രാഷ്‌ട്രീയവും മറ്റ് താല്പര്യവും വെച്ച് വ്യാജവാര്‍ത്ത നല്‍കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഒട്ടും പിന്നിലല്ല. വാര്‍ത്തയ്‌ക്ക് ബലം നല്‍കാന്‍ വ്യാജരേഖ ഒപ്പം നല്‍കുന്നത് ചുരുക്കം. എങ്കിലും നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ആദ്യം പിടിക്കപ്പെട്ടത് ദേശാഭിമാനിയാണ്. മറ്റൊരു പത്രത്തിന്റെ ചീഫ് എഡിറ്ററുടേത് എന്ന പേരില്‍ വ്യാജ കത്ത് ഉണ്ടാക്കി പ്രസിദ്ധീകരിച്ചതിന്. കേസില്‍ പ്രതി പട്ടികയില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പി.എം.മനോജായിരുന്നു വ്യാജരേഖയുടെ നിര്‍മ്മാതാവ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഏഷ്യാനെറ്റ് വിവാദത്തില്‍ നിയമസഭയില്‍ ‘മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായ കാര്യമല്ല വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവും’ എന്നു പറഞ്ഞ മുഖ്യമന്ത്രി താന്‍ സമാന കേസില്‍ പ്രതിയായിരുന്നു എന്നതു മറന്നുകാണും.
2001 ഫെബ്രുവരി 15ന് ദേശാഭിമാനിയിലെ ഒന്നാം പേജ് വാര്‍ത്ത ‘മനോരമയിലും സിപിഐ-എം സെല്‍: കെ.എം.മാത്യുവിന്റെ കത്ത്’ എന്നതായിരുന്നു. മനോരമ ചീഫ് എഡിറ്റര്‍ കെ.എം.മാത്യു കണ്ണൂര്‍ യൂണിറ്റ് കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ക്ക് അയച്ച കത്ത് സഹിതമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ‘മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ പ്രവര്‍ത്തനം നമ്മുടെ സ്ഥാപനത്തിനകത്ത് നടക്കുന്നതായറിയുന്നു. നമ്മുടെ സുപ്രധാനമായ ചില വിവരങ്ങള്‍ ഈയിടയായി ചോര്‍ന്നു സിപിഐ-എമ്മിന് ലഭിക്കുന്നുണ്ട്. താങ്കളുടെ യൂണിറ്റില്‍ ഡെസ്‌കിലും മാനേജ്‌മെന്റിലും ചിലര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധം വെയ്‌ക്കുന്നുണ്ട്. ആ പാര്‍ട്ടിയുടെ ഒരു സെല്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നേരില്‍ എത്തിക്കാന്‍ താല്‍പര്യം. വേണ്ട ജാഗ്രത പുലര്‍ത്തുമല്ലോ’ എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.
‘മലയാള മനോരമയുടെ ജീവനക്കാര്‍ക്കിടയിലെ സിപിഐ-എം പ്രവര്‍ത്തനം നിരോധിക്കാന്‍ ചീഫ് എഡിറ്റര്‍ കെ.എം.മാത്യു എഴുതിയ കത്ത്’ എന്ന അടിക്കുറിപ്പോടെയാണ് വാര്‍ത്തക്കൊപ്പം കത്തും പ്രസിദ്ധീകരിച്ചത്. അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ ചമച്ച് വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനിക്കെതിരെ കെ.എം.മാത്യു കേസ് ഫയല്‍ ചെയ്തു. ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ ജി.ശക്തിധരന്‍, പ്രിന്ററും പബ്ലിഷറുമായ പി. കരുണാകരന്‍, ചീഫ് എഡിറ്റര്‍ വി.എസ്. അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവരായിരുന്നു എതിര്‍ കക്ഷികള്‍. പ്രതിപ്പട്ടികയില്‍ ഇവര്‍ നാലുപേരാണെങ്കിലും വ്യാജകത്ത് തയ്യാറാക്കിയത് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറിയായ പി.എം. മനോജ് ആയിരുന്നു എന്നാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ തന്റെ ആത്മകഥയില്‍ പറഞ്ഞത്. ‘പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതു മുതല്‍ ദേശാഭിമാനിയിലെ പല മുതിര്‍ന്ന സഖാക്കളേയും പിന്തള്ളി, പുതിയൊരു അധികാര കേന്ദ്രമായി മാറിയ പി.എം.മനോജാണ് ഈ വ്യാജരേഖയുടെ നിര്‍മ്മാതാവ്. അന്ന് ദേശാഭിമാനിയിലെ ഉയര്‍ന്ന തസ്തികയിലുള്ളവരുടെ മുഴുവന്‍ എതിര്‍പ്പുകളേയും മറികടന്ന്, പിണറായി വിജയന്റെ പിന്‍ബലത്തിലാണ് ഈ വിദ്വാന്‍ വ്യാജരേഖ ചമച്ചത്.(ഒളിക്യാമറകള്‍ പറയാത്തത്: പേജ് 57)
വ്യാജകത്ത് തയ്യാറാക്കിയത് ആരായാലും ബുദ്ധി കുറവുള്ള ആളാണന്ന് തളിഞ്ഞു. ദേശാഭിമാനി പ്രസിദ്ധീകരിച്ച ലെറ്റര്‍ഹെഡില്‍ കെ.എം.മാത്യുവിന്റേതായി കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പര്‍ അദ്ദേഹത്തിന്റേതല്ല. കത്തില്‍ തീയതി വെച്ചിട്ടുമില്ല. കത്തിലെ ഭാഷയും പ്രയോഗങ്ങളും മനോരമയുടെ ശൈലിയല്ല. മനോരമ സിപിഎമ്മിനെപ്പറ്റി എഴുതുമ്പോള്‍ സാധാരണയായി സിപിഎം എന്നോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നോ ആണ് എഴുതാറ്. സിപിഎ(എം) എന്നല്ല. സിപിഐ എം എന്നെഴുതുന്നത് ദേശാഭിമാനിയാണ്. പാര്‍ട്ടി എന്നെഴുതുന്നത് ദേശാഭിമാനിയുടെ ശൈലിയാണ്. ബന്ധംവയ്‌ക്കുക എന്ന് തെക്കന്‍ ജില്ലകളില്‍ സാധാരണയായി പ്രയോഗിക്കാറില്ല. മലബാറിലേതാണ് ആ പ്രയോഗം. ഡസ്‌കും മാനേജ്‌മെന്റും എന്നൊരു പ്രയോഗം മനോരമയിലില്ല. ആരൊക്കെയോ ചേര്‍ന്ന് നിര്‍മ്മിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച വ്യാജ രേഖക്കെതിരെ മലയാളമനോരമ കൊടുത്ത കേസില്‍ താന്‍ ഒന്നാം പ്രതിയായി എന്നാണ് ജി.ശക്തിധരന്‍ പിന്നീട് പറഞ്ഞത്.
വ്യാജരേഖ ഉപയോഗിച്ചുള്ള വാര്‍ത്താസൃഷ്ടി പിന്നീടും പിടിക്കപ്പെട്ടിട്ടുണ്ട്. 2002 ഡിസംബറില്‍ സൂര്യാ ടിവിയില്‍, എ.കെ. ആന്റണി മന്ത്രിസഭയിലെ ടൂറിസം മന്ത്രി കെ.വി.തോമസിന് 336 കോടിയുടെ ഹവാല ഇടപാടുണ്ടെന്നും കള്ളപ്പണ റാക്കറ്റുകളുമായി ബന്ധമുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുകയാണെന്നും വാര്‍ത്ത വന്നു. ഇന്റലിജന്‍സ് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച റിപ്പോര്‍ട്ട് എന്ന് പറഞ്ഞു ഒരു രേഖയും സംപ്രേഷണം ചെയ്തു. മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഉടന്‍ രാജിവെയ്‌ക്കേണ്ടി വരുമെന്നും കെ.വി.തോമസ് ഒഴിയുന്ന കസേരയിലേക്ക് ഐ ഗ്രൂപ്പ് എംഎല്‍എ ശോഭന ജോര്‍ജ് മന്ത്രിയാകുമെന്നുമായിരുന്നു വാര്‍ത്ത. മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സൂര്യാടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍, ശോഭന ജോര്‍ജ്ജ് എംഎല്‍എ, ശോഭനയുടെ പിഎ അനില്‍ പി. ശ്രീരംഗം, മാധ്യമ പ്രവര്‍ത്തകരായ ആര്‍. ജയചന്ദ്രന്‍, ചന്ദ്രമോഹന്‍ എന്നിവര്‍ അറസ്റ്റിലായി. കോണ്‍ഗ്രസില്‍ കരുണാകരന്‍ വിഭാഗത്തിലെ പ്രധാന നേതാവായിരുന്ന ശോഭനാ ജോര്‍ജിന്റെ രാഷ്‌ട്രീയ ഭാവിയും ഇതോടെ ഇരുളിലായി. കരുണാകരന്‍ പോലും ശോഭനയെ പ്രത്യക്ഷമായി പിന്തുണച്ചില്ല. ചെങ്ങന്നൂരില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുവട്ടം ജയിച്ച ശോഭനയ്‌ക്ക് 2006ല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു. ഇതോടെ കോണ്‍ഗ്രസുമായി അകന്ന അവരിപ്പോള്‍ സിപിഎമ്മിലാണ്. കെ.വി.തോമസും സിപിഎം സഹയാത്രികനാണ്.
മംഗളം ചാനല്‍ നല്‍കിയ ‘തേന്‍ കെണി’ മറ്റൊന്ന്. പരാതി നല്‍കാനെത്തിയ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിരന്തരം ശല്യംചെയ്യുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു മംഗളത്തിന്റെ വാര്‍ത്ത. ലൈംഗിക ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജി വച്ചു. വിവാദമായപ്പോള്‍ ശശീന്ദ്രന്റേതെന്ന പേരില്‍ ശബ്ദശകലങ്ങള്‍ പുറത്തുവിട്ടതില്‍ മംഗളം ചാനല്‍ സിഇഒ ആര്‍.അജിത്കുമാര്‍ പരസ്യമായി മാപ്പുപറഞ്ഞു. ശശീന്ദ്രനോട് സംസാരിച്ചത് വീട്ടമ്മയല്ലെന്നും ചാനല്‍ ജീവനക്കാരിയാണെന്നും അജിത്കുമാര്‍ സ്വന്തം ചാനല്‍ ലൈവില്‍ പരസ്യമായി ഏറ്റുപറഞ്ഞു. ജീവനക്കാരിയെ ഉപയോഗിച്ച് മാനേജ്‌മെന്റ് നടത്തിയ കെണിയായിരുന്നു ഇതെന്നും കുറ്റസമ്മതം നടത്തി. തുടര്‍ന്ന് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. അജിത് കുമാര്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അറസ്റ്റ് ചെയ്ത് ജയിയിലിട്ടു.
ഏഷ്യാനെറ്റ് ഓഫീസില്‍ പോലീസ് കയറിയതിനെ വേണമെങ്കില്‍ ആ രീതിയില്‍ കാണാം. ആദ്യമായല്ലല്ലോ മാധ്യമ സ്ഥാപനത്തില്‍ പോലീസ് കയറുന്നത് എന്നു ചോദിക്കാം. സൂര്യ ടിവിയിലും മംഗളത്തിലും കയറിയില്ലേ. പ്രസ്‌കഌബ്ബില്‍ കയറി സെക്രട്ടറിയെ അറസ്റ്റ് ചെയ്തില്ലേ എന്നും വാദിക്കാം. ശരിയാണ് മാധ്യമ സ്ഥാപനത്തില്‍ പോലീസ് കയറിയിട്ടുണ്ട്. ഇതൊന്നും അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസായിരുന്നില്ല. എന്നാല്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പത്രാധിപര്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് പോരാടിയതിന്റെ പേരില്‍ കയ്യാമം വെക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ‘ജന്മഭൂമി’യുടേതാണ്. അടിയന്തരാവസ്ഥയുടെ കരാളവാഴ്ചയില്‍ ഓഫീസ് റെയ്ഡ് ചെയ്ത് ചീഫ് എഡിറ്റര്‍ പി.വി.കെ.നെടുങ്ങാടി, പ്രസാധകനും എംഡിയുമായിരുന്ന യു. ദത്താത്തേത്രേയ റാവു എന്നിവരെയൊക്കെ എതിരഭിപ്രായങ്ങളെ ഭയന്ന ഫാസിസ്റ്റ് ഭരണകൂടം കല്‍ത്തുറുങ്കിനകത്താക്കിയിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്നവര്‍ മറക്കുന്ന കാര്യമാണത്.
കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുന്നതിനെ കുറ്റം പറയാനാവില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ വിശദീകരണം അംഗീകരിക്കാവുന്നതാണ്. ‘മാധ്യമസ്വാതന്ത്ര്യത്തിന്റെ വിഷയമേ ഈ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായി നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണ് എന്നതു നോക്കിയല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നുമില്ല. കുറ്റകൃത്യം ചെയ്യുന്നതു മാധ്യമ പ്രവര്‍ത്തകരാണെങ്കില്‍ നടപടി വേണ്ട എന്നു പറയുന്നതല്ല നമ്മുടെ ഐപിസിയും സിആര്‍പിസിയും. മാധ്യമ പ്രവര്‍ത്തകര്‍ എന്നും അല്ലാത്തവര്‍ എന്നും പൗരജനങ്ങളെ ഭരണഘടന രണ്ടായി വേര്‍തിരിച്ചു കാണുന്നുമില്ല’. എന്നതായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കേരളപോലീസ് കയറിയാല്‍ നിയമവാഴ്ച. കേന്ദ്ര ഏജന്‍സി കയറിയാല്‍ മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം എന്ന ഇരട്ടത്താപ്പാണ് ശരിയല്ലാത്തത്. ബിബിസിയുടെ ദല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം തന്നെ വലിയ തെളിവ. ”ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണ്. അന്താരാഷ്‌ട്ര സമൂഹത്തിനുമുന്നില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാര്‍ഹമാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണം.”
ഇന്ത്യാ വിരുദ്ധ നിലപാടുകളെ എക്കാലവും പിന്തുണച്ചു പോന്നിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ബിബിസിയുടെ വക്കാലത്ത് എടുക്കുന്നതില്‍ കുറ്റം പറയാനാവില്ല. കാരണം ബിബിസി എക്കാലത്തും ഇന്ത്യാവിരുദ്ധമാണ്. ഇന്ത്യാ- പാക് യുദ്ധത്തില്‍ പാക് അനുകൂല നിലപാട് എടുക്കുകയും ഇന്ത്യന്‍ പട്ടാളക്കാരെ കുറിച്ച് മോശമായി ചിത്രീകരിക്കുകയും ആയിരുന്നു ബിബിസി. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഖാലിസ്ഥാന്‍ തീവ്രവാദികളെ ന്യായീകരിച്ച് അവരുടെ അഭിമുഖവും നടത്തി. അടുത്ത കാലത്ത് ബ്രിട്ടനിലെ ലിസിന്‍സ്റ്ററിലുണ്ടായ ഇസ്ലാമിക ആക്രമണത്തില്‍ ബ്രിട്ടീഷ് പോലീസുകാരടക്കം നിരവധി ഹിന്ദുക്കള്‍ ഇരയായി. ഹിന്ദു സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടു. ബിബിസി റിപ്പോര്‍ട്ട് ഇസ്ലാമിക ഭീകരര്‍ക്കനുകൂലമായിട്ടായിരുന്നു. പ്രതിഷേധിച്ച് ബ്രിട്ടനിലെ നിരവധി സംഘടനകള്‍ ബിബിസി ആസ്ഥാനം ഉപരോധിച്ച് സമരം നടത്തി. ബിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ ബിബിസിയെ ബോള്‍ഷെവിക് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ എന്നാണ് വിമര്‍ശിച്ചിരുന്നത്.
കോണ്‍ഗ്രസ്സ് ഭരണകാലത്ത് ജഗ്ജീവന്‍ റാമിനെ ഇന്ദിരാ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കി എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ബിബിസിയുടെ അന്നത്തെ ഇന്ത്യയിലെ തലവനായ മാര്‍ക്ക് ടെല്ലിയെ അറസ്റ്റു ചെയ്ത് പാന്റൂരി ബെല്‍റ്റുകൊണ്ട് അടിക്കാനാണ് സഞ്ജയ് ഗാന്ധി അന്നത്തെ വാര്‍ത്ത പ്രക്ഷേപണ മന്ത്രിയായിരുന്ന ഐ.കെ.ഗുജ്‌റാളിനോട് ആവശ്യപ്പെട്ടത്. മാര്‍ക്ക് ടെല്ലി തന്റെ പുസ്തകത്തില്‍ പിന്നീട് എഴുതിയപ്പോഴാണ് ലോകം ഇതറിഞ്ഞത്. അടിയന്തരാവസ്ഥക്കാലത്ത് ബിബിസിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിരോധിക്കുകയും ചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ വിചാരണയില്‍ തള്ളിയ നരേന്ദ്രമോദിക്കെതിരായ ആരോപണങ്ങള്‍ രണ്ടു പതിറ്റാണ്ടിനു ശേഷം അപവാദ പ്രചരണത്തിന് ബിബിസി ഉപയോഗിച്ചതാണ് വീണ്ടും വിവാദമായത്. നരേന്ദ്ര മോദിയെ മോശക്കാരനാക്കാനായിട്ടാണ് ബിബിസി പരിപാടി സംപ്രേഷണം ചെയ്തത്. ബ്രിട്ടന്‍ പോലും തള്ളിയ വാര്‍ത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ അവരുള്ള പോക്കറ്റുകളില്‍ കാണിച്ച് നിര്‍വൃതി അടഞ്ഞു.
ബിബിസിയെ പൊക്കി നടക്കാനും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് മൊഴിയാനും മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. പക്ഷേ ബിബിസിയുടെ കാര്യത്തില്‍ ഒരുനിലപാട്, ഏഷ്യാനെറ്റില്‍ ഘടക വിരുദ്ധം. വ്യാജ വാര്‍ത്ത ഉണ്ടാക്കിയതില്‍ കൂട്ടുപ്രതിയായിരുന്ന പിണറായി വിജയനില്‍നിന്ന് ഇതു പ്രതീക്ഷിച്ചാല്‍ മതിയാകും. പക്ഷേ ഇരിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: