കഴക്കൂട്ടം സൈനിക സ്കൂള്‍ ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും ശാശ്വതമായ ആശ്വാസമേകി കേരളത്തിലെ ഏക സൈനിക സ്കൂളിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കരാര്‍ ഒപ്പുവച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അധികാരികളില്‍ നിന്നുള്ള അനുകൂല തീരുമാനം.
ആദ്യശിലാസ്ഥാപനം മുതല്‍ സ്കൂള്‍ സാമ്പത്തിക അനിശ്ചിതത്വത്തിലാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പങ്കാളിത്തമുള്ള ഒരു ബോര്‍ഡ് ഓഫ് ഗവര്‍ണറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈനിക് സ്കൂള്‍ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നോക്കുന്നത്. എന്നിരുന്നാലും,
ധനസംബന്ധമായ ഇരുസര്‍ക്കാറിന്റെയും ഉത്തരവാദിത്തം ഒരിക്കലും നിശ്ചയിക്കപ്പെട്ടിരുന്നില്ല. ഇത് എല്ലായ്പ്പോഴും സ്കൂളിന് സാമ്പത്തികമായി പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഇപ്പോള്‍ സ്കൂളിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നത് പ്രാഥമികമായി വിദ്യാര്‍ത്ഥികള്‍ അടച്ച ഫീസില്‍ നിന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള മറ്റ് ആകസ്മിക ഫണ്ടുകളും ഉപയോഗിച്ചാണ്. സ്കൂളിലെ ജീവനക്കാരുടെ പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളും മറ്റ് ഭരണപരമായ ആവശ്യകതകളും സംസ്ഥാനം പരിഗണിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കരാര്‍ അംഗീകരിച്ചിരിക്കുന്നത്.
കൂടാതെ കേന്ദ്രസര്‍ക്കാര്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനാധിഷ്ഠിത സ്കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കുകയും പ്രതിരോധ മന്ത്രാലയം മുഖേനയുള്ള സൈനിക ഉദ്യോഗസ്ഥരുടെ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് പുറമെ സ്കൂളിലെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെയും, തൊഴില്‍, പരിശീലന സാഹചര്യങ്ങള്‍ എന്നിവയ്ക്കുള്ള സാമ്പത്തികപിന്തുണ നല്‍കുകയും ചെയ്യും .
ഏതാനും പതിറ്റാണ്ടുകളായി തുടരുന്ന സ്കൂളിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി സ്കൂളിന്റെ തുടര്‍ പ്രവര്‍ത്തനത്തെപ്പോലും അപകടത്തിലാക്കും വിധത്തിലായിരുന്നു. കഴക്കൂട്ടം സൈനിക സ്കൂള്‍ പ്രിന്‍സിപ്പല്‍ കേണല്‍ ധീരേന്ദ്ര കുമാര്‍, മുന്‍ അഡ്മിന് ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ ഷെല്ലി കെ ദാസ് എന്നിവരുടെ കഠിനാധ്വാനവും പ്രതിബദ്ധതയും കൊണ്ട് നേടിയ ഈ നേട്ടം ജീവനക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ സന്തോഷം പകരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: