ബെംഗളൂരു: നാടകീയ രംഗങ്ങള്‍ അരങ്ങേറിയ പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോത്പിച്ച് ബെംഗളൂരു എഫ്സി ഐഎസ്എല്‍ സെമിയില്‍. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ പോയതോടെ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തില്‍, ബെംഗളൂരു എഫ്സി നേടിയ ഗോളിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.
പകരക്കാരനായി ഇറങ്ങിയ മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രി നേടിയ ഗോളാണ് വിവാദത്തിനു കാരണമായത്. തര്‍ക്കം രൂക്ഷമായതോടെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുക്കൊമനോവിച്ച് ടീമിനെ തിരിച്ചുവിളിച്ചു. ഏറെ നേരത്തെ ആശയക്കുഴപ്പത്തിനും തര്‍ക്കത്തിനും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ബെംഗളൂരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ചു.
എക്സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖത്തിനു സമീപം ബെംഗളൂരുവിനു ലഭിച്ച ഫ്രീകിക്കാണ് വിവാദത്തിനു തുടക്കമായത്. ഫ്രീകിക്ക് പ്രതിരോധിക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കവെ ബെംഗളൂരു താരം സുനില്‍ ഛേത്രി അത് പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖന്‍ സിങ് സ്വന്തം ടീമംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കാന് ബോക്സിനുള്ളില്‍ മുന്നോട്ടു കയറി നില്‍ക്കുകയായിരുന്നു. പ്രഭ്സുഖന്‍സിങ് ബ്ലാസ്റ്റേഴ്സ് കളിക്കാരോട് സംസാരിക്കുന്നതിനിടെ തലയ്ക്കു മുകളിലൂടെ പന്ത് ഗോള്‍ പോസ്റ്റില്‍ വീണു.
റഫറി ഗോള്‍ അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ചു. ബെംഗളൂരു താരങ്ങള്‍ ഗോളാഘോഷത്തിലായിരുന്നു. ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുക്കൊമനോവിച്ച് മാച്ച് ഒഫീഷ്യല്‍സിനോടു പരാതിപ്പെട്ടെങ്കിലും അവര്‍ ഇടപെട്ടില്ല. ഇതോടെ കളിക്കാരെ തിരികെ വിളിക്കുകയായിരുന്നു. സൈഡ്ലൈനിന് അരികിലെത്തിയ കളിക്കാരുമായി ഇവാന് ഏറെ നേരം സംസാരിച്ചു. പിന്നീട് കളിക്കാരുമൊത്ത് മൈതാനത്തുനിന്ന് പുറത്തുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: