Categories: Editorial

രാജ്യദ്രോഹത്തിന്റെ രാഷ്‌ട്രീയം

കോണ്‍ഗ്രസ്സിനു പുറത്ത് ആരും ഗൗരവത്തിലെടുക്കാത്ത നേതാവാണ് രാഹുല്‍. രാജ്യത്തിന്റെ നേതാവായി ജനങ്ങള്‍ കാണുന്നുമില്ല. ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍ താന്‍ ശ്രദ്ധിക്കപ്പെടുമെന്നും, പ്രധാനമന്ത്രി മോദിയുടെ പ്രതിയോഗിയാവാമെന്നുമൊക്കെ കരുതുന്നുണ്ടെങ്കില്‍ രാഹുല്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലായിരിക്കും. ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ്സ് തുടച്ചുനീക്കപ്പെടുന്ന സ്ഥിതിയിലേക്കായിരിക്കും ഇത്തരം രാജ്യവിരുദ്ധ പ്രസ്താവനകള്‍ ഈ പാര്‍ട്ടിയെ കൊണ്ടെത്തിക്കുക

രാജ്യത്തായിരിക്കുമ്പോള്‍ പാര്‍ലമെന്റിനകത്തും പുറത്തും നിരുത്തരവാദപരവും വിദ്വേഷപൂര്‍ണവും വസ്തുതാവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുന്ന കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ വിദേശരാജ്യത്തു ചെന്നും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുകയാണ്. പാര്‍ലമെന്റംഗമെന്ന നിലയ്‌ക്ക് രാജ്യത്തിന്റെ അന്തസ്സും ഉത്തമതാല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ഈ നേതാവ് ഇന്ത്യയിലെ വിഘടനവാദികളുടെയും വിധ്വംസക ശക്തികളുടെയും, ആയുധവും പണവും നല്‍കി അവരെ തന്ത്രപരമായി സഹായിച്ചുകൊണ്ടിരുന്ന വിദേശ ശക്തികളുടെയും ഭാഷയിലാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും പാര്‍ലമെന്റിനെയും ജുഡീഷ്യറിയെയുമൊക്കെ അപകര്‍ത്തിപ്പെടുത്തി ആനന്ദിക്കുന്ന രാഹുല്‍ വളരെ വ്യക്തമായിത്തന്നെ ഇന്ത്യാവിരുദ്ധ ശക്തികളുടെ കൈകളില്‍ കിടന്നു കളിക്കുകയാണ്. ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രസംഗിച്ച് എല്ലാ പരിധികളും ലംഘിക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയിലെ സിഖുകാരെ പ്രധാനമന്ത്രി  മോദി രണ്ടാംതരം പൗരന്മാരായാണ് കാണുന്നതെന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രസ്താവന ഒരു വിവരദോഷിയുടെ വിടുവായത്തമായി കാണാനാവില്ല. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഭരണത്തിന്റെ തണലില്‍ ഖാലിസ്ഥാന്‍ വിഘടനവാദികള്‍ ശക്തിയാര്‍ജിക്കാന്‍  ശ്രമം നടത്തുമ്പോള്‍ അതിന് സഹായകമാവുന്ന വിധത്തിലുള്ള പ്രസ്താവനയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ നടന്ന സമരത്തില്‍ ഖാലിസ്ഥാന്‍ വിഘടനവാദികള്‍ വലിയ സംഘര്‍ഷത്തിന് ശ്രമിച്ചിരുന്നു. അതിനെയും കോണ്‍ഗ്രസ്സും രാഹുലും പിന്തുണയ്‌ക്കുകയുണ്ടായി. ജനാധിപത്യപരമായി നരേന്ദ്ര മോദിയെയും ബിജെപിയെയും തോല്‍പ്പിക്കാനാവില്ലെന്നു വന്നപ്പോള്‍ വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് കോണ്‍ഗ്രസ്സ് എന്നുവേണം കരുതാന്‍.

മൂന്നു സംസ്ഥാനങ്ങളിലെ നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് ദയനീയമായി പരാജയപ്പെട്ടതോടെയാണ് പതിവുപോലെ പാര്‍ട്ടിയുടെ നേതാവും എംപിയുമായ രാഹുല്‍ രാജ്യം വിട്ടത്. രാഹുലിന്റെ നേതൃത്വത്തില്‍ ഏറെ കൊട്ടിഘോഷിച്ചു നടത്തിയ ഭാരത് ജോഡോ യാത്രയോടെ കോണ്‍ഗ്രസ് ജനവിശ്വാസം വീണ്ടെടുത്തിരിക്കുകയാണെന്ന അവകാശവാദം എത്ര പരിഹാസ്യമാണെന്ന് തെളിയിക്കുന്നതായിരുന്നു ത്രിപുരയിലും നാഗാലാന്റിലും മേഘാലയയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് സംഭവിച്ച പരാജയം. കോണ്‍ഗ്രസ്സില്‍ സോണിയാ കുടുംബത്തിന്റെ വിധേയന്മാരും, ആ പാര്‍ട്ടിക്ക് വിടുപണി ചെയ്യുന്ന മാധ്യമങ്ങളും കരുതുന്നതുപോലെ രാഹുലിനെ ഒരു നേതാവായോ കോണ്‍ഗ്രസ്സിനെ ബിജെപിക്ക് ബദലായോ ജനങ്ങള്‍ കാണുന്നില്ലെന്ന് മൂന്ന് സംസ്ഥാനങ്ങളിലെ ജനവിധി ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുകയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പപ്പു വീണ്ടും പപ്പുവായിരിക്കുന്നു. തോല്‍വി ഉറപ്പായതിനാലാണ് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയനുസരിച്ച് രാഹുല്‍ വിദേശത്തേക്ക് കടന്നത്. ഇങ്ങനെയായാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ മറുപടി പറയുകയോ വേണ്ട. തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനു മുന്‍പ് രാജ്യം വിടുന്നത് ഈ നേതാവിന്റെ രീതിയാണ്. അപക്വവും അന്തസ്സില്ലാത്തതുമായ രാഷ്‌ട്രീയവും, രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ മാനിക്കാത്തതുമാണ് ഇങ്ങനെ പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കെട്ടടങ്ങുമ്പോള്‍ ഇളിഭ്യച്ചിരിയുമായി മടങ്ങിയെത്തും. അതുവരെ ജനങ്ങളോട് മറുപടി പറഞ്ഞ് വശംകെടാനുള്ള ബാധ്യത വിധേയന്മാരുടേതാണ്.

ലോക്‌സഭയില്‍ രാഹുല്‍ മോശമായി പെരുമാറിയെന്ന അംഗങ്ങളുടെ പരാതി പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കുകയാണ്. ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് ഒരു വിദേശ മണ്ണില്‍ ചെന്നും ഇയാള്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നത്. നരേന്ദ്ര മോദി ഇന്ത്യ എന്ന ആശയം അടിച്ചേല്‍പ്പിക്കുകയാണത്രേ. ഇത് അംഗീകരിക്കാനാവില്ല. ഇന്ത്യ ഒരൊറ്റ രാജ്യമാണെന്നു പറഞ്ഞാല്‍ ശക്തമായ തിരിച്ചടിയുണ്ടാവും എന്നൊക്കെയാണ് രാഹുല്‍ പ്രസംഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പ്രദേശങ്ങളുടെയും പേരില്‍ തമ്മിലടിപ്പിച്ച് അധികാരത്തില്‍ തുടര്‍ന്ന കോണ്‍ഗ്രസ്സിന് ഇപ്പോള്‍ അതിന് കഴിയാത്തതിന്റെ അമര്‍ഷമാണ്. ഇന്ത്യയുടെ ഐക്യത്തിനും മുന്നേറ്റത്തിനും വേണ്ടി നിലകൊള്ളുന്ന ആര്‍എസ്എസിനെതിരെയും രാഹുല്‍ വിഷലിപ്തമായ പരാമര്‍ശങ്ങള്‍ നടത്തുന്നതും ഇതുകൊണ്ടാണ്. രാജ്യവിരുദ്ധ ശക്തികളെയും അവര്‍ക്ക് രാഷ്‌ട്രീയ പിന്തുണ നല്‍കുന്നവരെയും ഇപ്പോള്‍ ജനങ്ങള്‍ക്ക് തിരിച്ചറിയാനാവുന്നുണ്ട്. ദേശീയ ഐക്യത്തെ ഊട്ടിയുറപ്പിക്കുകയും രാജ്യസുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു ഭരണകൂടം അധികാരത്തില്‍ തുടരുന്നത് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്നതല്ലെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഇതിനോടുള്ള പ്രതികരണമാണ് രാഹുലിന്റെ കേംബ്രിഡ്ജ് പ്രസംഗത്തില്‍ പ്രതിഫലിക്കുന്നത്. കോണ്‍ഗ്രസ്സിനു പുറത്ത് ആരും ഗൗരവത്തിലെടുക്കാത്ത നേതാവാണ് രാഹുല്‍. രാജ്യത്തിന്റെ നേതാവായി ജനങ്ങള്‍ കാണുന്നുമില്ല. ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍ താന്‍ ശ്രദ്ധിക്കപ്പെടുമെന്നും, പ്രധാനമന്ത്രി മോദിയുടെ പ്രതിയോഗിയാവാമെന്നുമൊക്കെ കരുതുന്നുണ്ടെങ്കില്‍ രാഹുല്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലായിരിക്കും. ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടിരിക്കുന്ന  കോണ്‍ഗ്രസ്സ് തുടച്ചുനീക്കപ്പെടുന്ന സ്ഥിതിയിലേക്കായിരിക്കും ഇത്തരം രാജ്യവിരുദ്ധ പ്രസ്താവനകള്‍ ഈ പാര്‍ട്ടിയെ കൊണ്ടെത്തിക്കുക.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക