കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളില്‍ കൊച്ചിയും ഉള്‍പ്പെട്ടു. നാഷണല്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സില്‍ (എക്യുഐ) കൊച്ചിയുടെ അന്തരീക്ഷ വായു ‘മോശം’ ഗണത്തില്‍ എത്തി. വൈറ്റിലയിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിരീക്ഷണ കേന്ദ്രത്തിലൂടെയാണ് കൊച്ചിയിലെ വായു ഗുണനിലവാരം പരിശോധിക്കുന്നത്. 24 മണിക്കൂറിലെ തോത് ശേഖരിച്ചാണ് ശരാശരി എക്യുഐ അടയാളപ്പെടുത്തുന്നത്.
ദല്ഹിക്കൊപ്പമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയുടെ മലീനീകരണ തോത്. ഇന്നലെ രാവിലെ കൊച്ചിയിലെ എയര്‍ ക്വാളിറ്റി തോത് 223 ആയിരുന്നു. ഈ സമയം ദല്‍ഹിയിലേത് 257 ആയിരുന്നു. കൊച്ചിയില്‍ പിഎം 2.5 തോത് 465ലും, പിഎം 10 തോത് 432ലുമാണ്. വായുവിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ മൊബൈല്‍ വാഹനം സിവില്‍ സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നുള്ള ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് വാന്‍ ആണ് എത്തിച്ചത്. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മഹേഷ് മോഹന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
പിഎച്ച്ഡി വിദ്യാര്‍ഥിയായ എന്‍.ജി. വിഷ്ണു, എംഎസ്സി വിദ്യാര്‍ഥിയായ ആല്ബിന് ഷാജന് എന്നിവരാണ് വാഹനത്തിലുള്ളത്. മൂന്ന് ദിവസം വായുവിന്റെ ഗുണനിലവാരം നിരീക്ഷിച്ച ശേഷം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കും. ആദ്യ ദിവസം സിവില്‍ സ്റ്റേഷനിലാണ് വാഹനം തങ്ങുന്നത്. അടുത്ത ദിവസം മറ്റിടത്തേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: