തോമസ് പാവറട്ടി
കേന്ദ്ര സംസ്കൃത സര്‍വ്വകലാശാല ഗുരുവായൂര്‍ സെന്റര്‍ സ്ഥാപകന്‍ ‘സംസ്കൃത പ്രണയഭാജനം’ പ്രൊഫ. പി.ടി. കുരിയാക്കോസിന്റെ 50-ാം ചരമവാര്‍ഷികം പാവറട്ടിയിലും പുറനാട്ടുകരയിലുമായി ആചരിക്കുകയുണ്ടായി. 1909ല്‍ പാവറട്ടിയില്‍ ആരംഭിച്ച സാഹിത്യ ദീപിക സംസ്കൃത കോളജ് കേരളത്തിലെ സംസ്കൃത പണ്ഡിതന്മാരുടെ ഈറ്റില്ലമായിരുന്നു. കുരിയാക്കോസ് മാസ്റ്റര്‍ പിതൃനിര്‍വിശേഷമായ വാത്സ്യല്യത്തോടെ 62 വര്‍ഷം കഷ്ടപ്പെട്ട് സംരക്ഷിച്ച ആ കോളേജ് സൗജന്യമായി 1973ല്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുകയാണ് ചെയ്തത്.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഈ കോളേജിന്റെ ഇപ്പോഴത്തെ പേര് കേന്ദ്ര സംസ്കൃതസര്‍വ്വകലാശാല, ഗുരുവായൂര്‍ സെന്റര്‍ എന്നാണ്. പാവറട്ടിയിലും പുറനാട്ടുകരയിലുമായി രണ്ട് കാമ്പസ്സുകള്‍. ആസ്ഥാനമന്ദിരം പുറനാട്ടുകരയിലാണ്. പാവറട്ടി കാമ്പസ്സിന്റെ പേര് പി.ടി. കുരിയാക്കോസ് സ്മൃതിഭവനം എന്നാണ്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സംസ്കൃത സര്‍വ്വകലാശാലയുടെ കീഴില്‍ ഭാരതത്തില്‍ 12 കോളേജുകളാണുള്ളത്. ഒഡീഷയിലെ പുരി സംസ്കൃതകോളേജാണ് ഇതില്‍ ഏറ്റവും പഴയത്. പാവറട്ടി കോളേജിനാണ് രണ്ടാം സ്ഥാനം.
ഇന്നത്തെ തലമുറയ്ക്ക് ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത വലിയ ഹൃദയമുള്ള എളിയ മനുഷ്യന്റെ കഥ. ഭാരതത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള മറ്റ് 11 സംസ്കൃതകോളേജുകളും രാജാക്കന്മാരും ക്ഷേത്രങ്ങളും സര്‍ക്കാരും ആരംഭിച്ചതാണെങ്കില്‍ ഗുരുപവനപുരിയിലെ ഈ സരസ്വതീക്ഷേത്രം ഒരു പാവപ്പെട്ട കൃസ്ത്യാനി ആരംഭിച്ചതാണെന്ന സത്യം എന്നും നിലനില്‍ക്കണം. നമ്മുടെ കുട്ടികള്‍ക്ക് മതമൈത്രികാണിച്ചുകൊടുക്കുവാന് പറ്റിയ ഒരു മഹാക്ഷേത്രം. ഹൈന്ദവനും മുസല്‍മാനും ക്രിസ്ത്യാനിയും കുരിയാക്കോസ് മാസ്റ്ററുടെ ക്ലാസ്സില്‍ ഒരുമിച്ചിരുന്ന് സംസ്കൃതം പഠിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ പാവറട്ടിയിലെ സ്വന്തം ഭവനത്തില്‍ സംസ്കൃത പാഠങ്ങള്‍ ചൊല്ലിക്കൊടുത്തുകൊണ്ടിരുന്ന ഒരു യുവാവ് വളരെയൊന്നും ശ്രദ്ധിക്കപ്പെടേണ്ട ആളായിരുന്നില്ല. എങ്കിലും സ്വഗൃഹത്തില്‍ തുടങ്ങിയ സംസ്കൃത പാഠശാല പടര്‍ന്നുപന്തലിച്ച് ഇന്നിപ്പോള്‍ ഒരു മഹാസ്ഥാപനമായി മാറിയതിലൂടെ അദ്ദേഹം ഒരു ഇതിഹാസപുരുഷനായി.
1889 വിജയദശമിനാളില്‍ ഒരു ദരിദ്ര കത്തോലിക്കാ ഭവനത്തില്‍ ജനിച്ച കുരിയാക്കോസ് മാസ്റ്റര്‍ കുട്ടിക്കാലത്തുതന്നെ അനിതരസാധാരണമായ ബുദ്ധിശക്തിയും പഠനോത്സുകതയും പ്രദര്‍ശിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ജന്മദിനവും വിദ്യാരംഭദിനമായ വിജയദശമി ദിനവും ഒരേദിവസമായിത്തീര്ന്നത് യാദൃച്ഛികമായിരിക്കാം. ഭാഷാപഠനത്തില്‍ അദ്ദേഹം അസാധാരണമായ അഭിരുചി കാണിച്ചു.
ഒരു ദരിദ്രകുടുംബാംഗം എന്ന നിലയില്‍, അദ്ദേഹത്തിന്റെ കുട്ടിക്കാലം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. പക്ഷേ തന്റെ പിതാവ് നടത്തിയിരുന്ന എണ്ണച്ചക്കിനോടൊപ്പം അദ്ധ്വാനിക്കുന്നതിനിടയിലും അദ്ദേഹം സംസ്കൃത പഠനത്തിന് വേണ്ട സമയം കണ്ടെത്തി. സംസ്കൃത പണ്ഡിതനായിരുന്ന വാഗ്ഭടാനന്ദ സ്വാമികളായിരുന്നു ആ കുരുന്നു മനസ്സില്‍ ഒളിഞ്ഞുകിടന്നിരുന്ന പ്രതിഭയെ കണ്ടെത്തിയത്.
മലബാറിലെ കീര്‍ത്തികേട്ട ഈ ഗുരുവിനെ ആദ്യമായി കണ്ട സംഭവം കുരിയാക്കോസ് മാസ്റ്ററെ വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും അത്ഭുത ലോകത്തിലേക്കു നയിച്ചു. അവിടെ അദ്ദേഹം ഭാരതീയ തത്ത്വശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും അന്തഃസത്ത കണ്ടെത്തി. ഓരോ ഭാരതീയന്റെയും ജീവിതം ധന്യമാക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ ശക്തിസ്രോതസ്സാണ് സംസ്കൃതം എന്ന് അദ്ദേഹത്തിന് ബോധ്യമായി. തന്റെ ജീവിതം മുഴുവനും ഈ മഹത്തായ ഭാഷയുടെ പ്രചാരണത്തിനുവേണ്ടി ഉഴിഞ്ഞുവെക്കുവാന്‍ അദ്ദേഹം തയ്യാറായി.
ജാതി മത ഭേദമന്യേ പതിനായിരക്കണക്കിനാളുകളെ സംസ്കൃതം പഠിപ്പിക്കുവാന്‍ 1909ല്‍ തന്റെ വീട്ടില്‍ ആരംഭിച്ച സാഹിത്യ ദീപിക സംസ്കൃതപാഠശാലയിലൂടെ അദ്ദേഹത്തിനു സാധിച്ചു. 1911-ല്‍ ഒരു വാടകക്കെട്ടിടത്തിലേക്ക് പാഠശാല മാറ്റിസ്ഥാപിച്ചു. 1934ല്‍ ആണ് ഈ സ്ഥാപനത്തെ മദ്രാസ് സര്‍വ്വകലാശാല ഒരു സംസ്കൃത കോളേജാക്കി ഉയര്‍ത്തിയത്.
പാവറട്ടി സാഹിത്യദീപിക സംസ്കൃതകോളേജ് എന്നായിരുന്നു അന്നത്തെ പേര്. പി.ടി. കുരിയാക്കോസ് മാസ്റ്ററുടെ നിതാന്തപരിശ്രമഫലമായി പ്രശസ്തിയിലേക്ക് ഉയര്‍ന്ന ഈ കോളേജ് ധാരാളം സംസ്കൃത പണ്ഡിതന്മാരെ സൃഷ്ടിച്ചിട്ടുണ്ട്. മലയാളത്തിലും സംസ്കൃതത്തിലും ബിരുദ-ബിരുദാനന്തരബിരുദ കോഴ്സുകളാണ് ആദ്യകാലങ്ങളില്‍ ഇവിടെ നടത്തിയിരുന്നത്.
സര്‍ക്കാര്‍ ഗ്രാന്റ് ഒന്നുകൊണ്ടുമാത്രം നിലനിന്നിരുന്ന ഈ കോളേജിന്റെ നടത്തിപ്പിനായി കുരിയാക്കോസ് മാസ്റ്റര്‍ സഹിച്ച യാതനകള്‍ ചില്ലറയൊന്നുമല്ല. അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുവാന്‍ മാസ്റ്റര്‍ക്ക് വളരെയേറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്.
പണ്ഡിതശ്രേഷ്ഠന്മാരായ പ്രൊഫ. കെ.പി. നാരായണ പിഷാരടി, ഡോ. ഇ.ആര് ശ്രീകൃഷ്ണശര്‍മ്മ, പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം അദ്ധ്യക്ഷനായിരുന്ന മൃഢാനന്ദസ്വാമികള്‍, പ്രൊഫ. എം.പി. ശങ്കുണ്ണിനായര്, ചെറുകാട്, പ്രൊഫ. പി.സി. വാസുദേവന്‍ ഇളയത് എന്നിവര്‍ കുരിയാക്കോസ് മാസ്റ്ററോടൊപ്പം പാവറട്ടി കോളേജില്‍ അദ്ധ്യാപകരായിരുന്നു. പ്രൊഫ. എം.എസ്. മേനോനും കോവിലനും അവിടെ വിദ്യാര്‍ത്ഥികളായിരുന്നു.
കുരിയാക്കോസ് മാസ്റ്ററുടെ സംസ്കൃതപ്രേമം, തന്നില്‍ മാത്രമൊതുങ്ങാതെ കുടുംബത്തിന്റെ എല്ലാ സ്രോതസ്സുകളിലേക്കും ആഴ്ന്നിറങ്ങുകയുണ്ടായി. അദ്ദേഹം സ്വന്തം മക്കളെയും സഹോദരിയുടെ മക്കളെയുമെല്ലാം സംസ്കൃത വിദ്യാലയത്തില്‍ ചേര്‍ത്ത് പഠിപ്പിച്ചു. സ്വന്തം മക്കളെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വഴിക്ക് വിട്ടാല്‍, താന്‍ നടത്തുന്ന ഈ സ്ഥാപനത്തിന് സമൂഹമനസ്സില്‍ നഷ്ടപ്പെടാനിടയുള്ള സുരക്ഷാബോധം അദ്ദേഹം മുന്‍കൂട്ടികണ്ടു. പറയുന്നതുപോലെ പ്രവര്‍ത്തിക്കുകയും ആ ആചരണ ക്രമങ്ങളില്‍ സ്വന്തക്കാരെക്കൂടി ഉള്‍പ്പെടുത്തുകയും ചെയ്യുന്നതാണ് ആദര്‍ശധീരത എന്നദ്ദേഹം മനസ്സിലാക്കിയിരുന്നു.
അദ്ദേഹത്തിന്റെ മൂത്ത മകന് പ്രൊഫ. പി.കെ. ഫ്രാന്‍സിസ് (ഉണ്ണി മാസ്റ്റര്‍) അവിടെ പഠിക്കുകയും കുറേക്കാലം കോളേജ് പ്രിന്‍സിപ്പാളായി ജോലിനോക്കുകയും ചെയ്തിട്ടുണ്ട്. അഭിജ്ഞാനശാകുന്തളം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത വ്യക്തിയാണ് ഉണ്ണി മാസ്റ്റര്‍. രണ്ടാമത്തെ മകന് പ്രൊഫ. പി.കെ. ജോസ് (പാപ്പു മാസ്റ്റര്‍) അവിടെ തന്നെ പഠിച്ച് അതേ കോളേജില്‍ അദ്ധ്യാപകനായി. ധാരാളം സംസ്കൃത കവിതകള്‍ രചിച്ചിട്ടുള്ള വ്യക്തിയാണ് പാപ്പു മാസ്റ്റര്‍. പെണ്മക്കളായ ത്രേസ്യയും ഫിലോമിനയും ഈ കോളേജില്‍ നിന്നും സംസ്കൃതത്തില്‍ ബിരുദമെടുത്തിട്ടുള്ളവരാണ്.
1923-ല്‍ പട്ടാമ്പി സംസ്കൃത കോളേജിന്റെ സ്ഥാപകന്‍ ശ്രീ. പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മയില്‍ നിന്ന് ‘സംസ്കൃതപ്രണയഭാജനം’ എന്ന ബഹുമതി കുരിയാക്കോസ് മാസ്റ്റര്‍ക്കു ലഭിച്ചു. ആദ്യമായാണ് ഇത്തരമൊരു പദവി ഒരു അഹിന്ദുവിന് ലഭിക്കുന്നത്. 1923-ല്‍ അദ്ദേഹം രചിച്ചിട്ടുള്ള സംസ്കൃതശിക്ഷാക്രമം എന്ന സംസ്കൃതപാഠപുസ്തകത്തിന് കേരളസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പുന്നശ്ശേരി നീലകണ്ഠശര്‍മ്മ തന്നെയാണ് സംസ്കൃതബാലപാഠത്തിന് ഉചിതമായ ഈ പാഠപുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്.
1973 ഫെബ്രുവരി 23-ന് ആ സംസ്കൃത ഭാഷാസ്നേഹി ലോകത്തോട് യാത്രപറഞ്ഞു. ദാനപത്രത്തില്‍ കുരിയാക്കോസ് മാസ്റ്റര്‍ എഴുതിയ ഒരു വാചകം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ഇതാണ് ആ വാചകം. ‘ഞാന്‍ കൈമാറുന്ന എന്റെ സ്ഥാപനം എന്നും സംസ്കൃതശ്ലോകങ്ങളാല്‍ മുഖരിതമാകണം.’ 1979 ജൂലായ് 16ന് ഈ കോളേജ് കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യയിലെ ആറാമത്തെ കേന്ദ്രീയ സംസ്കൃത വിദ്യാപീഠമായി ഉയര്‍ന്നു. സ്ഥലപരിമിതി മൂലം പിന്നീട് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം പുറനാട്ടുകരയിലേക്കു മാറ്റി.
ബി.എഡ് കോളേജ് പാവറട്ടിയില്‍ നിലനിര്‍ത്തിക്കൊണ്ടാണ് വിദ്യാപീഠത്തിന്റെ മെയിന്‍ കാമ്പസ് പുറനാട്ടുകരയിലേക്ക് മാറ്റിയതെങ്കിലും കുറച്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ പാവറട്ടി പൂര്‍ണ്ണമായും അടച്ചു. കാളിദാസന്റെ ശാകുന്തളത്തില്‍ കണ്വമഹര്‍ഷി ശകുന്തളയെ ദുഷ്യന്തമഹാരാജാവിന്റെ രാജധാനിയിലേക്ക് യാത്രയയക്കുന്ന രംഗമാണ് പാവറട്ടി വിദ്യാപീഠം അടച്ചിട്ട സംഭവത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ സഹൃദയരുടെ മനോമുകുരത്തില്‍ പ്രതിബിംബിക്കുക.
ശകുന്തളയ്ക്ക് ദുഷ്യന്തരാജധാനിയിലുണ്ടായതിലധികം ക്രൂരമായ അനുഭവമാണ് പാവറട്ടി വിദ്യാപീഠത്തിന് ഭാരതതലസ്ഥാനത്തുനിന്നും കുറേ വര്‍ഷം ഉണ്ടായത്. അടച്ചിട്ട പാവറട്ടി വിദ്യാപീഠം വീണ്ടും സംസ്കൃത ശബ്ദങ്ങളാല്‍ മുഖരിതമാകുവാന്‍ വേണ്ടി കേന്ദ്രസര്‍ക്കാരിനോട് സമരം ചെയ്യുവാന്‍ ഞാന്‍ പ്രസിഡണ്ടായി വിദ്യാപീഠ സംരക്ഷണസമിതി രൂപീകരിച്ചു.
പ്രൊഫ. കെ.പി. നാരായണപിഷാരടി, മൃഢാനന്ദസ്വാമികള്‍, കോവിലന് എന്നിവരുടെ അനുഗ്രഹാശ്ശിസ്സുകളോടെയാണ് സംരക്ഷണസമിതി പ്രവര്‍ത്തിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം പാവറട്ടി കാമ്പസ് തുറക്കുകയും കുരിയാക്കോസ് മാസ്റ്റര്‍ ദാനപത്രത്തില്‍ എഴുതിയതുപോലെ വീണ്ടും അവിടം സംസ്കൃത ശബ്ദങ്ങളാല്‍ മുഖരിതമാകുകയും ചെയ്തു. ധന്യാത്മാവായ ആ സംസ്കൃത പ്രണയഭാജനത്തിന്റെ പേര് തന്നെ പാവറട്ടി കാമ്പസ്സിന് കേന്ദ്രസര്‍ക്കാര്‍ നല്കി-പി.ടി. കുരിയാക്കോസ് സ്മൃതിഭവനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: