അഹമ്മദാബാദ്: മോടിയിലാണ് അഹമ്മദാബാദ്. ടെസ്റ്റ് ക്രിക്കറ്റിലെ തീപ്പൊരി പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഒരുങ്ങി. ഇന്ത്യ-ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കമാകുമ്പോള്‍ അതിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ആന്റണി ആല്‍ബനീസും സ്റ്റേഡിയത്തിലുണ്ടാകും. ഒരു ലക്ഷത്തോളം കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം ലോകത്തിലെ വലിയ ക്രിക്കറ്റ് മൈതാനമാണ്.
ഇന്ത്യയ്ക്ക് ലക്ഷ്യം പരമ്പരയ്ക്കൊപ്പം ലോക ടെസ്റ്റ്ചാമ്പ്യന്‍ഷിപ്പില്‍ തുടരെ രണ്ടാം ഫൈനല്‍. ഓസ്ട്രേലിയയാകട്ടെ ഇന്ത്യയില്‍ നിത്യമായ പരമ്പര തോല്‍വി ഒഴിവാക്കാനുള്ള ശ്രമത്തിലും. അഹമ്മദാബാദില്‍ ജയിച്ചാല്‍ പരമ്പര 2-2ന് സമനിലയിലാകും. ഓസ്ട്രേലിയ നേരത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിച്ചിരുന്നു. തോറ്റാല്‍ ഇന്ത്യക്ക് ശ്രീലങ്ക-ന്യൂസിലന്‍ഡ് പരമ്പരയുടെ ഫലം ആശ്രയിക്കേണ്ടിവരും.
ഇന്‍ഡോറിലെ തോല്‍വി ബാറ്റിങ് നിരയുടെ സമ്പൂര്‍ണ പരാജയമാണ്. രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എസ്. ഭരത് എന്നിവര്‍ പരാജയപ്പെട്ടു. ഇതില്‍ രോഹിത്തിനൊഴികെ ആര്‍ക്കും പരമ്പരയില്‍ മികച്ച പ്രകടനത്തിനായിട്ടില്ല. 207 റണ്‍സെടുത്ത രോഹിത്താണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ടോപ് സ്കോറര്‍. പിന്നെ റണ്‍ കണ്ടെത്തിയത് ഇടംകൈയന്‍ സ്പിന്നിങ് ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍, 185 റണ്‍സ്. രവീന്ദ്ര ജഡേജയും ആര്. അശ്വിനുമെല്ലാം ബാറ്റിങ്ങിന് താങ്ങായത് ഇന്ത്യക്ക് രക്ഷയായി. മുന്‍നിരക്കാരുടെ പ്രകടനമാകും ഈ ടെസ്റ്റിലും നിര്‍ണായകം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഭരതിനു പകരം ഇഷാന് കിഷന് അവസരം നല്‍കിയേക്കുമെന്ന് സൂചനകളുണ്ട്. എന്നാല്‍ ബാറ്റിങ് ദുഷ്കരമായിരുന്നു പിച്ചുകളിലെന്നത് മുന്നിലുണ്ട്. ഒരു ബാറ്ററെ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിച്ചെങ്കിലും ബൗളിങ് നിരയുടെ ശക്തി കുറയ്ക്കാന്‍ ടീമിന് താത്പര്യമില്ല.
ബൗളിങ്ങില്‍ മുഹമ്മദ് ഷമി തിരിച്ചെത്തും. മുഹമ്മദ് സിറാജിനാകും വിശ്രമം അനുവദിക്കുക. അടുത്ത വരുന്ന ഏകദിന പരമ്പര മുന്നില്‍ക്കണ്ടാണിത്. അതേസമയം, കഴിഞ്ഞ കളിയില്‍ ഷമിക്ക് പകരമെത്തിയ ഉമേഷ് യാദവ് തുടരും. ഇന്‍ഡോറില്‍ ഉമേഷിന്റേത് മിന്നും പ്രകടനമായിരുന്നു. ബാറ്റില്‍ നിന്ന് ചില വന്‍ ഷോട്ടുകളുമുണ്ടായി. അശ്വിന്, ജഡേജ, അക്സര്‍ കൂട്ടുകെട്ട് സ്പിന്‍ ബൗളിങ്ങിലും നയിക്കും. അക്സറിന്റെ ഇടംകൈയന്‍ ബൗളിങ് ഇതുവരെ വലിയ ഫലപ്രദമായില്ല. എങ്കിലും സ്വന്തം നാട്ടില്‍ അക്സര്‍ തിളങ്ങുമെന്നാണ് പ്രതീക്ഷ. ഇവിടെ മികച്ച റിക്കാര്‍ഡുണ്ട് അക്സറിന്.
ഓസീസ് ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. ട്രാവിസ് ഹെഡ്ഡും ഉസ്മാന് ഖവാജയും ഓപ്പണറായെത്തും. മാര്‍നസ് ലബുഷെയ്ന്, സ്റ്റീവ് സ്മിത്ത്, പീറ്റന്‍ ഹാന്‍ഡ്സ്കോമ്പ്, കാമറൂണ്‍ ഗ്രീന്‍, വിക്കറ്റ് കീപ്പര്‍ അലക്സ് കാരി എന്നിവരുമുണ്ടാകും. ഓള്‍റൗണ്ടറായ ഗ്രീന്‍ പന്തെറിയുമോയെന്ന് വ്യക്തമല്ല. മിച്ചല്‍ സ്റ്റാര്‍ക്കാണ് പേസര്‍. നഥാന്‍ ലിയോണ്‍, ടോഡ് മര്‍ഫി, മാത്യു കുനെമാന് എന്നിവര്‍ സ്പിന്‍ വിഭാഗത്തില്‍. ഒരു പേസറെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ മര്‍ഫിക്കു പകരം സ്കോട്ട് ബൊളാന്ഡൊ ലാന്‍സ് മോറിസോ കളിച്ചേക്കും.
രണ്ട് പിച്ചുകളാണ് തയാറാക്കിയിട്ടുള്ളത്. അതില്‍ കൂടുതല്‍ വരണ്ട പിച്ചാകും ഉപയോഗിക്കുകയെന്നാണ് കരുതുന്നത്. ആദ്യ ദിനം മുതല്‍ പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്നാണ് കരുതുന്നത്. അഹമ്മദാബാദില്‍ കടുത്ത ചൂടായതിനാല്‍ പിച്ചില്‍ ഈര്പ്പമുണ്ടാകില്ല. ഇവിടെ ഇതിനു മുന്‍പ് നടന്ന രണ്ടു ടെസ്റ്റുകളിലും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയിച്ചു. പകല്‍-രാത്രി ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചപ്പോള്‍, രണ്ടാമത്തേത് മൂന്നു ദിവസത്തില്‍ തീര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: