വര്‍ഷം തോറും നടന്നുവരുന്നതും ലോകരാജ്യങ്ങള്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതുമായ നഗരതല നയതന്ത്ര സംരംഭങ്ങളില്‍ ഒന്നാണ് അര്‍ബന്‍ 20 അഥവാ യു20. മേയര്‍മാരുടെയും ജി20 അംഗരാജ്യങ്ങളില്‍ നിന്നുള്ള നിയുക്ത ‘നഗര ഷെര്‍പ്പ’ മാരുടെയും പങ്കാളിത്തം ഉറപ്പാക്കി യു20 തലത്തില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍ ജി20 ഉച്ചകോടിയെ ധരിപ്പിക്കും. ഫെബ്രുവരി ആദ്യം അഹമ്മദാബാദില്‍ നടന്ന യു20 ഉദ്ഘാടന സമ്മേളനത്തില്‍ 42 നഗരങ്ങളില്‍ നിന്നുള്ള 70-ലധികം പ്രതിനിധികള്‍ പങ്കെടുത്തു. ഏറ്റവും മികച്ച പങ്കാളിത്തമായിരുന്നു ഇപ്പോഴുണ്ടായത്.
നഗരവത്ക്കരണത്തെയും നഗര പരിവര്‍ത്തനത്തെയും സംബന്ധിച്ച ഈ വര്‍ഷത്തെ സംവാദങ്ങള്‍ക്ക് ഇന്ത്യയാണ് ചുക്കാന്‍ പിടിക്കുന്നത്. മോദി സര്‍ക്കാരിന് കീഴില്‍ ഭരണനിര്‍വ്വഹണ വിഷയങ്ങളില്‍ ഇന്ത്യ ആഗോള നേതൃത്വം ഏറ്റെടുത്തിരിക്കുന്നു. അത് വ്യക്തമായി സൂചിപ്പിക്കുന്ന വിജയഗാഥയാണ് നമ്മുടെ നഗരപ്രദേശങ്ങളുടെ പരിവര്‍ത്തനത്തില്‍ ദൃശ്യമാകുന്നത്. ഈ പരിവര്‍ത്തനമിപ്പോള്‍ മറ്റ് രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ഗ്ലോബല്‍ സൗത്ത് എന്ന വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങള്‍ക്ക്, പഠനാര്‍ത്ഥമുള്ള രൂപരേഖയായി മാറിയിരിക്കുന്നു. നഗരകേന്ദ്രീകൃത നയങ്ങളും പ്രവൃത്തികളും വികസനത്തിന്റെ ആഗോള അജണ്ടകളില്‍ ചെലുത്തുന്ന ശക്തമായ സ്വാധീനത്തിലേക്ക് വെളിച്ചം വീശാനാണ് യു20 ഇക്കുറി ലക്ഷ്യമിടുന്നത്.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള പെരുമാറ്റരീതികള്‍ സ്വീകരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയ്ക്കായിരുന്നു യു20 സമ്മേളനത്തിന്റെ പ്രധാന ഊന്നല്‍. രണ്ടാമതായി, ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും സാര്‍വത്രിക ജല ലഭ്യതയ്ക്കും പ്രാധാന്യം നല്കി. മൂന്നാമതായി, പരിസ്ഥിതിക്ക് വിനാശകരമായതും കാലഹരണപ്പെട്ടതുമായ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാന്‍ കാലാവസ്ഥാ ധനസഹായം ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത അംഗീകരിക്കപ്പെട്ടു. നാലാമതായി, തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിയന്ത്രക, ഭരണ ചട്ടക്കൂടുകളിലുള്ള പുനര്‍വിചിന്തനം അത്യന്താപേക്ഷിതമായി സ്വീകരിക്കപ്പെട്ടു. അഞ്ചാമതായി, പൗരസമൂഹത്തെ സജീവമാക്കുന്നതിന് നഗരങ്ങളുടെ പ്രാദേശിക സ്വത്വങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന ജനകീയ ആവശ്യം അംഗീകരിക്കപ്പെട്ടു. അവസാനമായി, സാങ്കേതികവിദ്യയുടെയും ഡാറ്റയുടെയും ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രക്രിയകളുടെ ജനാധിപത്യവത്ക്കരണം ഒഴിച്ചുകൂടാനാകാത്തതാണെന്ന് വ്യക്തമാക്കപ്പെട്ടു.
ഈ മുന്‍ഗണനാ മേഖലകള്‍ ആധാരമാക്കി സഹകരണ അജണ്ടയെ മുന്നോട്ട് നയിക്കുന്നതില്‍ നഗര പ്രതിനിധികള്‍ ഏകാഭിപ്രായം പ്രകടിപ്പിച്ചു. നഗര ഭരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ പ്രായോഗിക പരിഹാരങ്ങളിലേക്ക് വിവര്‍ത്തനം ചെയ്ത്, നയവും പ്രയോഗവും തമ്മിലുള്ള വിടവ് നികത്താന്‍ നഗര ഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനുള്ള അടിത്തറയായി യു20 ന്റെ ആറാം പതിപ്പ് മാറി. സമ്മേളമത്തിന് ആതിഥേയത്തം വഹിച്ച അഹമ്മദാബാദ്, സബര്‍മതി നദീതീരത്തെ വികസിപ്പിക്കുന്നതില്‍ സ്വീകരിച്ച നൂതനത ആശയങ്ങള്‍, ചെലവ് കുറഞ്ഞ ഭവന നയം, പൈതൃക പരിപാലന പദ്ധതിയുടെ സവിശേഷതകള്‍ തുടങ്ങി ഒട്ടേറെ പരിഷ്കാരങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ഇന്ത്യ മുന്നോട്ടു വയ്ക്കുന്ന പൗരാധിഷ്ഠിത പുനരുജ്ജീവനത്തിന്റെ ആത്മാവിനെയാണ് അഹമ്മദാബാദ് പ്രതിനിധീകരിക്കുന്നത്. സഹകരണാത്മകവും മത്സരാധിഷ്ഠിതവുമായ ഫെഡറലിസം, അടിസ്ഥാന സേവനങ്ങളുടെ സാര്‍വത്രികവത്ക്കരണവും പൂര്‍ത്തീകരണവും, സാങ്കേതിക നവീകരണം, സാമ്പത്തിക അവസരങ്ങള്‍, ഗ്രാമ-നഗര പാരസ്പര്യം എന്നീ തത്വങ്ങള്‍ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വലിയ ആസൂത്രിത നഗരവത്ക്കരണ പരിപാടിയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി മോദി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. പാരീസ് ഉടമ്പടിയുടെ പ്രതിബദ്ധതകള്‍ നിറവേറ്റുന്ന തരത്തിലാണ് രാജ്യം നഗര ഗതാഗത നയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ നഗര ഭൂപ്രകൃതിയിലേക്ക് ഹരിത ഗതാഗത സംവിധാനങ്ങള്‍ വിദഗ്ധമായി സംയോജിപ്പിച്ചിരിക്കുന്നു. നഗരങ്ങളിലെ പരിവര്‍ത്തന ദൗത്യങ്ങള്‍ സാമ്പത്തിക, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പിന്തുണയ്ക്കും വിധം ഇന്ത്യന്‍ നഗരങ്ങളെ സജ്ജമാക്കിയിരിക്കുന്നു.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രാഥമിക ചുമതല നഗരങ്ങള്‍ക്കായിരിക്കുമെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. 2030-ഓടെ 60 കോടിയിലധികം ജനങ്ങള്‍ നഗരങ്ങളില്‍ വസിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യ വിജയിച്ചാല്‍, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വിജയം കാണും. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വിജയിക്കണമെങ്കില്‍ ഇന്ത്യ വിജയിക്കണം. ഇന്ത്യ വിജയിക്കുമെന്ന് സംശയലേശമെന്യേ നമുക്ക് പറയാനാകും. ആഗോള വെല്ലുവിളികളെ വികസ്വര സമ്പദ്വ്യവസ്ഥകള്‍ക്ക് എങ്ങനെ ഫലപ്രദമായി നേരിടാന്‍ കഴിയുമെന്ന് അതിലൂടെ നാം മറ്റ് രാജ്യങ്ങള്‍ക്ക് കാണിച്ചുകൊടുക്കും. ജനസാന്ദ്രതയുള്ള നമ്മുടെ നഗരങ്ങളെ സാരമായി ബാധിച്ച മഹാമാരിയെ അതിജീവിച്ച രീതി നമ്മുടെ നഗരങ്ങളുടെ കര്‍മ്മശേഷിക്ക് തെളിവാണ്. വികേന്ദ്രീകൃത ആരോഗ്യ സംരക്ഷണം, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, സാര്‍വത്രിക സേവന വിതരണം, കുറഞ്ഞ ചെലവിലുള്ള വാടക ഭവനങ്ങള്‍ തുടങ്ങിയവയിലൂടെ ഇന്ത്യ ഒരു മികച്ച ഭരണ മാതൃക മുന്നോട്ടു വച്ചു. അത് ആഗോള പ്രശംസ നേടുക മാത്രമല്ല, അനുകരിക്കാനുള്ള ആഹ്വാനങ്ങളിലേക്കും നയിച്ചു.
ഭൗമരാഷ്ട്രീയ സംഘര്‍ഷം, സാമ്പത്തിക അനിശ്ചിതത്വം, കാലാവസ്ഥാ വ്യതിയാനം എന്നിവയാല്‍ വലയുന്ന ലോകത്തെ സംബന്ധിച്ചിടത്തോളം പ്രാദേശിക തലം മുതല്‍ ആഗോള ഉച്ചകോടികളില്‍ വരെ ഉയര്‍ന്നു വരുന്ന നയപരമായ പരിഹാരങ്ങള്‍ ഏകോപിപ്പിക്കുകയും സ്വാംശീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഏറ്റവും പഴക്കമേറിയതും ബൃഹത്തായതുമായ ജനാധിപത്യം എന്ന നിലയില്‍, വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങളില്‍ സമവായം സൃഷ്ടിക്കുകയെന്നത് ഇന്ത്യയുടെ ഡിഎന്‍എ യില്‍ അടങ്ങിയിരിക്കുന്നു. ഈ ധാര്‍മ്മിക നിലപാടില്‍ നിന്നാണ് ജി 20 ഉച്ചകോടിയുടെ ഈ വര്‍ഷത്തെ പ്രമേയമായ ‘വസുധൈവ കുടുംബകം’ അഥവാ ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്ന പ്രമേയം ഉദ്ഭൂതമായിരിക്കുന്നത്.
2023 ലെ ജി20 ല്‍ പരസ്പര പ്രയോജനകരവും സുസ്ഥിരവുമായ അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള ചട്ടക്കൂട് ഉരുത്തിരിയാനുള്ള സാധ്യത ഏറെയാണ്. നഗരങ്ങള്‍ക്കിടയില്‍ ശക്തമായ സഹകരണം രൂപപ്പെടാന്‍ അഹമ്മദാബാദിലെ യു20 സമ്മേളനത്തിലൂടെ സാധ്യമായിട്ടുണ്ട്. ജി20 സെക്രട്ടേറിയറ്റിന്റെയും യു20 ടെക്നിക്കല്‍ സെക്രട്ടേറിയറ്റായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സിന്റെയും ലോകമെമ്പാടുമുള്ള വിജ്ഞാന പങ്കാളികളുടെയും നിരന്തര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട്, അഹമ്മദാബാദില്‍ നടന്ന ഈ ആറാം പതിപ്പ് ശക്തമായ സ്വാധീനം ചെലുത്തുകതന്നെ ചെയ്യും.
ജൂലൈയില്‍ നടക്കുന്ന മേയര്‍മാരുടെ ഉച്ചകോടി വരെയുള്ള 2023 ലെ യു20 പരിപാടികളില്‍ മേയര്‍മാരും ഷെര്‍പ്പമാരും അടക്കമുള്ള നഗര പ്രതിനിധികള്‍ തുടര്‍ന്നും പങ്കെടുക്കും. സമൃദ്ധവും സുസ്ഥിരവുമായ ലോകം എന്ന പൊതു ലക്ഷ്യം നാം പിന്തുടരുമ്പോള്, ഭാവിയിലെ നഗര നയങ്ങള്‍ വിളംബരം ചെയ്യുന്ന രൂപരേഖ തയ്യാറാക്കാനുള്ള അസുലഭ അവസരമാണ് കൈവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: