‘സന്തോഷംകൊണ്ട് എന്റെ മനസ്സ് അഷ്ടകലാശം ചവിട്ടുന്നു.’
നീണ്ട ഇടവേളയ്ക്കു ശേഷം, പള്ളംചന്ദ്രന് എന്ന ചന്ദ്രന് ചേട്ടനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടിയാണിത്. ഏറെക്കാലത്തെ അടുത്ത ബന്ധമുണ്ട് ഞങ്ങള്‍ തമ്മില്‍. കഥകളി ആ മനസ്സില്‍ എത്രമാത്രം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് ആ ‘അഷ്ടകലാശം’ വ്യക്തമാക്കുന്നുണ്ട്. സന്തോഷാധിക്യം വരുമ്പോഴാണല്ലോ കഥകളിയില്‍ അഷ്ടകലാശം ചവിട്ടുന്നത്.
ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും വാടാത്ത അരങ്ങനുഭവമാണ് കലാമണ്ഡലം ഗോപി ആശാന്റെ പ്രത്യേകത. എണ്പതു വര്‍ഷത്തോട് അടുത്ത കഥകളി ആസ്വാദനം ചന്ദ്രന് ചേട്ടന്റെയും. കാലഭേദങ്ങളില്ലാതെ കഥകളി രംഗത്ത് ചിരിതൂകി നില്ക്കുന്ന ഈ പൂമരങ്ങള്‍, ഇന്ന് കോട്ടയം കളിയരങ്ങിന്റെ വേദിയില്‍ ഒരുമിക്കും. അരനൂറ്റാണ്ടുകാലം ക്ലബ്ബിനെ നയിച്ച സ്ഥാപകസെക്രട്ടറി കൂടിയായ ചന്ദ്രന് ചേട്ടനെ കളിയരങ്ങ് ആദരിക്കുമ്പോള്‍, ചടങ്ങിലെ മുഖ്യ പ്രഭാഷകനാണ് ഗോപിയാശാന്.
ആസ്വാദകനും കലാകാരനുമായി, പതിറ്റാണ്ടുകളോളം ആട്ടവിളക്കിന്റെ അപ്പുറവും ഇപ്പുറവുമായി നേര്‍ക്കുനേര്‍ കണ്ടവര്‍ ഇന്ന് ഒരുമിച്ച് ഒരേ വേദിയില്‍ വരുന്നത് അരങ്ങിന്റെ സൗഭാഗ്യം. നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരിക്കെ, ഏഴാം വയസ്സില്‍, കോട്ടയത്തെ പള്ളം ഗുരുമന്ദിരത്തിന്റെ തിരുമുറ്റത്താണ് ടി. എസ്. ചന്ദ്രശേഖരന് പിള്ള എന്ന ഇന്നത്തെ പള്ളം ചന്ദ്രന് ആദ്യമായി കളിവിളക്കിന് മുന്നിലിരുന്നത്. അരങ്ങത്ത്, മൂത്തച്ഛന് പള്ളം മാധവന് പിള്ള എന്ന കഥകളി ആശാന് ആടി തിമാര്ക്കുന്നു. പയ്യനിലേയ്ക്ക് കഥകളി ഭ്രമം വന്ന വഴിയെക്കുറിച്ച് ഇനി വിശദീകരണം വേണ്ടല്ലോ. പ്രായവും പഠനവും ഏറിയേറി പോകുന്നതിനൊപ്പം കളിക്കമ്പവും കൈകോര്‍ത്ത് നടന്നു. പഠനം പിന്നിട്ട് കെഎസ്ഇബിയില്‍ ഓവര്‍സീയറും ഫോര്‍മാനും എഞ്ചിനീയറുമൊക്കെയായപ്പോഴും അതു കൈവിട്ടില്ല. അരങ്ങുകളില്‍ നിന്ന് അരങ്ങുകളിലേയ്ക്കുള്ള യാത്ര, കഥകളി രംഗത്തെ പരിചിതമായ പേരിന്റെ ഉടമയാക്കി. പിന്നെ കളിക്കമ്പം മൂത്ത് സംഘാടകനായി. പിന്നാലെ കളിയരങ് എന്ന കോട്ടയം കഥകളി ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയായി. ക്ലബ് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ ആ സ്ഥാനത്ത് ചന്ദ്രന് ചേട്ടനും അത്ര തന്നെ പൂര്‍ത്തിയാക്കി. അമ്പലങ്ങളിലും ക്ലബ്ബുകളിലുമായി സംഘടിപ്പിച്ച കളികള്‍ 800ല്‍ ഏറെ. കണ്ടു തീര്‍ത്ത അരങ്ങ് എത്രയെന്നു പറഞ്ഞാല്‍ ചിലപ്പോള്‍ കണക്കു പിഴയ്ക്കും. കഥകളിയില്‍ തെക്കന്‍, വടക്കന്‍ എന്നു വ്യത്യസ്ത ചിട്ടകള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടിലും ഒരുപോലെ ചന്ദ്രന് ചേട്ടനുണ്ടായിരുന്നു.
കളികള്‍ സംഘടിപ്പിക്കുന്നതില്‍ മാത്രമല്ല അതില്‍ വൈവിധ്യവും പുതുമയും കൊണ്ടുവരുന്നതിലും താല്പരനായിരുന്നു ചേന്ദ്രന്‍ ചേട്ടന്. വാഴെങ്കട കുഞ്ചുനായരും കലാമണ്ഡലം കൃഷ്ണന് നായരും വെള്ളിനെഴി നാണുനായരും ചെങ്ങന്നൂര്‍ രാമന് പിള്ളയും മാങ്കുളം വിഷ്ണു നമ്പൂതിരിയും വെച്ചൂര്‍ രാമന് നായരുമൊക്കെ അടങ്ങുന്ന അന്നത്തെ താരനിര മുതല്‍ ഇന്നത്തെ യുവ തലമുറ വരെ ആ സംഘാടന മികവും സൗഹൃദവും നിരീക്ഷണ ബുദ്ധിയും അനുഭവിച്ചറിഞ്ഞിട്ടുണ്ടാവും.
സ്വയം ആസ്വദിച്ചാല്‍ പോരാ മറ്റുള്ളവര്‍ക്കും അതു സാധിക്കണം എന്ന ചിന്തയില്‍ നിന്നായിരിക്കണം ‘കഥയറിഞ്ഞു ആട്ടം കാണൂ’ എന്ന പുസ്തകത്തിന് അദ്ദേഹം രൂപം നല്‍കിയത്. കഥകളി ആസ്വാദകര്‍ക്കുള്ള കൈ പുസ്തകമാണത്. ഒരുവിധമുള്ള ഏതു കഥയും ആസ്വദിക്കാന്‍ ഈ പുസ്തകം സഹായിക്കും.
കളിയരങ്ങിന് കിട്ടിയ അനുഗ്രഹമാണ് ഗോപിയാശാനെപ്പോലുള്ളവര് എന്നു പറയാറുണ്ടല്ലോ. എങ്കില്‍, അരങ്ങിന് മുന്നിലെ ആസ്വാദക സമൂഹത്തിന് കിട്ടിയ അനുഗ്രഹമാണ് ആസ്വാദകനായ ഈ സംഘാടകന്‍. അദ്ദേഹം അരങ്ങില്‍ പ്രകാശം പരത്തുന്നു.
‘അന്യം ഗുരു കടക്ഷാല്
ഒന്നു വേണമെന്നുണ്ടോ?’
(99463 56572)
പ്രതികരിക്കാൻ ഇവിടെ എഴുതുക: