ഭാഷ ഒരുവന് പുതുജീവനേകുമോ? ആത്മാഭിമാനം ഉയര്‍ത്തുമോ? ഈ ചോദ്യങ്ങള്‍ സംസ്കൃത ഭാരതിയുടെ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ശിരിഷ് ബഡസ് ഗാവോങ്കാറിനോട് ആണെങ്കില്‍ അദ്ദേഹം നിസ്സംശയം പറയും ‘ആം’ (ഥല)െ എന്ന്. അതൊരു നേരറിവാണ്. മരത്തില്‍ കയറി കളിക്കുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ്, ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നുപോയ പൂ
നെയിലെ നിവംഗന് ഗ്രാമത്തില്‍ നിന്നുള്ള ബാലന്. ബാപ്പു ഠിഹേ എന്നാണ് പേര്. അപകടത്തെ തുടര്‍ന്ന് സംസാരിക്കുക എന്നതും അവന് നന്നേ ക്ലേശകരമായിരുന്നു. ഒരിക്കല്‍ ആ ഗ്രാമത്തില്‍ സംസ്കൃത കീര്‍ത്തനങ്ങളും ശ്ലോകങ്ങളും പഠിപ്പിക്കുന്ന ഒരാള്‍ വന്നു.അദ്ദേഹത്തില്‍ നിന്ന് ആ കുട്ടി ശ്ലോകങ്ങള്‍ പഠിക്കാന്‍ തുടങ്ങി. പിന്നീടൊരിക്കല്‍ സംസ്കൃത ഭാരതിയുടെ സംസ്കൃത സംഭാഷണ ശിബിരം നടന്നപ്പോള്‍ ബാപ്പുവും കൂട്ടുകാര്‍ക്കൊപ്പം പങ്കെടുത്തു. പതിയെ അവന് സംസ്കൃതത്തില്‍ സംസാരിക്കാന്‍ തുടങ്ങി. അപകടത്തെ തുടര്‍ന്ന് അവ്യക്തമായിപ്പോയ അവന്റെ ശബ്ദം കൂടുതല്‍ വ്യക്തമായി. അത്ഭുതകരമായ രീതിയില്‍ സംസ്കൃതം അഭ്യസിച്ചു. ശിബിരത്തില്‍ മറ്റുള്ളവരുമായി സംവദിച്ചു. പഠിപ്പിക്കാന്‍ തക്ക പ്രാപ്തി നേടി. ആത്മവിശ്വാസം വര്‍ധിച്ചു. സ്വന്തം ഭാവിയെക്കുറിച്ച് ആശങ്കപൂണ്ട ബാലന് സംസ്
കൃത അധ്യയനത്തിലൂടെ ഏത് പ്രതിസന്ധിയേയും നേരിടാനുള്ള ശക്തിയാര്‍ജ്ജിച്ചു. സ്വാഭിമാനത്തോടെ ജീവിതം മുന്നോട്ടുനയിച്ചു. സംസ്കൃത ഭാഷയുടെ വികാസത്തിനായി ജീവിതം സമര്‍പ്പിച്ച ബഡസ്ഗാവോങ്കാറിന്റെ ഈ പ്രചാരക പ്രയാണത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ അനുഭവങ്ങളിലൊന്നായിരുന്നു ഈ സംഭവം. സംസ്കൃത ഭാരതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം ജന്മഭൂമിയുമായി സംവദിക്കുന്നു.
സംസ്കൃത ഭാരതി രൂപീകൃതമായതെങ്ങനെ?
ബെംഗളൂരുവില്‍ നിന്ന് തിരുപ്പതിയില്‍ സംസ്കൃത വിദ്യാഭ്യാസം നേടാനെത്തിയ ഏതാനും യുവാക്കളാണ് ഇതിന് പിന്നില്‍. ഭാഷാപാണ്ഡിത്യം നേടി പുറത്തിറങ്ങിയപ്പോള്‍ അവരൊരു കാര്യം ശ്രദ്ധിച്ചു. സംസ്കൃതം പോലെ സമൃദ്ധമായൊരു ഭാഷ ആര്‍ക്കും തന്നെ അറിയില്ല. ആരും തന്നെ അതേക്കുറിച്ച് ബോധവാന്മാരല്ല. അതിനാല്‍ അടിയന്തരമായി എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. യുവാക്കളാണ്, അവര്‍ ബെംഗളൂരുവില്‍ എത്തിയതിന് ശേഷം സംസ്കൃതത്തില്‍ ഒരു പത്രം തുടങ്ങാന്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് അഭിപ്രായ സമന്വയം നടത്തി. ആദ്യം സംസ്കൃതം വായിക്കാന്‍ അറിയുന്നവരെ സൃഷ്ടിക്കൂ, എന്നിട്ടാകാം പത്രം എന്ന അഭിപ്രായമുയര്‍ന്നു. ആലോചിച്ചപ്പോള്‍ ശരിയെന്ന് തോന്നി. സംസ്കൃതം വായിക്കാന്‍ അറിയാവുന്നവര്‍ ഇല്ലാതെ പത്രം തുടങ്ങിയിട്ട് കാര്യമില്ല. ജനങ്ങളില്‍ സംസ്കൃത അവബോധം വളര്‍ത്തുവാനും സംസ്കൃത പഠനം ശീലമാക്കാനും വേണ്ടിയുള്ള പദ്ധതിയെക്കുറിച്ച് ആലോചിച്ചു. കൃത്യമായ പദ്ധതിയോ ആസൂത്രണമോ ഇല്ലാതിരുന്നിട്ടും അവിടവിടെയുള്ള ആളുകളെ വിളിച്ചുകൂട്ടി സംസ്കൃതം പഠിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങി. അങ്ങനെ മുന്നോട്ട് പോയപ്പോള്‍ അവര്‍ക്ക് ഒരു കാര്യം മനസിലായി. ജനത്തിന് സംസ്കൃതത്തെ സംബന്ധിച്ച് ഒരുപാട് തെറ്റിദ്ധാരണകളുണ്ടെന്ന്. പഠിക്കാന്‍ ബുദ്ധിമുട്ടുള്ളൊരു കഠിന ഭാഷയാണ്. ആദ്യം വ്യാകരണം പഠിക്കണം, ആ പഠനം തന്നെ വലിയ ബുദ്ധിമുട്ടാണ് തുടങ്ങിയ ധാരണകള്‍. ഈ മിഥ്യാധാരണകള്‍ നീക്കി സംസ്കൃതം പഠിപ്പിക്കാന്‍ എപ്രകാരം സാധിക്കും എന്നായി ചിന്ത. അതിനാ
ല്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു. അതിലൊന്നാണ് സംസ്കൃത സംഭാഷണ ശിബിരം. പത്ത് ദിവസത്തെ പാക്കേജാണ് നിശ്ചയിച്ചത്. ഒരു ദിവസം രണ്ട് മണിക്കൂര്‍ വച്ച് 10 ദിവസം കൊണ്ട് സംസ്കൃതം പഠിപ്പിക്കുന്ന രീതി. ആദ്യം സംസാരിക്കാനാണ് പഠിപ്പിക്കുക. സരളമായി സംസ്കൃതം പഠിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് മനസിലായി. ഗ്രാമീണരേയും വനവാസികളേയും പര്‍വത വാസികളേയും സംസ്കൃതം അഭ്യസിപ്പിക്കാന്‍ സാധിച്ചു.
ആ യുവാക്കള്‍ ദല്‍ഹി, മുംബൈ, വാരാണസി തുടങ്ങിയ നഗരങ്ങളിലും ഈ പദ്ധതി ആസൂത്രണം ചെയ്യാന്‍ തുടങ്ങി. ഇതിന് കൃത്യമായ വ്യവസ്ഥയുണ്ടാക്കണമെന്നും അവര്‍ ചിന്തിച്ചു. ആ ചിന്തയില്‍ നിന്നാണ് സംസ്കൃത ഭാരതി രൂപം കൊണ്ടത്. ഇങ്ങനെ മുന്നോട്ട് പോയപ്പോള്‍ സമാനമനസ്കരായ ആളുകളും മുന്നോട്ട് വന്നു. അങ്ങനെ അത് വിപുലമായി. തുടക്കത്തില്‍, അതായത് 1981 ല്‍ സംസ്കൃത ഭാരതി എന്ന പേരൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം 13 വര്‍ഷത്തിന് ശേഷം 1994 ലാണ് സംസ്കൃത ഭാരതി എന്ന സംഘടനാ സംവിധാനം രജിസ്റ്റര്‍ ചെയ്തത്. അതിന് ശേഷമാണ് സംസ്കൃതം എല്ലാവരേക്കൊണ്ടും സംസാരിപ്പിക്കുന്നതിനുള്ള സംസ്കൃത സംഭാഷണ ആന്തോളന്‍ എന്ന മൂവ്മെന്റ് ആരംഭിച്ചത്. ഇതിനോടകം 1,40,000 സംഭാഷണ ശിബിരങ്ങള്‍ ഇന്ത്യയിലെമ്പാടുമായി സംഘടിപ്പിച്ചു.
സംസ്കൃത ഭാഷ എപ്രകാരമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്?
സംസ്കൃത ഗ്രന്ഥങ്ങള്‍ വായിച്ചതുകൊണ്ടുമാത്രം സംസ്കൃത ഭാഷയുടെ വ്യാപനം വിജയകരമായി നടപ്പാക്കാന്‍ സാധിക്കില്ല. ഗ്രന്ഥങ്ങളിലുള്ളത് ഭാഷണമല്ല. കൊച്ചുകുട്ടികള്‍ മുതല്‍ സംസ്കൃതം ഭാഷണം ചെയ്യുന്ന രീതി വളര്‍ത്തുകയാണ് വേണ്ടത്. ഇതിനുദാഹരണമാണ് നമ്മള് എങ്ങനെയാണ് മാതൃഭാഷ പഠിക്കുന്നത് എന്നത്. വീടുകളിലുള്ള സംഭാഷണം ശ്രവിച്ചും പറഞ്ഞുമാണ് ആ ഭാഷ പഠിക്കുന്നത്. ഒരമ്മ മകനെ ഭാഷ പഠിപ്പിക്കുന്നത്്, ഗുരു ശിഷ്യനെ പഠിപ്പിക്കുന്നതുപോലെയല്ല. നിരന്തരമായ കേള്‍വിയിലൂടെയും സംസാരത്തിലൂടെയുമാണ് ഭാഷ പഠിക്കുന്നത്. വായിക്കുക, എഴുതുക, അതിന്റെ വ്യാകരണം മനസിലാക്കുക ഇതൊക്കെ പിന്നീടുള്ള കാര്യമാണ്. ആദ്യം ചെയ്യേണ്ടത് സംസാരിക്കാന്‍ പഠിക്കുക എന്നതാണ്. ഭാഷയെ സംബന്ധിച്ച് ജ്ഞാനമുണ്ടാകുന്നത് നാല് പടികളിലൂടെയാണ്. കേള്‍ക്കുക, പറയുക, വായിക്കുക, എഴുതുക. ഈ നാല് പടികളിലൂടെയാണ് ഭാഷയുടെ ഉള്‍ത്തടങ്ങളിലേക്ക് ഇറങ്ങുന്നത്.
സംസ്കൃതം പഠിപ്പിക്കുന്നതില്‍ ജനങ്ങളുടെ പ്രതികരണം എങ്ങനെയായിരുന്നു?
വളരെ മികച്ച പ്രതികരണമാണ്. കൊവിഡ് കാലത്ത് ഒരു സംഭവമുണ്ടായി. റൂര്‍ക്കി ഐഐടിയിലെ ഒരു അധ്യാപകന് അവരുടെ കുട്ടികളെക്കൂടി സംസ്കൃതം പഠിപ്പിക്കാമോ എന്ന് തിരക്കി. കൊവിഡ് കാലമായതിനാല്‍ നേരിട്ടുള്ള പഠന രീതി അസാധ്യമായിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാന്‍ തീരുമാനിച്ചു. നൂറോളം പേര് എത്തുമെന്ന് മാത്രമേ പ്രതീക്ഷിച്ചുള്ളൂ. അതിനായി മൂന്നോ നാലോ അധ്യാപകരെ ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിന് വ്യവസ്ഥ ചെയ്തു. സംസ്കൃതം പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കുവേണ്ടി ഒരു വാട്സ് ആപ് സന്ദേശം ഐഐടിയുടെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ ഏകദേശം 14,000ത്തോളം കുട്ടികളാണ് സംസ്കൃത പഠനത്തിന് തയ്യാറായി മുന്നോട്ട് വന്നത്. സംസ്കൃതം പഠിക്കാനുള്ള അഭിവാഞ്ഛ ജനങ്ങള്‍ക്കുണ്ട് എന്നതിന്റെ സുവ്യക്തമായ തെളിവാണിത്. ഇപ്രകാരം ഏകദേശം ഒരു ലക്ഷത്തോളം പേരെ സംസ്കൃതം പഠിപ്പിക്കാന്‍ സാധിച്ചു.
കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് സംസ്കൃതം എത്തിക്കുന്നതിനായി നിരവധി കാര്യക്രമങ്ങള്‍ ചെയ്യുന്നുണ്ട്. അടുത്തിടെ കലാലയ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഒരു ശിബിരം നടത്തി. സംസ്കൃതം അത്യാവശ്യം സംസാരിക്കാന്‍ അറിയാവുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം എന്നതായിരുന്നു ഏക മാനദണ്ഡം. 500ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷകള്‍ വന്നു. നാഗ്പൂരില്‍ സ്ഥലം കണ്ടെത്തിയാണ് മൂന്ന് ദിവസത്തെ ശിബിരം സംഘടിപ്പിച്ചത്. കലാലയ വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി നിരവധി വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഈ ശിബിരത്തില്‍ പങ്കെടുത്ത്, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ശരത് അരവിന്ദ് ബോബ്ഡെ അഭിപ്രായപ്പെട്ടത് നീതിന്യായ വ്യവസ്ഥയുടെ ഭാഷ ഇംഗ്ലീഷായതിനാല്‍ ഒരുപാട് ന്യൂനതകളുണ്ട് എന്നാണ്. പകരം വ്യവഹാര ഭാഷ സംസ്കൃതം ആയിരുന്നുവെങ്കില്‍ ഈ കുറവുകള്‍ നികത്താന്‍ സാധിക്കുമായിരുന്നു. കാരണം എല്ലാ ഭാഷകളുടേയും അടിസ്ഥാനം സംസ്കൃതം ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനാല്‍ സംസ്കൃത ഭാരതിയുടെ സരളമായ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്നും ബോബ്ഡെ അഭിപ്രായപ്പെടുകയുണ്ടായി.
സംസ്കൃത ഭാരതിയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാം?
ഭാരതത്തെ സര്‍വ ശ്രേഷ്ഠ രാഷ്ട്രമാക്കി പുനഃസ്ഥാപിക്കുക എന്നതാണ് പ്രധാനം. ഭാരതത്തെ വിശ്വഗുരു സ്ഥാനത്തേക്ക് പുനപ്രതിഷ്ഠാപനം നടത്തുക. ഇന്നത്തെ കാലത്ത് യുവാക്കള്‍ പഠിക്കുന്നതിനായി വിദേശത്തേക്ക് പോകുന്നു. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പഠിക്കുവാനായി ഭാരതത്തിലെത്തിയ ഒരു കാലമുണ്ടായിരുന്നു. ആ കാലഘട്ടം തിരിച്ചുപിടിക്കുക എന്നതാണ് സംസ്കൃത ഭാരതിയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ ഒന്ന്. നളന്ദ സര്‍വ്വകലാശാലയുടെ കാര്യം തന്നെയെടുക്കാം. 68 കലകള്‍ അവിടെ പഠിപ്പിച്ചിരുന്നു. 200 ല്‍ അധികം വിഷയങ്ങള്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു. സംസ്കൃതത്തിലായിരുന്നു അധ്യയനം. അത്തരത്തില്‍ ആഴമേറിയ പഠനങ്ങള്‍ നടന്നിരുന്ന സര്‍വ്വകലാശാലകള്‍ നമുക്കുണ്ടായിരുന്നു. അതായിരുന്നു ഭാരതത്തിന്റെ പ്രാചീന ഗരിമ. ശ്രീശങ്കരന്റെ കാര്യം എടുത്താല്‍ അദ്ദേഹം കേരളത്തില്‍ നിന്ന് യാത്ര ചെയ്ത് കശ്മീരില്‍ പോയി സര്‍വജ്ഞ പീഠമേറി. ഭാരതത്തില്‍ നാല് മഠങ്ങള്‍ സ്ഥാപിച്ചു. അന്നത്തെ കാലത്ത് ആശയ വിനിമയം സംസ്കൃതത്തിലായിരുന്നു. നമ്മുടെ രാജ്യത്തെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷ അല്ലെങ്കില്‍ ഒരു ഘടകം സംസ്കൃതം ആണെന്ന് നിസംശയം പറയാം. ഒരു കാലഘട്ടത്തില്‍ ഭരണഭാഷയും സംസ്കൃതമായിരുന്നു. അതുകൊണ്ടാണ് കൗടില്യന്റെ അര്ത്ഥശാസ്ത്രമടക്കമുള്ള രാഷ്ട്രതന്ത്ര ഗ്രന്ഥങ്ങള്‍ സംസ്കൃതത്തില്‍ എഴുതപ്പെട്ടതും.
ഒരു ഭാഷ എന്ന തലത്തില്‍ സംസ്കൃതം ജ്ഞാനത്തിന്റെ ഭണ്ഡാരമാണ്. യഥാര്‍ത്ഥത്തില്‍ ആദ്ധ്യാത്മികം, ധര്‍മം, തത്വചിന്ത എന്നീ മേഖലകള്‍ മാത്രമല്ല, ശാസ്ത്രവും കലകളുമൊക്കെ സംസ്കൃതത്തിലായിരുന്നു പ്രതിപാദിച്ചിരുന്നത്. ഭാസ്കരാചാര്യരുടെ ലീലാവതി, ചരക-ശുശ്രുതന്മാരുടെ ആയുര്‍വേദം, പരാശര മുനിയുടെ കൃഷി പരാശര, ഭരതമുനിയുടെ നാട്യശാസ്ത്രം തുടങ്ങി കലയായാലും സാഹിത്യമായാലും ശാസ്ത്രമായാലും സംസ്കൃതമായിരുന്നു മാധ്യമം. ഇപ്രകാരം ഈ ഭാഷ മാധ്യമമായിട്ടുള്ള ലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ ഭാരതമെമ്പാടുമുണ്ട്. ജ്ഞാനത്തിന്റെ, വിജ്ഞാനത്തിന്റെ ഭണ്ഡാരങ്ങളാണ് ഈ ഗ്രന്ഥങ്ങള്‍. എന്നാല്‍ ഈ അറിവിന്റെ സമഗ്രത ഗ്രന്ഥങ്ങളില്‍ തന്നെ ഒതുങ്ങിപ്പോയി. സംസ്കൃത പരിജ്ഞാനം ജനങ്ങള്‍ക്ക് കുറവായതിനാല്‍ ഈ ഗ്രന്ഥങ്ങളിലെ അറിവുകള്‍ പുറത്തേക്ക് എത്തുന്നില്ല. ഇങ്ങനെ വിവിധ ഗ്രന്ഥങ്ങളിലായി മറഞ്ഞുകിടക്കുന്ന ജ്ഞാനത്തിന്റെ ഭണ്ഡാരങ്ങളെ പുറത്തെടുത്ത് എല്ലാവരിലേക്കും എത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
പ്രചാരക ജീവിതത്തിലെ അനുഭവങ്ങള്‍?
മൂന്ന് വര്‍ഷം മുമ്പ് ദല്‍ഹിയില്‍ വച്ച് അഖില ഭാരതീയ സമ്മേളനം നടന്നു. അതില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ സമ്മേളനത്തിന് മുന്നോടിയായി പല മാധ്യമ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. സമ്മേളന ദിനം തന്നെയായിരുന്നു രാമജന്മഭൂമി വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി വരുന്നത്. അങ്ങനെയെങ്കില്‍ പിറ്റേന്നത്തെ പത്രത്തില്‍ പ്രാധാന്യം കോടതി വിധിക്ക് ആയിരിക്കുമെന്നും സമ്മേളനം സംബന്ധിച്ച വാര്‍ത്ത അപ്രസക്തമായിപ്പോകുമെന്നും കരുതി. എന്നാല്‍ ആശങ്ക അസ്ഥാനത്താണെന്ന് തെളിയിച്ചുകൊണ്ട് പിറ്റേന്ന് എല്ലാ മാധ്യമങ്ങളിലും സമഗ്രമായി വാര്‍ത്ത വന്നു. ഇത് എന്നെ അതിശയപ്പെടുത്തി. എല്ലാ ഭാഷയിലുമുള്ള മാധ്യമങ്ങളിലും സമഗ്ര റിപ്പോര്‍ട്ട് വന്നു. സംസ്കൃതത്തിന്റെ പ്രചാര പ്രവര്‍ത്തനങ്ങള്‍ എല്ലാ മാധ്യമങ്ങളും ശ്രദ്ധിക്കുന്നുണ്ട്. അത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രാധാന്യത്തോടെ കൊടുക്കുക വഴി ആ വിഷയത്തോടുള്ള താല്‍പ്പര്യം വളരെ ഉയര്‍ന്ന നിലയിലാണെന്നും മനസ്സിലായി.
സംസ്കൃത ഭാരതിയിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകമേതാണ്?
സംസ്കൃതം വളരെ സൗഷ്ടവമുള്ള, സാകല്യമുള്ള ഭാഷയാണ്. ഇത് വളരെ ആനന്ദം തരുന്നുവെന്നതാണ് പ്രധാന ഘടകം. മാതൃഭൂമിക്കായി സേവനം ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ കാര്യകര്‍ത്താക്കളും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതും ആനന്ദദായകമാണ്.
കേരളത്തിലെ പ്രവര്‍ത്തന രീതികള്‍ വിശദീകരിക്കാമോ?
നിരവധി സംഭാഷണ ശിബിരങ്ങള്‍ സംസ്കൃത ഭാരതി സംഘടിപ്പിക്കുന്നുണ്ട്. വീട്ടിലിരുന്ന് സംസ്കൃതം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പത്രാചാര് സംസ്കൃത് കോഴ്സും ( പോസ്റ്റല്‍ സംസ്കൃത പഠന കോഴ്സ്) നടത്തുന്നുണ്ട്. ഇതിനായി നാല് പുസ്തകങ്ങള്‍ പാഠ്യപദ്ധതിയനുസരിച്ച് തയ്യാറാക്കിയിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ പോസ്്റ്റലായി അയച്ചുകൊടുക്കും. ഈ കോഴ്സിന് ശേഷം ഭംഗിയായി സംസ്കൃതം സംസാരിക്കുന്ന തലത്തിലേക്ക് അവരെത്തും. പരീക്ഷയും ഉണ്ടാകും. ബാലികാ ബാലന്മാര്ക്കായി ബാലകേന്ദ്രം എന്ന പേരില്‍ സംസ്കൃത പഠന ശാലകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളുകളില്‍ സംസ്കൃതം പാഠ്യവിഷയമല്ലാത്ത കുട്ടികള്‍ക്കായി സരള്‍ സംസ്കൃത് പരീക്ഷയും നടത്താറുണ്ട്. ഭഗവത് ഗീത പഠിപ്പിക്കുന്നതിനായി ഗീതാശിക്ഷണ് കേന്ദ്രവും നടത്തുന്നു. സംഭാഷണ് സന്ദേശ് എന്ന മാസികയും പുറത്തിറക്കുന്നുണ്ട്. പോസ്റ്റലായിട്ടാണ് അയച്ചുകൊടുക്കുക. സംസ്കൃത പഠനത്തിന് ഇതും ഉപകാരപ്രദമാണ്. മറ്റ് ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍ സംസ്കൃതത്തിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ 300 ല്‍ അധികം പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. സേവനം എന്ന നിലയിലായതിനാല്‍ തുച്ഛമായ വിലയ്ക്കാണ് ഗ്രന്ഥങ്ങള്‍ ലഭ്യമാക്കുക.
ഇതുവരെ കൈവരിച്ചു എന്നു കരുതുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ്?
പതിനായിരത്തോളം ആളുകള്‍ സംസ്കൃതം സംസാരിക്കുവാനും മനസ്സിലാക്കാനും തുടങ്ങി എന്നതാണ് പ്രധാന നേട്ടം. അടുത്തിടെ ബോംബെയില്‍ ഒരു സംസ്കൃത നാടകം അവതരിപ്പിച്ചു. ഒരു മണിക്കൂര്‍ വീതമുള്ള മൂന്ന് നാടകങ്ങള്‍. ടിക്കറ്റ് വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ടിക്കറ്റുകള്‍ വിറ്റഴിയുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ ആ ഹാള്‍ മുഴുവന്‍ നിറഞ്ഞ് കാണികളുണ്ടായിരുന്നു. ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഈ രാജ്യത്തെ മുഴുവന്‍ ജനതയും സംസ്കൃത ഭാഷാജ്ഞാനമുള്ളവരായി മാറും എന്ന് ശുഭപ്രതീക്ഷയുണ്ട്.
കര്‍ണാടകയിലെ മാത്തൂര്‍ പോലെയുള്ള സംസ്കൃത ഗ്രാമങ്ങള്‍ വാര്‍ത്തെടുക്കുന്നതിനുള്ള പ്രയത്നങ്ങള്‍ നടന്നുവരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംസ്കൃതം സംസാരിക്കുന്നവരുടെ കൂട്ടായ്മകള്‍ രൂപം കൊള്ളുന്നുണ്ട്. സംസ്കൃതം പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് samskritabharati.in എന്ന വെബ്സൈറ്റ് വഴിയും സംസ്കൃതത്തെ കുറിച്ച് മനസിലാക്കുവാനും പഠിക്കുവാനുമുള്ള വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സംസ്കൃത ഭാരതിയില്‍ ഏതെല്ലാം ചുമതല വഹിച്ചിട്ടുണ്ട്?
2008 മുതല്‍ മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ സംഘടനാ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് എന്ന നിലയില്‍ മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു.
താങ്കളുടെ കുടുംബത്തെ കുറിച്ച്?
സംസ്കൃതം സംസാരിക്കുന്നവര്‍ എല്ലാം എന്റെ കുടുംബക്കാരാണ്. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. മൂത്ത ജ്യേഷ്ഠന് കുടുംബസമേതം മഹാരാഷ്ട്രയിലെ കോലാപൂരിലാണ്. ഇളയ സഹോദരന് പൂനെയിലും. ഞാന്‍ സംസ്കൃത ഭാരതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമഗ്രാമാന്തരങ്ങളില്‍ യാത്ര ചെയ്ത് സംസ്കൃതത്തിന്റെ സാധ്യതകള്‍ തേടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: