തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ശമ്പളവും അവധിയും നല്‍കാതെ വീട്ടില്‍ പോകാനും അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത ജീവനക്കാരിയെ മര്‍ദ്ദിച്ച ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍. വഴുതൂര്‍, അറകുന്ന് കടവ് റോഡില്‍ വാടകയ്‌ക്കു പ്രവര്‍ത്തിക്കുന്ന മുളയ്‌ക്കല്‍ ഏജന്‍സീസിന്റെ ബ്രാഞ്ച് മാനേജര്‍ വയനാട് പനമരം കുന്നക്കാട്ടുപറമ്പില്‍ ഹൗസില്‍ അരുണ്‍ദാസ്(38) ആണ് അറസ്റ്റിലായത്. യുവതിയെ അസഭ്യം പറഞ്ഞതിനു പ്രതിയുടെ ഭാര്യ പ്രിന്‍സിയുടെ പേരിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.
ശമ്പളവും അവധിയും ഇല്ലാതെ ജോലി ചെയ്യിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത വയനാട് വെണ്‍മണി എടമല വീട്ടില്‍ നന്ദനയ്‌ക്ക് (20) ആണ് മര്‍ദ്ദനമേറ്റത്. സ്ഥാപനത്തിലെ സെയില്‍സ് ഗേളായി ജോലി നോക്കുകയായിരുന്നു നന്ദന. ഇവരെ അരുണ്‍ അസഭ്യം പറയുന്നതിന്റെയും ചെകിടത്തടിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ഏജന്‍സി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് യുവതിയും ഒപ്പം ജോലിചെയ്യുന്ന വയനാട് തലപ്പുഴ വഴി വരയാല്‍ കാപ്പോട്ടുമലയില്‍ സരിത(19)യും താമസിക്കുന്നത്. പലപ്പോഴും പ്രതി ഇരുവരെയും മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതികള്‍ മൊഴിനല്‍കി. വീടുകള്‍തോറും കയറി ഭക്ഷ്യവസ്തുക്കളും ഗാര്‍ഹികവസ്തുക്കളും വിപണനം നടത്തുന്ന സ്ഥാപനമാണ് ഈ ഏജന്‍സി.
നാട്ടില്‍ പോകണമെന്ന് പലപ്പോഴും യുവതികള്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിയും ഭാര്യയും അനുവദിച്ചിരുന്നില്ല. ഇവര്‍ക്ക് ശമ്പളവും നല്‍കിയിരുന്നില്ല. വെള്ളിയാഴ്ച രാത്രി സ്റ്റോക്ക് വിവരം എടുക്കുന്നതിനിടെ വീട്ടില്‍ പോകണമെന്ന് നന്ദന ആവശ്യപ്പെട്ടതോടെയാണ് പ്രതി ഇവരുടെ ചെകിടത്തടിച്ചത്. പ്രതിയുടെ പേരില്‍ 354-ാം വകുപ്പ് പ്രകാരം കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ഭാര്യ പ്രിന്‍സിയുടെ പേരില്‍ കേസ് എടുത്തശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
മാസം 12,000 രൂപ മാസ ശമ്പളത്തില്‍ പല ജില്ലകളിലുള്ള ഇരുപതോളം പെണ്‍കുട്ടികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഓരോരുത്തര്‍ക്കും 80,000 രൂപയോളം അരുണ്‍ നല്‍കാനുണ്ടെന്ന് പോലീസ് പറഞ്ഞു. വീടുകളില്‍ വാഷിങ് സോപ്പ്, ഡിഷ് വാഷ് ലിക്വിഡ്, സോപ്പ് തുടങ്ങിയവ വില്‍ക്കുന്ന ജോലികളാണ് അരുണിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് നടത്തുന്നത്. വ്യാഴാഴ്ച ജീവനക്കാരിയുടെ പെഴ്‌സില്‍ നിന്നു തൊഴിലുടമയുടെ ഭാര്യ പണം എടുത്തെന്ന് പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്.തുടര്‍ന്ന് യുവതികളെ അസഭ്യം പറഞ്ഞ അരുണ്‍ മര്‍ദ്ദിക്കുകയായിരുന്നു, യുവതികള്‍ സിനിമയ്‌ക്ക് പോയതിനെയും അരുണ്‍ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: