കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗര പ്രദേശം കനത്ത പുകയില്‍. തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിക്കാത്തതിനാല്‍ കിലോമീറ്ററുകള്‍ ദൂരേയ്ക്ക് വരെ പുക വ്യാപിക്കുന്നുണ്ട്.
പുക അന്തരീക്ഷത്തില്‍ തങ്ങി നില്കുന്നതിനാല് രാവിലെയുള്ള വാഹന ഗതാഗതവും ഏറെ ബുദ്ധിമുട്ടിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്. തുടര്‍ന്ന് ആറ് യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയതെങ്കിലും പൂര്‍ണ്ണമായും അണച്ചിട്ടില്ല. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്ക്കിന് പുറകുവശത്തുള്ള ചതുപ്പ് പാടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. അപകടത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ലെങ്കിലും നഗരത്തിലെ അഗ്നിബാധ ആശങ്ക ഉയര്‍ത്തുന്നതാണ്. അണയാതെ കിടക്കുന്ന കനലുകളില്‍ നിന്നും തീ വീണ്ടും പടരാന്‍ സാധ്യതയുണ്ട്. മുമ്പ് തീ പിടുത്തമുണ്ടായപ്പോഴും മൂന്ന് ദിവസത്തിലേറെ സമയമെടുത്താണ് ഇത് കെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: