കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ ഒരു തൊഴിലാളിയെ പുറത്തെടുത്തു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം സംഭവിക്കുന്നത്. എടരിക്കോട് സ്വദേശികളായ രണ്ട് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
കോട്ടയ്ക്കല്‍ കുര്‍ബാനിയിലാണ് അമ്പതടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞുവീണത്. മൂന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊട്ടിപ്പാറ സ്വദേശി അഹദിനെ പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാമത്തെ ആള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ അതിനിട കിണര്‍ വീണ്ടും ഇടിയുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്.
എടരിക്കോട് സ്വദേശിയായ അക്ബറാണ് നിലവില്‍ കിണറ്റില്‍ കുടുങ്ങിക്കിടക്കുന്നത്. വീടിനോട് ചേര്‍ന്ന് പണി നടക്കുന്ന കിണറിലേക്ക് തൊഴിലാളികള്‍ ഇറങ്ങുന്നതിനിടെ വശങ്ങളിലെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഉടനെതന്നെ നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഇരുവരേയും പുറത്തേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നില്ല.
തുടര്‍ന്ന് ഫയര്‍ ഫോഴ്സിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഹദിനെ പുറത്തെടുത്തപ്പോള്‍ ഇയാള്‍ സംസാരിക്കുന്നുണ്ടായിരുന്നു. അതിനാല്‍ ആരോഗ്യനിലയില്‍ കാര്യമായ ആശങ്കയില്ലെന്നാണ് കരുതുന്നത്. മണ്ണിനടിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് കാലിന് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: