കൊച്ചി : സ്വപ്ന പറയുന്നത് കള്ളം. തന്റെ ആക്ഷന്‍ ഒടിടിയുടെ വെബ്സീരീസന്റെ ഭാഗമായാണ് അവരെ കണ്ടതെന്ന് വിജേഷ് പിള്ള. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അയാള്‍. സ്വപ്ന തനിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൡ ഡിജിപിക്ക് പരാതി നല്കി. തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ല. തന്റെ പിറകില്‍ ആരുമില്ലെന്നും വിജേഷ് പിള്ള പറഞ്ഞു.
ബിസിനസ്സ് ആവശ്യങ്ങളുടെ ഭാഗായാണ് താന്‍ ബെംഗളൂരുവില്‍ വെച്ച് സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ മാസം 27നാണ് സ്വപ്നയുമായി ഫോണില്‍ സംസാരിച്ചത്. ഫോണ്‍ നമ്പര്‍ ആരും തന്നതല്ല. കൂടിക്കാഴ്ചയ്ക്കിടെ എം.വി. ഗോവിന്ദന്റെ നാട്ടുകാരനാണെന്ന് അറിയിച്ചിരുന്നു. തനിക്ക് അദ്ദേഹവുമായി യാതൊരു ബന്ധവും ഇല്ല. അറിയപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പേര് പറഞ്ഞത്. വെബ് സീരീസ് ഹരിയാന, രാജസ്ഥാന്, ജയ്പൂര്‍ എന്നിവിടങ്ങളില്‍ വെച്ച് ചിത്രീകരണം നടത്താം. സ്വപ്ന കേരളത്തില്‍ സുരക്ഷിതമല്ലെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങളില്‍ വെച്ച് ചിത്രീകരിക്കാമെന്ന് അറിയിച്ചത്.
തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ തെളിവുകള്‍ പുറത്തുവിടട്ടെ. വെബ്സീരീസിന്റെ വരുമാനത്തില്‍ നിന്നുള്ള 30 ശതമാനം നല്‍കാമെന്ന് സ്വപ്നയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. അല്ലാതെ 30 കോടിയൊന്നും വാഗ്ദാനം ചെയ്തിട്ടില്ല. ഒരേ നാട്ടുകാരാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ടിവിയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. സ്വപ്നയുടെ പ്രസ്താവനകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വിജേഷ് പിള്ള കൂട്ടിച്ചേര്‍ത്തു.
അതിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജേഷ് പിള്ളയെ ചോദ്യംചെയ്തു. വ്യാഴാഴ്ച രാത്രി 12 മണിയോടു കൂടിയായിരുന്നു ഇഡി വിജേഷ് പിള്ളയെ ചോദ്യം ചെയ്തശേഷം പുറത്തുവിട്ടത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സ്വര്‍ണക്കടത്തു കേസില്‍ ഒത്തു തീര്‍പ്പിനായി വിജയ് പിള്ള എന്നയാള്‍ സിപിഎം നേതാക്കള്‍ക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ വന്നത്. ബെംഗളൂരുവില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും 30 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും സ്വപ്നയുടെ ആരോപണം. പണവും വാങ്ങി എത്രയും വേഗം ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പൊയ്ക്കൊളണം. രാജ്യം വിടാനാണെങ്കില്‍ വ്യാജ പാസ്പോര്‍ട്ടും വിസയും നല്‍കാം. തെളിവുകള്‍ കൈമാറി സ്ഥലം വിട്ടില്ലെങ്കില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇതിന് പിന്നില്‍. വ്യവസായി യൂസഫലിയെപ്പറ്റിയും വിജയ്പിള്ള സംസാരിച്ചെന്നും സ്വപ്ന ആരോപിക്കുന്നു.
വിമാനയാത്രയ്ക്കിടെ നിരോധിത വസ്തുക്കള്‍ ബാഗില്‍വെച്ച് അഴിക്കുളളിലാക്കാനും ഇതിനുപിന്നിലുള്ളവര്‍ മടിക്കില്ല. അതുകൊണ്ടാണ് മര്യാദയ്ക്ക് കിട്ടുന്ന പണവും വാങ്ങി അപ്രത്യക്ഷയാകണം എന്ന് ആവശ്യപ്പെട്ടത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടക പോലീസിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സ്വപ്ന സുരേഷ് പരാതി നല്കി. ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. വിജയ് പിള്ള എന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞതെങ്കിലും ഇയാളുടെ യഥാര്‍ഥ പേര് വിജേഷ് പിള്ള എന്നാണെന്ന് പിന്നീട് വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: