മുംബൈ: വനിതാ ഐപിഎല്ലില്‍ റണ്ണൊഴുക്കിന്റെ വര്‍ണ്ണക്കാഴ്ച. തുടരെ രണ്ടാം ദിനവും ഇരൂനൂറിനു മുകളില്‍ സ്‌കോര്‍ കണ്ട കളിയില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 60 റണ്ണിന് തോല്‍പ്പിച്ചു. ഷെഫാലി വര്‍മ്മ, മെഗ് ലാന്നിങ് എന്നിവരുടെ ബാറ്റിങ്ങും ടാര നോറിസിന്റെ ബൗളിങ്ങുമാണ് ദല്‍ഹിക്ക് മിന്നും ജയമൊരുക്കിയത്.
സ്‌കോര്‍: ദല്‍ഹി ക്യാപിറ്റല്‍സ്-223/2 (20), റോയല്‍ ചലഞ്ചേഴ്‌സ്-163/8 (20). ഓപ്പണര്‍മാരായ ഷെഫാലി വര്‍മ്മയുടെയും ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിന്റെയും മിന്നും തുടക്കമാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിയെ തുണച്ചത്. ലീഗിലെ ആദ്യ സെഞ്ചുറി നേട്ടത്തിലേക്കെന്നു പ്രതീക്ഷ ജനിപ്പിച്ച ശേഷമാണ് ഷെഫാലി വീണത്. 45 പന്തില്‍ 10 ഫോറും നാല് സിക്‌സും സഹിതം 84 റണ്‍സെടുത്തു. 43 പന്തില്‍ 14 ഫോറിന്റെ അകമ്പടിയോടെ ലാന്നിങ്ങിന് 72 റണ്‍സ്. ആദ്യ വിക്കറ്റില്‍ ഇവര്‍ 162 റണ്‍സ് ചേര്‍ത്തു.
പിന്നീടെത്തിയ മരിസന്നെ കാപ്പും (17 പന്തില്‍ പുറത്താകാതെ 39 റണ്‍സ്, മൂന്ന് വീതം ഫോറും സിക്‌സും) ജമീമ റോഡ്രിഗസും (15 പന്തില്‍ പുറത്താകാതെ 22, മൂന്ന് ഫോര്‍) സ്‌കോര്‍ ഇരുനൂറ് കടത്തി. ഏഴ് പേരാണ് റോയല്‍ ചലഞ്ചേഴ്‌സിനായി പന്തെറിഞ്ഞത്. ഹീതര്‍ നൈറ്റ് രണ്ടു വിക്കറ്റെടുത്തു. വലിയ സ്‌കോറിലേക്ക് ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച കൂട്ടുകെട്ടിനാകാത്തത് തിരിച്ചടിയായി. 23 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഓപ്പണര്‍ സ്മൃതി മന്ഥാനയും 19 പന്തില്‍ അഞ്ച് ഫോറുള്‍പ്പെടെ 31 റണ്‍സെടുത്ത വണ്‍ഡൗണ്‍ ബാറ്റര്‍ എല്ലിസ് പെറിയുമാണ് തുടക്കത്തില്‍ പ്രതീക്ഷ ജ്വലിപ്പിച്ചത്.
ഹീതര്‍ നൈറ്റ് (21 പന്തില്‍ 34, രണ്ട് വീതം ഫോറും സിക്‌സും), മേഗന്‍ സ്‌കട്ട് (19 പന്തില്‍ പുറത്താകാതെ 30, അഞ്ച് ഫോര്‍), സോഫി ഡെവിന്‍ (11 പന്തില്‍ മൂന്നു ഫോറുള്‍പ്പെട 14 റണ്‍സ്) എന്നിവരും രണ്ടക്കം കണ്ടു. ദല്‍ഹിക്കായി ഇടംകൈയന്‍ മീഡിയം പേസര്‍ ടാര നോറിസ് നാലോവറില്‍ 29 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. അലിസ് കാപ്‌സിക്ക് രണ്ട്, ശിഖ പാണ്ഡെയ്‌ക്ക് ഒരു വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: