ലക്നൗ: ഉമേഷ് പാല് കൊലക്കേസിലെ പ്രതിയായ കൊടും കുറ്റവാളിയെ ഏറ്റുമുട്ടലില്‍ വധിച്ച് ഉത്തര്‍പ്രദേശ് പോലീസ്. അതിക് അഹമ്മദിന്റെ ഗ്യാംഗിലെ പ്രധാനിയായ കൊടുംക്രിമിനാലായ ഉസ്മാന് ആണ് കൊല്ലപ്പെട്ടത്. ഇയാളുമായുള്ള ഏറ്റുമുട്ടലില്‍ പോലീസുകാരില്‍ ചിലര്‍ക്കും പരിക്കേറ്റു.
പ്രയാഗ്രാജിലെ കൗദിയാരയില്‍ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ഏറ്റുമുട്ടല്‍. പോലീസിനെ ആക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നാണ് സൂചന. ഇതോടെ ഏറ്റുമുട്ടലിലൂടെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസിന്റെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ പ്രയാഗ്രാജിലെ സ്വരൂപ് റാണി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
ബിഎസ്പി എംഎല്‍എ രാജു പാലിനെ അതിക് അഹമ്മദിന്റെ സംഘം കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃക് സാക്ഷിയാണ് ഉമേഷ് പാല്. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ കഴിഞ്ഞ മാസം 24 നായിരുന്നു ഉമേഷ് പാലിനെ അതിക് അഹമ്മദിന്റെ സംഘം കൊലപ്പെടുത്തിയത്. ഉമേഷ് പാലിന് നേര്‍ക്ക് ആദ്യം വെടിയുതിര്‍ത്തത് ഉസ്മാന് ആണ്. ഇതിന് പുറമേ അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള പോലീസുകാരനെയും ഉസ്മാന് വെടിയുതിര്‍ത്ത് പരിക്കേല്‍പ്പിച്ചിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം ഉള്‍പ്പെടെ പോലീസ് പ്രഖ്യാപിച്ചിരുന്നു.
സംഭവത്തില്‍ ഉമേഷ് പാലിന്റെ ഭാര്യയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. അതിക് അഹമ്മദ്, സഹോദരന് അഷ്റഫ്, ഇവരുടെ ഭാര്യ ഷൈസ്ത പര്‍വീണ്‍, എന്നിവര്‍ക്കെതിരെയാണ് കേസ്. അതേസമയം ഏറ്റുമുട്ടലിലൂടെ പോലീസ് വധിക്കുന്ന കേസിലെ രണ്ടാമത്തെയാളാണ് ഉസ്മാന്. ദിവസങ്ങള്‍ക്ക് മുന്‍പ് കേസിലെ മറ്റൊരു പ്രതിയും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: