ന്യൂദല്‍ഹി::ഐഎസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്പിച്ച ഛേത്രിയുടെ ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനം തെറ്റാണെന്ന് മുന്‍ റഫറിമാര്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് റഫറിമാരുടെ ഈ പ്രതികരണം.
“റഫറി ചെയ്തത് തെറ്റായിരുന്നു..എതിര് ടീമിന് അപകടകരമാവുന്ന സ്ഥലത്തുവെച്ചാണ് ഫ്രീകിക്ക് അനുവദിച്ചത്. അതിനാല്‍ തന്നെ ഗോള്‍ കീപ്പറും പ്രതിരോധ മതിലും തയ്യാറായ ശേഷമാണ് കിക്കെടുന്നതെന്ന് റഫറി ഉറപ്പുവരുത്തണമായിരുന്നു. “- ടൈംസ് ഓഫ് ഇന്ത്യ അഭിമുഖത്തില്‍ ഒരു മുന്‍ ദേശീയ റഫറി പ്രതികരിച്ചത് ഇങ്ങിനെയാണ്.
“എന്തുകൊണ്ട് ഇനിയും ഐഎസ്എല്ലില്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആര്‍) ഉപയോഗിക്കാന്‍ തുടങ്ങിയില്ല. അതുണ്ടായിരുന്നെങ്കില്‍ റഫറിയുടെ തീരുമാനം തെറ്റെന്ന് വിധിക്കപ്പെടുമായിരുന്നു”.- മറ്റൊരു മുന്‍ റഫറി പരിതപിച്ചു.
“ക്രിസ്റ്റല്‍ ജോണ്‍ എന്ന റഫറി അടുത്തിടെ ഫിഫയുടെ എലൈറ്റ് റഫറിയായി സ്ഥാനക്കയറ്റം കിട്ടിയ വ്യക്തിയാണെങ്കിലും വിവാദ തീരുമാനങ്ങളുടെ പേരില്‍ മുന്‍പ് പലതവണ വാര്‍ത്തയില്‍ നിറഞ്ഞ വക്തിയാണ്. “- മറ്റൊരു മുന്‍ റഫറി ആരോപിച്ചു.
“റഫറി ഇവിടെ തീര്‍ച്ചയായും റീകിക്ക് വേണമെന്ന് വിധിക്കണമായിരുന്നു. ഛേത്രി കിക്കെടുക്കുന്നതുപോലെ അഭിനയിച്ചപ്പോള്‍ പ്രതികരിക്കണമായിരുന്നു. വിസിലിന് കാക്കണമെന്ന് കളിക്കാരനോട് നിര്‍ദേശിക്കണമായിരുന്നു. എന്നിട്ട് കളിക്കാരന് ഷോട്ട് എടുക്കാനായി 9.15 മീറ്റര്‍ അടയാളപ്പെടുത്തുകയും വേണമായിരുന്നു. ഫ്രീകിക്കെടുക്കുമ്പോള്‍ വിസിലോ മറുടീമിലെ കളിക്കാരുടെ പ്രതിരോധ മതിലോ വേണ്ടെന്ന് പറയാന്‍ ഛേത്രിക്ക് അധികാരമില്ല.”- ഒരു മുന്‍ റഫറി പറഞ്ഞു.
എന്തായാലും ഐഎസ് എല്‍ പ്ലേ ഓഫ് ഗെയിമില്‍ കേരള ബ്ലാസ്റ്റേഴ്സ് ഛേത്രിയുടെ കള്ളഫ്രീകിക്ക് ഗോളില്‍ തോറ്റതില്‍ ഇപ്പോഴും ആരാധകര്‍ കലിപ്പിലാണ്. ഗോള്‍ അനുവദിച്ച റഫറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ടീം മത്സരം ബഹിഷ്കരിച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് മാച്ച് ബഹിഷ്കരിച്ചതിനെതിരെ സുനില്‍ ഛേത്രി ആരാധകരും വിമര്‍ശനവുമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: