ന്യൂദല്‍ഹി: ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കുഞ്ഞുങ്ങളെ സംസ്കാരവും മൂല്യങ്ങളും പഠിപ്പിക്കണമെന്ന് ആര്‍എസ്എസ് വനിതാ സംഘടനയായ സംവര്‍ധിനി ന്യാസ്. ഇതിനായി ഗര്‍ഭസംസ്കാരം എന്ന പ്രചാരണത്തിന് തുടക്കം കുറിച്ചതായി സംഘടനയുടെ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി മാധുരി മാറത്തെ പറഞ്ഞു. ദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഗര്‍ഭസംസ്കാരത്തെക്കുറിച്ചുള്ള ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മാധുരി. രാജ്യസ്‌നേഹവും സ്ത്രീകളോട് ആദരവുമുള്ള കുട്ടികളെ വളർത്താൻ ‘ഗർഭ സംസ്‌കാരം’ പരിശീലിക്കണമെന്നും മാധുരി മറാത്തെ പറഞ്ഞു.
“ഗർഭിണിയായിരിക്കുന്ന ഒൻപതു മാസത്തിനിടെയോ പ്രസവം കഴിഞ്ഞ് രണ്ട് വർഷത്തിനിടെയോ ഉള്ള 1000 ദിവസം ‘ഗർഭസംസ്‌കാരം’ പരിശീലിച്ചാൽ വരും തലമുറകളിൽ രാജ്യസ്‌നേഹവും സ്ത്രീകളോട് ആദരവും ഉള്ളവരായി വളർത്താൻ കഴിയും. മറാത്ത ഭരണാധികാരി ശിവാജിയുടെ അമ്മ ഗർഭ സംസ്കാരം പരിശീലിച്ചിരുന്നു. അതിന്റെ ഫലം ശിവജിയിൽ ദൃശ്യമായിരുന്നു”, മാധുരി മറാത്തെ കൂട്ടിച്ചേർത്തു.
ഋഗ്വേദത്തിൽ പരാമർശിക്കുന്ന ഗർഭ സംസ്‌കാരം, ഗർഭകാലത്ത് സന്തോഷവാനായി ഇരിക്കേണ്ടതിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു, പോസിറ്റീവ് ചിന്തകളിലൂടെയും, നല്ല പുസ്തകങ്ങൾ വായിക്കുന്നതിലൂടെയും, യോഗയിലൂടെയുമെല്ലാം, അമ്മയുടെ ഗർഭപാത്രത്തിൽ വളരുന്ന കുട്ടിയോട് സംസാരിക്കണമെന്നും മാധുരി പറഞ്ഞു. ഗൈനക്കോളജിസ്റ്റുകൾ ഗർഭിണികളായ സ്ത്രീകളെ സമീപിച്ച് കുട്ടി ജനിക്കുന്നതിന് മുമ്പ് തന്നെ ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് പഠിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മാധുരി മറാത്തെ ശിൽപശാലയിൽ ചൂണ്ടിക്കാട്ടി.
ആയുർവേദവും യോഗയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അവയിൽ നിന്ന് ഒന്നിലെ വേർപെടുത്താനാകില്ലെന്നും വിശിഷ്ടാതിഥികളിലൊരാളായി ശിൽപശാലയിൽ പങ്കെടുത്ത ഡൽഹി എയിംസിലെ ഡോ.രാമ ജയ സുന്ദർ പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രം, യോഗ, ആയുർവേദം എന്നിവയുടെ സംയോജനം ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമാണെന്നും അവർ പറഞ്ഞു.
ശിൽപശാലയിൽ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുത്തു.ദൽഹി എയിംസ് ഉൾപ്പെടെ രാജ്യത്തുടനീളമുള്ള പ്രമുഖ ആശുപത്രികളിലെ ഡോക്ടർമാരും ആയുർവേദ വിദഗ്ധരും ശിൽപശാലയിൽ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: