കാസര്‍കോഡ് : കെഎസ്ആര്‍ടിസി കണ്സെഷന് നല്‍കുന്നതിനായി പുറത്തിറക്കിയ മാര്‍ഗരേഖ പാവപ്പെട്ടവരോടുള്ള നീചമായ നടപടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കെഎസ്ആര്‍ടിസി കണ്സഷന് നിയന്ത്രണം വിദ്യാര്‍ത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് പ്രായ പരിധി 25 വയസ്സാക്കുകയും ആദായ നികുതി അടയ്ക്കുന്നവരുടെ മക്കള്‍ക്ക് കണ്സെഷന് ഉണ്ടാകില്ലെന്നുമാണ് കെഎസ്ആര്‍ടിസിയുടെ പുതിയ തീരുമാനം. ഈ നടപടി നീചമാണെന്നും കണ്‍സെഷനില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
കൂടാതെ പെന്ഷന് വിതരണത്തിനുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി നല്‍കണം. മുന്നറിയിപ്പില്ലാതെയുള്ള നടപടിയാണ് ഉണ്ടായതെന്നും കെ സുരേന്ദ്രന് പറഞ്ഞു. അമിത് ഷായുടെ സന്ദര്‍ശനത്തെ സിപിഎം ഭയക്കുന്നുണ്ട്. പല ചോദ്യങ്ങള്‍ക്കും ദേശീയ തലത്തില്‍ മറുപടി പറയേണ്ടിവരും. അമിത് ഷാ വരുമ്പോള്‍ എല്ലാം തുറന്നുപറയുമെന്ന ഭയമാണ് സിപിഎമ്മിനുള്ളതെന്നും എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയായി സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: