ന്യൂദല്‍ഹി: രാജ്യവിരുദ്ധ, ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് കുഴല്‍പ്പണ വഴി ഉഷാറാക്കുന്നു. കഴിഞ്ഞ ദിവസം പിടിയിലായ കാസര്‍കോട് സ്വദേശി കെ.എം. ആബിദ് അടക്കമുള്ള അഞ്ച് ഭീകരരെ ചോദ്യം ചെയ്തതോടെയാണ് ഇതിന്റെ വിശദാംശങ്ങള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചത്.
കേരളത്തിലും കര്‍ണാടകയിലും വലിയ തോതില്‍ ഹവാലയായി പണം വരുന്നുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി. ബിഹാറിലെ ഫുല്‍വാരി ഷെരീഫ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്, തെക്കേയിന്ത്യ കേന്ദ്രീകരിച്ച് നടക്കുന്ന ഇവരുടെ വന്‍ കുഴല്‍പ്പണ റാക്കറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലേക്ക് തെക്കേയിന്ത്യയില്‍ എത്തിച്ചാണ് പണം കൈമാറുന്നത്.
യുഎഇയിലാണ് ഇതിന്റെ കേന്ദ്രം. മലയാളികളാണ് ഇവയ്‌ക്കു പിന്നിലുള്ളതെന്നാണ് സൂചന. പോപ്പുലര്‍ ഫ്രണ്ടിന്റെ ഇന്ത്യയിലെ ഏറ്റവും ശക്തമായ കേന്ദ്രം കേരളമായിരുന്നു. വിലക്കിനു ശേഷം പ്രത്യക്ഷത്തിലുള്ള പ്രവര്‍ത്തനം കുറഞ്ഞുവെങ്കിലും രഹസ്യ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് എന്‍ഐഎയ്‌ക്ക് അറിയാം.
നിരോധിച്ചെങ്കിലും പിഎഫ്ഐ തങ്ങളുടെ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുന്നുണ്ടെന്നും ഭീകരപരിശീലനങ്ങള്‍ നല്കുന്നുണ്ടെന്നും ആയുധങ്ങളും മറ്റും ശേഖരിക്കുന്നുണ്ടെന്നുമാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്. ഇതിനു വേണ്ടി കുഴല്‍പ്പണ (ഹവാല) ഇടപാടുകള്‍ അവര്‍ ശക്തമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ കര്‍ണാടകയിലും കാസര്‍കോട്ടും എന്‍ഐഎ വ്യാപകമായ റെയ്ഡ് നടത്തിയാണ് അഞ്ചു പേരെ പിടിച്ചത്.
എട്ടു സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. രേഖകളും ഡിജിറ്റല്‍ തെളിവുകളും അടക്കം എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. കുഴല്‍പ്പണമായി കോടികള്‍ എത്തിക്കുന്നതിന്റെ വ്യക്തമായ രേഖകളാണ് എന്‍ഐഎ പിടിച്ചെടുത്തത്.എന്‍ഐഎ വക്താവ് പറഞ്ഞു. മുഹമ്മദ് സിനാന്‍, സര്‍ഫ്രാസ് നവാസ്, നഖ്ബാല്‍, അബ്ദുള്‍ റഫീഖ് എന്ന കര്‍ണാടക സ്വദേശികളും കാസര്‍കോട് സ്വദേശി ആബിദുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക