‘കേരളം കത്തിപ്പടരും. പിണാറായി വിജയന് കേരളത്തിന്റെ ഐശ്വര്യമാണ്!. മടിച്ച് മടിച്ച് ഒടുവില്‍ സിപിഎം പ്രതിരോധയാത്രയില്‍ പങ്കെടുത്തു സംസാരിച്ചു, ഇ.പി. ജയരാജന്. തൃശൂരില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞകാര്യമാണ് മുകളില്‍ പറഞ്ഞത്. കേരളം ഭരിക്കുന്ന മുന്നണിയുടെ കണ്‍വീനറാണ് പ്രസംഗകന്. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും. അദ്ദേഹമാണ് പറയുന്നത്. കേരളം കത്തിപ്പടരുമെന്ന്. എറണാകുളത്ത് നാലഞ്ചുദിവസം കത്തിപ്പടര്‍ന്ന സംഭവം കണ്ടു. നഗരം മുഴുവന്‍ വിഷപ്പുക കൊണ്ട് മൂടി. വിദ്യാലയങ്ങള്‍ക്ക് അവധികൊടുക്കേണ്ടിവന്നു. വാഹനങ്ങള്‍ ഓടിക്കാന്‍ ബുദ്ധിമുട്ടി. പല വീട്ടുകാരും പ്രത്യേകിച്ച് പ്രായമേറിയവര്‍ ശ്വാസംമുട്ടി മൃതപ്രായരായി. ഇനിയും ഒരു കത്തിപ്പടര്‍പ്പ് സഹിക്കാനൊക്കുമോ? പിണറായിയെ വിമര്‍ശിച്ചാല്‍ കത്തിപ്പടരുമോ? ഇതാണോ, ഇങ്ങിനെയാണോ കേരളത്തിന്റെ ഐശ്വര്യം? ഈ ഐശ്വര്യത്തെയാണോ കണികണ്ടുഉണരേണ്ടത്!
ഈ ഐശ്വര്യത്തിന്റെ മഹിമ സ്വപ്ന സുരേഷ് വിസ്തരിച്ചിട്ടുണ്ട്. കേരളം കണ്ട ആണത്തമുള്ള സ്ത്രീശബ്ദം. ”ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും മകളും മകനും ഭാര്യയും കേരളത്തെ വിറ്റുതുലച്ച് സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ്. അതിന് ഏറ്റവും കൂടുതല്‍ സഹായം ചെയ്തിട്ടുള്ളത് ശിവശങ്കരനാണ്. സി.എം. രവീന്ദ്രനാണ്. ഏതറ്റം പോകേണ്ടിവന്നാലും ഞാനതിനെതിരായി നില്ക്കും. എത്രവര്‍ഷം ജയിലില്‍ കിടക്കേണ്ടിവന്നാലും തൂക്കിക്കൊന്നാലും ഞാനതിനായി നിലകൊള്ളും.” ഇതാണോ ഐശ്വര്യം. ഇങ്ങിനെയാകണോ ഐശ്വര്യം എന്നാരും ചോദിച്ചുപോകുന്ന സംഭവങ്ങള്‍. സ്വപ്ന ഇതൊക്കെ പരസ്യമായി പറഞ്ഞകാര്യമാണ്. ആത്മാഭിമാനമുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസുകൊടുക്കേണ്ടതല്ലെ. ഒരു വക്കീല്‍ നോട്ടീസെങ്കിലും അയച്ചിട്ടുണ്ടോ? മന്ത്രിമാരെക്കുറിച്ച് പറഞ്ഞതെല്ലാം സത്യമായി നിലനില്ക്കുകയല്ലെ. ഒരു മന്ത്രി മൂന്നാറിലേക്ക് ക്ഷണിച്ചു. ഒരു മുന്‍മന്ത്രി, അയാളെ വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല. സ്പീക്കറായിരുന്ന ഒരാള്‍ക്കെതിരെ പറഞ്ഞത് കേട്ടില്ലെ. കോളേജ് പിള്ളേരെ പോലെയാണയാള്‍. ഒരുമിച്ച് കള്ളുകുടിക്കുക, ചാറ്റ് ചെയ്യുക എന്നിവയൊക്കെയാണയാളുടെ പരിപാടി. ഒരു വക്കീല്‍ നോട്ടീസെങ്കിലും അയക്കാനുള്ള ത്രാണി ഉണ്ടായോ? ഇങ്ങനെയാകണോ കേരളത്തിന്റെ ഐശ്വര്യങ്ങള്‍.
ഇ.പി.ജയരാജന്റെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയുമൊക്കെ കാര്യങ്ങള്‍ ഇങ്ങിനെയാണെങ്കില്‍ പ്രതിരോധയാത്ര നയിക്കുന്ന ഡ്രില്ല് മാഷ് മൈക്ക് ഓപ്പറേറ്ററെ വിരട്ടിയ വിശേഷങ്ങളാണ് ബഹുകേമം. അതിനെക്കുറിച്ച് ഗോവിന്ദന് മാഷ് തന്നെ വിശദീകരിച്ചത് നോക്കാം.
‘എന്താണ് സംഭവിച്ചതെന്ന് പറയാം. ഞാന്‍ ഇങ്ങനെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. സാധാരണ ഗതിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് ഇടപെട്ടാലും എനിക്ക് വിഷമമുണ്ടാകാറില്ല. ചോദ്യങ്ങളെല്ലാം ചോദിച്ച് അതിനു മറുപടിയൊക്കെ പറഞ്ഞ് പ്രസംഗിക്കുന്നതാണ് എന്റെ രീതി. പണ്ടേ അങ്ങനെയാണ്. ഇപ്പോള്‍ തുടങ്ങിയതൊന്നുമല്ല. ജാഥയ്ക്ക് വന്നതുകൊണ്ടുമല്ല. പ്രസംഗത്തിനിടെ ഒരു പ്രാവശ്യം വന്ന് അയാള്‍ മൈക്ക് ശരിയാക്കി. അവിടെനിന്ന് പോയശേഷം വീണ്ടും വന്ന് ഒന്നുകൂടി മൈക്ക് ശരിയാക്കി. എന്നിട്ട് അയാള്‍ എന്നോടു പറയുകയാണ്, അടുത്തുനിന്ന് സംസാരിക്കണമെന്ന്. അടുത്തുനിന്ന് സംസാരിക്കണമെന്നു പറഞ്ഞ് ആ മൈക്ക് ഓപ്പറേറ്റര്‍ എന്നെ പഠിപ്പിക്കാന്‍ വരികയാണ്.’ ഗോവിന്ദന് മാഷിന്റെ ക്ലാസ് പിന്നെയും നിര്‍ത്തുന്നില്ല.
”അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ അടുത്തു നില്‍ക്കാത്തതല്ല പ്രശ്നം. ഒരുപാടു സാധനങ്ങളുണ്ടിവിടെ. ആ സാധനമെല്ലാം കൊണ്ടുവച്ച് കൃത്യമായി, ശാസ്ത്രീയമായിട്ട് തയാറാക്കാന്‍ പറ്റിയിട്ടില്ല. അതാണ് പ്രശ്നം. എന്നിട്ട് അതിനെക്കുറിച്ച് ഞാന്‍ പൊതുയോഗത്തില്‍ വിശദീകരിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ചെല്ലാം പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതില്‍ പ്രാപ്തിയില്ലാത്തതിന്റെ ഫലമായിട്ടാണ് ആ സംഭവമുണ്ടായത് എന്ന് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ കയ്യടിക്കുകയും ചെയ്തു’.
‘പോട്. പോയേ… നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി’ എന്നു ചോദിച്ച് അദ്ദേഹം മൈക്ക് ഓപ്പറേറ്ററെ വേദിയില്‍ നിന്ന് ഇറക്കിവിട്ടു. ഇതിനു പിന്നാലെ മൈക്ക് കൈകാര്യം ചെയ്യുന്ന യുവാവിനെ കുറ്റപ്പെടുത്തി സദസിനോടു സംസാരിക്കുകയും ചെയ്തു.
”മൈക്കിന്റെ അടുത്തുനിന്നു പറയണമെന്നാണ് ചങ്ങാതി പറയുന്നത്. ആദ്യമായി മൈക്കിനു മുന്നില്‍ നില്‍ക്കുന്നയാളോട് വിശദീകരിക്കുന്നതു പോലെയാണ് പറയുന്നത്. ഇതെന്താണെന്ന് അറിയാമോ, കുറേ സാധനങ്ങളുണ്ട്. പക്ഷേ, ഇതൊന്നും കൈകാര്യം ചെയ്യാനറിയില്ല. ഈ മൈക്ക് ചെറിയ കാര്യമല്ല. ഇത് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൈകാര്യം ചെയ്യേണ്ട ഉപകരണമാണ്. കുറേ ഉപകരണങ്ങള്‍ വാരിവലിച്ചു കൊണ്ടുവന്നതു കൊണ്ടൊന്നും കാര്യമില്ല. ആള്‍ക്കാരോടു സംവദിക്കാന്‍ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാന്‍ അറിയണം. അവിടുന്നും ഇവിടുന്നും ചിലര്‍ ശബ്ദമില്ലെന്നു പറയുമ്പോള്‍ വേഗം വന്ന് മൈക്കിന് അടുത്തുനിന്ന് പറയണമെന്നാണ്. ഇതാണ് ഞാന്‍ പറഞ്ഞ കാര്യം. ഇതിനെക്കുറിച്ച് നല്ല ധാരണ വേണം. അല്ലാതെ നല്ല സാധനം കയ്യിലുണ്ടായിട്ടു കാര്യമില്ല. ഇത്രയൊന്നും സാധനങ്ങള്‍ വേണ്ട. അല്ലാതെ തന്നെ ഈ ഹാളിലുള്ള മുഴുവന്‍ ആളുകള്‍ക്കും കേള്‍ക്കാന്‍ കഴിയും.’ ആധുനിക ഇലക്ട്രിക് സംവിധാനത്തെ മുച്ചൂടും എതിര്‍ത്തു പോന്ന സിപിഎമ്മുകാരുടെ ഭാഷ്യം നോക്കണേ! കംപ്യൂട്ടര്‍ വന്നാല്‍ തൊഴില്‍ നഷ്ടപ്പെടും. കംപ്യൂട്ടര്‍ തൊഴിലാളിവര്‍ഗത്തിന്റെ കാലനെന്നുപറഞ്ഞ് കാരണവരുടെ ന്യായവാദം അത്ഭുതകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: