കെ. വിജയന് മേനോന്
ഗുരുവായൂര്‍: ഭരതമുനിയെ മനസില്‍ ധ്യാനിച്ചും, ശ്രീകൃഷ്ണ ഭക്തിയെ സ്ഫുടം ചെയ്തെടുത്തും ഗുരുവായൂര്‍ ദേവസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കണ്ണനു മുന്നില്‍ തകര്‍ത്താടി ഗായത്രി വിജയലക്ഷ്മി. ഗുരുവായൂര്‍ ക്ഷേത്രോത്സവം അഞ്ചാം ദിവസം അരങ്ങേറിയ ഭരതനാട്യം തിങ്ങിനിറഞ്ഞ ആസ്വാദക ഹൃദയങ്ങളെ വൃന്ദാവനത്തിലേക്കാനയിച്ചു. തിരുവനന്തപുരം പാറ്റൂര്‍ സ്വദേശിനിയാണ് ഇത്തരത്തില്‍ ആസ്വാദകരുടെ മനം കവര്‍ന്ന ഗായത്രി വിജയലക്ഷ്മി.
അണിയറയിലെ പക്കമേളവും, അരങ്ങില്‍ ഗായത്രിയുടെ പതര്‍ച്ചയില്ലാത്ത നാട്യവും ആരാധകരെ ഒട്ടൊന്നുമല്ല വിസ്മയ ലോകത്തേക്കെത്തിച്ചത്. വ്യത്യസ്ഥ രാഗങ്ങളിലും, ആദിതാളത്തിലും അവര്‍ ചുവടുകള്‍ മാറിമാറി ആടിയപ്പോള്‍, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും, പരിസരത്തും തടിച്ചുകൂടിയ ആസ്വാദകര്‍ കരഘോഷത്തോടെ ആ നൃത്തവിസ്മയത്തെ എതിരേറ്റു. പാപനാശം ശിവകൃതിയില് ഹരഹരപ്രിയ രാഗം ആദിതാളത്തില്‍, ഗണപതി സ്തുതിഗീതത്തോടെയായിരുന്നു.
ഗായത്രി വിജയലക്ഷ്മി അവതരിപ്പിച്ച ഭരതനാട്യത്തിന്റെ തുടക്കം. തുടര്‍ന്ന് അംബുജം കൃഷ്ണന് രചിച്ച് കര്‍ണരഞ്ജിനി രാഗം, മിശ്രചാപു താളത്തില്‍ ‘ഓം നമോ നാരായണ’ എന്ന നാരായണസ്തുതിയും, ‘പാര്‍ക്ക് പാര്‍ക്കെ’ എന്ന ശ്രീപത്മനാഭ സ്തുതി തുടങ്ങി കാപ്പിരാഗം ആദിതാളത്തില്‍ അംബുജം കൃഷ്ണന് ചിട്ടപ്പെടുത്തിയ ‘ചിന്നചിന്ന പാദം വെയ്ത്ത്’എന്ന ശ്രീകൃഷ്ണ സ്തുതിയോടെ ഏഴ് കീര്‍ത്തനങ്ങളുടെ താളത്തില്‍ ചുവടുവെച്ച് ശ്രീഗുരുവായൂരപ്പനെ കൈകൂപ്പി വണങ്ങിയാണ് ഗായത്രി നാട്യവതരണം അവസാനിപ്പിച്ചത്.
തിരുവനന്തപുരം മിഥിലാലയ ഡാന്‍സ് അക്കദമിയിലെ നൃത്താധ്യാപിക മൈഥിലി ടീച്ചറുടെ ശിക്ഷണത്തിലാണ് കഴിഞ്ഞ എട്ടു വര്‍ഷമായി ഗായത്രി വിജയലക്ഷ്മി നൃത്താഭ്യാസം തുടരുന്നത്. ചൊവ്വാഴ്ച അവതരിപ്പിച്ച ഭരതനാട്യത്തില്‍ നാട്ടുവാംഗത്തില് രാധയും, വായ്പാട്ടില്‍ പനമറ്റം മധുസൂധനന് നായരും, മൃദംഗത്തില്‍ ജയശങ്കറും, വയലിനില്‍ ശിവകുമാറും പക്കമേളത്തിന് പിന്നണിയില്‍ അണിചേര്‍ന്നതോടെ ഭരതനട്യ നൃത്താവതരണം തികച്ചും അവിസ്മരണീയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: