ന്യൂദല്‍ഹി: എല്ലാ ഡിജിറ്റല്‍ പ്ലാറ്റുഫോമുകളിലും സുതാര്യവും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റര്‍നെറ്റ് സംവിധാനം ഉറപ്പുവരുത്തുന്നതിനുള്ള പരാതി പരിഹാര സംവിധാനം നിലവില്‍ വന്നു. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അടുത്തിടെ ഭേദഗതി ചെയ്ത ഐടി നിയമം 2021 പ്രകാരമാണ് പരാതി പരിഹാര സംവിധാനം നിലവില്‍ വന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരടങ്ങുന്ന മൂന്ന് സമിതികളാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്.
സങ്കേതികവിദ്യ സാമൂഹ്യ ജീവിതത്തെ എങ്ങനെ ആയാസരഹിതമാക്കുന്നു എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചതിനു പിന്നാലെയാണ് ഡിജിറ്റല്‍ മേഖലയിലും പൗരന്മാര്‍ക്ക് സ്വതന്ത്രമായ ഇടപെടലുകള്‍ യാഥാര്‍ഥ്യമാക്കുന്ന പരാതി പരിഹാര സംവിധാനം നിലവില്‍ വരുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റര്‍നെറ്റ് ചട്ടക്കൂടിന്റെ ഒരു പ്രധാന ഘടകമാണ് ഈ പരാതി പരിഹാര സംവിധാനം. പരാതികള്‍ പരിഹരിക്കുന്നതിനുള്ള ലളിതമായ മാര്‍ഗ്ഗമാണിത്. ഒരു പ്രതികൂല വ്യവസ്ഥ സൃഷ്ട്ടിക്കുകയല്ല, മറിച്ച് ഇന്റര്‍നെറ്റ് ഇടനിലക്കാരുടെ പരാതി പരിഹാര പ്രവര്‍ത്തനം ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കുകയാണ് ഇത് വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐടി വകുപ്പ് സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ, അഡീഷണല്‍ സെക്രട്ടറി അമിത് അഗര്‍വാള്‍, ഗ്രൂപ്പ് കോഓര്‍ഡിനേറ്റര്‍ രാകേഷ് മഹേശ്വരി തുടങ്ങിയവരും സാമൂഹ്യമാധ്യമ, നിയമ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ഇന്റര്‍നെറ്റ് ഇടനിലക്കാരന്റെ പരാതി പരിഹാര ഉദ്യോഗസ്ഥനില്‍ നിന്ന് അറിയിപ്പ് ലഭിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ പൗരന്മാര്‍ക്ക് ഇത് സംബന്ധിച്ച അപ്പീല്‍ സമര്‍പ്പിക്കാം. അപ്പീല്‍ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ഉപയോക്താവിന്റെ അപ്പീല്‍ കേള്‍ക്കുന്നതിന് ഈ കമ്മിറ്റി പരിശ്രമിക്കും. https://www.gac.gov.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക: