നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായുള്ള സിപിഎം നേതൃത്വത്തിന്റെ ബന്ധത്തില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂര്‍ ചെറിയനാട് പാര്‍ട്ടി അംഗങ്ങള്‍ കൂട്ടത്തോടെ രാജിവച്ച സംഭവം വലിയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. വ്യക്തിപരമായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഒന്നോ രണ്ടോ പേര് പാര്‍ട്ടി വിടുകയല്ല ചെയ്തിട്ടുള്ളത്. ബ്രാഞ്ച് സെക്രട്ടറിമാരും പോഷകസംഘടനകളുടെ ഭാരവാഹികളും ഉള്‍പ്പെടെ നാല്പതോളം പേരാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. സിപിഎം നേതൃത്വം മൂടിവയ്ക്കാന്‍ ശ്രമിക്കുകയും, അനുദിനം കൂടുതല്‍ കൂടുതല്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒന്നാണ് പോപ്പുലര്‍ ഫ്രണ്ടും അവരുടെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയുമായുള്ള സിപിഎമ്മിന്റെ ബന്ധം. സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ഇസ്ലാമിക തീവ്രവാദികളുമായുള്ള സിപിഎമ്മിന്റെ അവിശുദ്ധബന്ധം എത്രമാത്രം ശക്തിപ്പെട്ടിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ചെറിയനാട് ബ്രാഞ്ച് സെക്രട്ടറിയുടെ രാജിക്കത്ത്. സിപിഎമ്മിന്റെ കപട മതേതരമുഖം ഈ കത്ത് വലിച്ചുകീറുന്നുണ്ട്. ചന്ദനം തൊട്ടതിന്റെ പേരില്‍ പാര്‍ട്ടി അംഗങ്ങളെ വിമര്‍ശിച്ച മതമൗലികവാദിയാണ് ചെറിയനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെന്നും, എന്നാല്‍ പാര്‍ട്ടി സമ്മേളനത്തിന് ഇയാളുടെ പിതാവ് പതാക ഉയര്‍ത്തിയത് മുസ്ലിം മതചിഹ്നമായ തുര്‍ക്കിതൊപ്പി വച്ചാണെന്നും കത്തില്‍ പറയുന്നു. ഇതിനെ വിമര്‍ശിക്കാതിരുന്നതിലൂടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മതപക്ഷപാതമാണ് വെളിപ്പെടുന്നത്.
ചെങ്ങന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിശാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മതതീവ്രവാദികളുമായി ചേര്‍ന്ന് ഹോട്ടല്‍ വ്യവസായം നടത്തുന്നയാളാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെന്നും, വര്‍ഗീയതയ്ക്കും മതവിഭാഗീയതക്കുമെതിരെ ഒരു വാക്കുപോലും പറയാത്തയാളാണ് ഈ നേതാവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വര്‍ഗീയവിരുദ്ധ സദസ്സ് സംഘടിപ്പിക്കാന്‍ ഈ നേതാവ് തയ്യാറായില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ വാര്‍ഡിലെ തെരഞ്ഞെടുപ്പില്‍ മതതീവ്രവാദികളുടെ പാര്‍ട്ടിയായ എസ്ഡിപിഐ ജയിച്ചത് ഈ നേതാവിന്റെ ഒത്താശകൊണ്ടാണെന്നും അറിയുമ്പോള്‍ എത്ര ആഴത്തിലുള്ള ബന്ധമാണ് ഇതെന്ന് വ്യക്തമാവുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഭീകരരും കൊലക്കേസ് പ്രതികളുമായുള്ള കൂട്ടുകച്ചവടത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും വോട്ടുബാങ്കിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വം നടപടിയെടുത്തില്ലെന്നാണ് സിപിഎമ്മുകാര്‍തന്നെ പറയുന്നത്. ആലപ്പുഴ ജില്ലയിലെ സിപിഎം-പോപ്പുലര്‍ ഫ്രണ്ട് ബന്ധം സമീപകാലത്ത് വലിയ ചര്‍ച്ചാവിഷയമായതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിയില്‍ ഏറെ പാരമ്പര്യമുള്ള ജി. സുധാകരന് സീറ്റ് നിഷേധിച്ച് എച്ച്. സലാമിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഇസ്ലാമിക മതമൗലികവാദികളെ പ്രീണിപ്പിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എംഎല്‍എയായ സലാമിന് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണവുമുയര്‍ന്നു. ജി. സുധാകരന്റെ എതിരാളിയായി കരുതപ്പെടുന്ന മന്ത്രി സജി ചെറിയാനാണ് തീവ്രവാദികളുടെ രക്ഷകനെന്നും വിമര്‍ശനമുയരുകയുണ്ടായി. ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിന് മന്ത്രിപദവി രാജിവച്ച ചെറിയാനെ വീണ്ടും മന്ത്രിസ്ഥാനത്ത് പ്രതിഷ്ഠിച്ചത് തീവ്രവാദികളെ പ്രീണിപ്പിക്കാന്‍കൂടിയാണ്.
ആലപ്പുഴ ജില്ലയിലെ സിപിഎം നേതാക്കളില്‍ പലരും ലൈംഗികപീഡനക്കേസുകളിലും ലഹരിക്കടത്തുകേസുകളിലും പ്രതികളായി പാര്‍ട്ടി ഒന്നടങ്കം പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് മതതീവ്രവാദികളുമായുള്ള സിപിഎം നേതാക്കളുടെ അടുത്ത ബന്ധവും ചര്‍ച്ചയാവുന്നത്. ഇത്തരം കേസുകളില്‍പ്പെടുന്നവരെ പുറത്താക്കുന്നതിന് പകരം പരമാവധി സംരക്ഷിക്കുകയും, നിവൃത്തിയില്ലാതെ വരുമ്പോള്‍ അച്ചടക്ക നടപടിയെടുത്തെന്നു വരുത്തുകയുമാണ് സിപിഎം ചെയ്യുന്നത്. ഈ നടപടി ഒരു ഒത്തുകളിയുടെ ഭാഗമാണ്. അധികം വൈകാതെ ഇവര്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ തിരിച്ചെത്തുകയും ചെയ്യും. സിപിഎം-മതതീവ്രവാദ ബന്ധം വളരെ ശക്തമാണ്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ ഈ സംഘടനകളില്‍പ്പെടുന്നവരെ സിപിഎമ്മില്‍ ഉള്‍പ്പെടുത്തുകയാണ്. എസ്ഡിപിഐയെ നിരോധിക്കാത്ത സാഹചര്യത്തില്‍ സിപിഎമ്മിന്റെ സഹായത്തോടെ ഇവര്‍ രാഷ്ട്രീയപ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അണികളെ തൃപ്തിപ്പെടുത്താനും ചില തൊടുന്യായങ്ങള്‍ പറയുമെങ്കിലും സിപിഎമ്മിന്റെ ഔദ്യോഗികനയം മതതീവ്രവാദത്തിന് അനുകൂലമാണ്. മിന്നല്‍ ഹര്‍ത്താലിലുണ്ടായ നാശനഷ്ടം പോപ്പുലര്‍ ഫ്രണ്ടുകാരില്‍നിന്ന് ഈടാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ കാണിച്ച കാലതാമസവും അലംഭാവവും പരസ്പരധാരണയുടെ ഫലമായിരുന്നു. ഒടുവില്‍ കോടതി ശക്തമായി ഇടപെട്ടതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന മതതീവ്രവാദികളെ ഒറ്റപ്പെടുത്തുന്നതിനൊപ്പം രാഷ്ട്രീയലാഭത്തിനുവേണ്ടി അവരുമായി സഖ്യത്തിലേര്‍പ്പെടുന്ന സിപിഎമ്മിന്റെ വഞ്ചന തുറന്നുകാട്ടുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: