടിക്കാഴ്ച വിവാദമായതോടെ വിജേഷ് പിള്ള പറഞ്ഞത്. പക്ഷെ ഇപ്പോള്‍ ആക്ഷന്‍ ഒടിടി തന്നെ തട്ടിപ്പാണെന്ന വെളിപ്പെടുത്തലാണ് മനോജ് കാന എന്ന സംവിധായകന് വെളിപ്പെടുത്തന്നത്. ഇതോടെ വിജേഷ് പിള്ളയുടെ സ്വപ്ന സുരേഷിനെതിരായ വാദമുഖങ്ങള്‍ ദുര്‍ബലമാവുന്നു.
കൊച്ചിയിലെ കെട്ടിട ഉടമ. ജാക്സണ് മാത്യുവും വിജേഷ് പിള്ള തന്നെ ഒരു ലക്ഷം രൂപ തട്ടിച്ചതായി ആരോപിക്കുന്നു. വിജേഷ് പിള്ളയുടെ ഉടമസ്ഥതയിലുള്ള ഡബ്ല്യു ജി എൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ജാക്സണ് മാത്യുവിന്റെ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ത്. വിജേഷ് പിള്ളയായിരുന്നു ഈ കമ്പനിയുടെ ഉടമ. 2017ലാണ് വിജേഷ് ജാക്സണെ ബന്ധപ്പെടുന്നത്. കെട്ടിടത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് ആയിരുന്നു. എന്നാൽ ആറ് മാസത്തിനുള്ളിൽ ഓഫീസ് പൂട്ടി. ഒരു ലക്ഷത്തോളം രൂപ വാടക കുടിശ്ശിക ഇനത്തിലുണ്ടെന്നും ജാക്സൺ മാത്യു പറയുന്നു.സ്ഥാപനം പൂട്ടിയ ശേഷം വാടകക്ക് വേണ്ടി പല തവണ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫലമുണ്ടായില്ല.
മണി ചെയിൻ ഉൾപ്പെടെയുള്ള ബിസിനസുകൾ നടത്തിയ വിജേഷ് നാട്ടിൽ വിജേഷ് കൊയിലേത്ത് എന്നാണറിയപ്പെട്ടത്. പത്തുവർഷം മുൻപ് മറ്റൊരാൾക്കൊപ്പം മണിചെയിൻ ബിസിനസ് നടത്തിയത്. ശേഷം കൊച്ചിയിലേക്ക് മാറിയിരുന്ന വിജേഷ് നാടും വീടുമായി കാര്യമായ ബന്ധംപുലർത്തിയിരുന്നില്ല. എം.വി.ഗോവിന്ദന്റെ മൊറാഴയിലെ വീട്ടിൽനിന്ന് 5 കിലോമീറ്റർ അകലെയാണു വിജേഷിന്റെ കുടുംബവീട്.
കടമ്പേരിയിലെ വീട്ടിൽ അച്ഛനും അമ്മയും മാത്രമാണ് ഇപ്പോഴുള്ളത്.
സ്വപ്നയുടെ ആരോപണം നട്ടാല്‍ മുളയ്ക്കാത്ത നുണയെന്ന് സിപിഎം
സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജൻസികളാണ്. കേന്ദ്ര ഏജൻസികളെടുത്ത കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാവുന്നതാണെന്നും സിപിഎം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: