വര്‍ഗീയതയുടെയും മതമൗലികവാദത്തിന്റെയും പിടിയിലമര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തില്‍നിന്ന് വര്‍ത്തമാന സമൂഹം കേള്‍ക്കുകയും കാണുകയും ചെയ്ത സദ്വാര്ത്തകളിലൊന്നാണ് സിനിമാതാരവും അഭിഭാഷകനുമായ പി. ഷുക്കൂറും, മഹാത്മാഗാന്ധി മുന്‍ പ്രോ വിസി ഷീന ഷുക്കൂറും ദാമ്പത്യ ജീവിതത്തിന്റെ മുപ്പതാം വര്‍ഷത്തില്‍ വീണ്ടും വിവാഹിതരായത്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം പുനര്‍വിവാഹിതരായ ഇരുവരും തങ്ങളുടെ പെണ്‍മക്കള്‍ക്കൊപ്പം പൂച്ചെണ്ടുകളുമായി നില്ക്കുന്ന ചിത്രം ഏറെ കൗതുകം പകരുന്നതാണ്. പുനര്‍വിവാഹങ്ങള്‍ നമ്മുടെ നാട്ടില്‍ പുതുമയുള്ള കാര്യമല്ല. പല കാരണങ്ങള്‍കൊണ്ടും അത് ധാരാളമായി നടക്കാറുണ്ട്. എന്നാല്‍ ഷുക്കൂര്‍-ഷീന ദമ്പതിമാരുടെ വിവാഹത്തിന് പുതുമ മാത്രമല്ല, സാമൂഹ്യപ്രസക്തിയുമുണ്ട്. മുപ്പത് വര്‍ഷം മുന്‍പ് ശരിഅത്ത് നിയമപ്രകാരം വിവാഹതിരായ ഇവര്‍ക്ക് മൂന്ന് പെണ്മക്കളാണുള്ളത്. തങ്ങളുടെ സ്വത്തിന്റെ പൂര്‍ണമായ അവകാശം പെണ്മക്കള്ക്ക് ലഭിക്കുന്നതിനാണ് സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം ചെയ്യാന്‍ ഇവര്‍ തീരുമാനിച്ചത്. ശരിഅത്ത് നിയമപ്രകാരം ആണ്മക്കളില്ലാത്ത ദമ്പതിമാരുടെ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം മാത്രമേ പെണ്മക്കള്ക്ക് ലഭിക്കൂ. ഒരു ഭാഗം പോവുക സ്വത്തുടമയുടെ സഹോദങ്ങള്ക്കാണ്. തഹസീല്‍ദാര്‍ നല്കുന്ന അനന്തരാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഇവര്‍ക്കും ഇടം ലഭിക്കും. ശരിഅത്ത് നിയമത്തിന്റെ ഈ വ്യവസ്ഥ മറികടക്കാനാണ് ഷുക്കൂര്‍-ഷീന ദമ്പതിമാര്‍ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം പുനര്‍വിവാഹിതരായത്. ഈ നിയമപ്രകാരം വിവാഹിതരായാല്‍ ശരിഅത്ത് ബാധകമാവില്ല.
അപൂര്‍വമായ ഈ വിവാഹത്തിന്റെ പുരോഗമന സ്വഭാവവും അനിവാര്യതയും ഇതിനെതിരായ മതമൗലിക വാദികളുടെ ഭീഷണിയില്‍നിന്നും, കപടമതേതരവാദികളുടെ നിശബ്ദതയില്‍നിന്നും വ്യക്തമാണ്. ഇസ്ലാം മതവിശ്വാസിയെന്ന് അവകാശപ്പെടുന്നയാള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത് വിരോധാഭാസമാണെന്നും, ഇതിനെ വിശ്വാസികള്‍ പ്രതിരോധിക്കുമെന്നുമാണ് ഫത്വ കൗണ്‍സിലിന്റെ കത്ത്. സാമ്പത്തിക വ്യവസ്ഥിതിയെക്കുറിച്ച് ഇസ്ലാം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെ മനസ്സിലാക്കാത്തതിന്റെ ദുരന്തമാണിത്. സ്വത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന് അള്ളാഹുവാണ്. അതിന്റെ വിനിയോഗം അള്ളാഹു നിശ്ചയിച്ച വ്യവസ്ഥകള്ക്കനുസരിച്ചായിരിക്കണം എന്നൊക്കെയാണ് ഫത്വ കൗണ്‍സില്‍ പറയുന്നത്. ജീവിതകാലത്ത് സമ്പാദ്യം മുഴുവന്‍ പെണ്മക്കള്ക്ക് വീതംവച്ച് നല്‍കുന്നതിന് മതത്തില്‍ തടസ്സമില്ലെന്ന പോംവഴിയും ഫത്വ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഒരു പൗരന്റെ വ്യക്തിജീവിതത്തില്‍ ഇങ്ങനെയൊക്കെ ഇടപെടാന്‍ ഏതെങ്കിലും ഫത്വ കൗണ്‍സിലിന് ആരും അധികാരം നല്‍കിയിട്ടില്ല. മതത്തിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന കടുത്ത വിവേചനത്തിലേക്കാണ് ഈ പ്രശ്നം വിരല്‍ചൂണ്ടുന്നത്. മതത്തിന്റെ മറവില്‍ പുരുഷാധിപത്യം അടിച്ചേല്‍പ്പിക്കുകയാണ്. സ്വത്തവകാശം പൗരന്റെ മൗലികാവകാശമാണ്. അത് വിലക്കാന്‍ മതങ്ങള്‍ക്ക് അധികാരമില്ല. ശരിഅത്ത് നിയമപ്രകാരം മുസ്ലിം ദമ്പതിമാര്‍ക്ക് തങ്ങളുടെ സ്വത്ത് മുഴുവനായിത്തന്നെ പെണ്മക്കള്ക്ക് വീതിച്ചു നല്കാന് കഴിയുമായിരിക്കും. പക്ഷേ സ്ത്രീകള്‍ക്ക് അവകാശപ്പെട്ട സ്വത്ത് നിയമപ്രകാരംതന്നെ ലഭിക്കണം. മാതാപിതാക്കളുടെപോലും ഇഷ്ടാനിഷ്ടങ്ങളുടെയോ ഔദാര്യത്തിന്റെയോ പ്രശ്നം അതില്‍ കടന്നുവരാന്‍ പാടില്ല. ഇത് ഉറപ്പുവരുത്തുകയാണ് ഷുക്കൂര്‍-ഷീന ദമ്പതിമാര്‍ ചെയ്തിരിക്കുന്നത്.
ധീരവും മാതൃകാപരവുമായ ഒരു ചുവടുവയ്പ്പാണ് ഷുക്കൂറും ഭാര്യയും നടത്തിയിട്ടുള്ളത്. വിദ്യാ സമ്പന്നരായതും സാമൂഹ്യമായ കാഴ്ചപ്പാടുള്ളതുകൊണ്ടുമായിരിക്കാം ഇത്. സ്ത്രീകളെ മതം പറഞ്ഞ് ഭയപ്പെടുത്തി സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെടുത്തുകയും, അവര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുകയും, അവരെ ലൈംഗിക ചൂഷണത്തിന് വിധേയരാകുകയും, ഇഷ്ടംപോലെ മൊഴി ചൊല്ലി അനാഥരാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. അത് വര്‍ധിച്ചുകൊണ്ടിരിക്കുന്നതായാണ് ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ഇസ്ലാം മതവിശ്വാസികള്‍ സാമൂഹ്യമായ പരിഷ്കരണത്തിന് വിധേയമായല്ലാതെ ഇതിന് കുറവുണ്ടാകാനും പോകുന്നില്ല. പക്ഷേ സ്ഥാപിത താല്‍പ്പര്യക്കാരായ മതനേതൃത്വം അതിന് സമ്മതിക്കുന്നില്ല. മുത്തലാഖ് കുറ്റകരമാക്കിക്കൊണ്ട് മോദി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയപ്പോള്‍ അതിനെതിരെ ഉയര്‍ന്ന കോലാഹലങ്ങള്‍ നാം കണ്ടതാണല്ലോ. ഇസ്ലാമിക മതവിശ്വാസത്തിലും ആചാരങ്ങളിലും കാലാനുസൃതമായ പരിഷ്കാരങ്ങള്‍ വേണമെന്ന ആവശ്യമുയരുമ്പോള്‍ അതിന് പുറത്തുനിന്നും ആരും ശ്രമിക്കേണ്ടതില്ല, വിശ്വാസി സമൂഹത്തിന് അകത്തുനിന്നാണ് ഉണ്ടാകേണ്ടതെന്ന വാദഗതി ഉന്നയിക്കപ്പെടാറുണ്ട്. ഒരു മാറ്റത്തിനും വിധേയമാവാന്‍ അനുവദിക്കാതെ അറുപഴഞ്ചന്‍ മതാചാരങ്ങളില്‍ വിശ്വാസികളെ തളച്ചിടാനുള്ള തന്ത്രമായിപ്പോലും ഈ വാദഗതിയെ കാണാമെന്നു തോന്നുന്നു. എന്തായിരുന്നാലും ഷുക്കൂര്‍-ഷീന ദമ്പതിമാര്‍ മതത്തിന്റെ ഉള്ളില്‍നിന്നുതന്നെ ഒരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഇതിനെ പിന്തുണയ്ക്കാനുള്ള ബാധ്യത മതവിശ്വാസികള്‍ക്കും പൊതുസമൂഹത്തിനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: