ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഏറെ കൊട്ടിഘോഷിച്ച് നടന്ന സോണിയാ കോണ്‍ഗ്രസ്സിന്റെ പ്ലീനറി സമ്മേളനത്തിന് കൊടിയിറങ്ങിയപ്പോള്‍ തെളിഞ്ഞത് പാര്‍ട്ടിയുടെ ആശയക്കുഴപ്പവും അവസരവാദവും ഒറ്റപ്പെടലും വിഭാഗീയ രാഷ്‌ട്രീയവും. ഇന്ത്യാ മഹാരാജ്യത്ത് കോണ്‍ഗ്രസ്സ് ഭരണം അവശേഷിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഢ്. അധികാരത്തിന്റെ ബലത്തില്‍ ഇവിടെ സംഘടിപ്പിച്ച പ്ലീനറി സമ്മേളനം ദേശീയ രാഷ്‌ട്രീയത്തില്‍ ഒരു ചലനവുമുണ്ടാക്കാന്‍ പോകുന്നില്ല. സമ്മേളനം കഴിഞ്ഞതോടെ ഇനി പുതിയ കോണ്‍ഗ്രസ് എന്നൊക്കെ ചില മാധ്യമങ്ങളെക്കൊണ്ട് പറയിക്കുകയുണ്ടായെങ്കിലും പാര്‍ട്ടി പഴയതിനേക്കാള്‍ വഷളാവാനുള്ള സ്ഥിതിയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്. ഭാരത് ജോഡോ യാത്ര കഴിഞ്ഞപ്പോള്‍ ഇനി പക്വതയുള്ള പുതിയ രാഹുല്‍ എന്ന് ചിലര്‍ ആവേശംകൊണ്ടിരുന്നു. ഇതുവരെ നേതാവിന് പക്വതയില്ലായിരുന്നു എന്ന പരിഹാസത്തിന് അടിവരയിടുകയാണ് തങ്ങളെന്ന് ഈ വിധേയന്മാര്‍ ചിന്തിച്ചില്ല. കശ്മീരില്‍ ജോഡോ യാത്രയുടെ സമാപനത്തില്‍ ആങ്ങളയും പെങ്ങളും പരസ്പരം മഞ്ഞുവാരിക്കളിച്ചപ്പോള്‍ പക്വതയുടെ ഊതിവീര്‍പ്പിച്ച ബലൂണ്‍ പൊട്ടിപ്പോവുകയും ചെയ്തു. ഇതുതന്നെയാണ് റായ്പൂര്‍ പ്ലീനത്തിനും സംഭവിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് കൂടുതല്‍ പേരെ തെരഞ്ഞെടുപ്പിലൂടെ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. സംഭവിച്ചത് നേരെ മറിച്ചും. തെരഞ്ഞെടുപ്പ് നടന്നില്ലെന്നു മാത്രമല്ല, അത് വേണ്ടെന്ന് വയ്‌ക്കുകയും എല്ലാവരെയും പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ നാമനിര്‍ദേശം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയുമാണുണ്ടായത്. സോണിയാ കുടുംബത്തിന് വിടുപണി ചെയ്യുന്ന ഖാര്‍ഗെ ഇനി ആരെയൊക്കെയാണ് തെരഞ്ഞെടുക്കുകയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
യഥാര്‍ത്ഥത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടത്താനുള്ള ആരോഗ്യമൊന്നും ഈ മുത്തശ്ശിപാര്‍ട്ടിയില്‍ അവശേഷിച്ചിട്ടില്ലെന്ന് രാഷ്‌ട്രീയം ശ്രദ്ധിക്കുന്ന ആര്‍ക്കും അറിയാം. എന്നിട്ടും ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പാര്‍ട്ടി അധ്യക്ഷനായാലും പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും സോണിയാ കുടുംബത്തിന് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമാണ് നറുക്കുവീഴുകയെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ജനാധിപത്യം എന്നത് കോണ്‍ഗ്രസ്സിന് അരോചകമാണ്. സോണിയാ കുടുംബത്തിലെ അംഗങ്ങളെ പ്രവര്‍ത്തക സമിതിയിലെ ആജീവനാന്ത അംഗങ്ങളാക്കിയതു മാത്രം മതി ഇതിന് തെളിവായി. മറ്റു ചിലരെയും ഇപ്രകാരം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് പാര്‍ട്ടിയില്‍ കുടുംബവാഴ്ചയില്ലെന്നു വരുത്താനുള്ള കുതന്ത്രം മാത്രമാണ്. ഇക്കൂട്ടരെ ഏതു നിമിഷം വേണമെങ്കിലും പദവിയില്‍നിന്ന് ഇറക്കിവിടും. പാര്‍ട്ടി അധ്യക്ഷനെപ്പോലും അപമാനിച്ച് പുറത്താക്കാന്‍ മടിക്കാത്തവര്‍ മറ്റുള്ളവരെ എന്തു ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തില്‍ ഒരാള്‍ക്ക് ഒരു പദവി എന്നൊക്കെ നേതാക്കള്‍ വാചാലരാവുകയുണ്ടായെങ്കിലും റായ്പൂരിലെത്തിയപ്പോള്‍ അതെല്ലാം സൗകര്യപൂര്‍വം മറന്നിരിക്കുന്നു. ഇതു സംബന്ധിച്ച യാതൊരു വര്‍ത്തമാനവും ഒരു നേതാവിന്റെയും നാവില്‍നിന്ന് ഉണ്ടായില്ല. ‘ഒരു പാര്‍ട്ടി ഒരേയൊരു കുടുംബം’ എന്നതാണ് സോണിയാ കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും നയം. കോണ്‍ഗ്രസ്സിന്റെ ഇല്ലാത്ത മഹത്വം ഘോഷിക്കുന്ന ശശി തരൂരിനെപ്പോലുള്ളവര്‍ അശ്ലീലമായ ഈ കുടുംബാധിപത്യത്തെക്കുറിച്ച് മൗനം പാലിക്കുന്നത് പദവികള്‍ അകന്നുപോകും എന്നതുകൊണ്ടാണ്.
അധികാരത്തില്‍ നിന്ന് പുറത്തായതിന്റെ അമര്‍ഷവും, എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താനുള്ള ആര്‍ത്തിയുമാണ് റായ്പൂര്‍ പ്ലീനത്തില്‍ തെളിഞ്ഞുകണ്ടത്. ഇതിനുവേണ്ടി ജനങ്ങളെ വിഭജിക്കുകയെന്ന കുതന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. ബിജെപിയുടെ ബഹുജനാടിത്തറയും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജനങ്ങളുടെ ആഭിമുഖ്യവും തകര്‍ക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭരണത്തിന്റെ വ്യത്യാസം എന്തെന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ ആറുപതിറ്റാണ്ടുകാലത്തെ ഭരണത്തില്‍ ഇല്ലാതിരുന്ന ജനക്ഷേമത്തിന്റെ സദ്ഫലങ്ങള്‍ ജനങ്ങള്‍ അനുഭവിക്കുകയാണ്. ദരിദ്ര പിന്നാക്ക ദുര്‍ബല ജനവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തുകയും, അവര്‍ക്ക് ജീവനോപാധികള്‍ നല്‍കുകയും ചെയ്യുന്ന മോദി ഭരണത്തില്‍ ജനങ്ങള്‍ സംതൃപ്തരാണ്. എല്ലാ മേഖലയിലും മുന്നേറുന്ന ഇന്ത്യയെ ലോകരാജ്യങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ഇതൊക്കെ കീഴ്‌മേല്‍ മറിയണമെന്ന് കോണ്‍ഗ്രസിന് ആഗ്രഹമുണ്ടെങ്കിലും ജനങ്ങള്‍ അനുകുലമല്ല. ബിജെപിയോടുള്ള കോണ്‍ഗ്രസിന്റെ വിരോധവും പ്രധാനമന്ത്രി മോദിയോടുള്ള വിദ്വേഷവും വിലപ്പോകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷമുണ്ട്. അതിനിടെ കോണ്‍ഗ്രസിന് എന്തൊക്കെ സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. അഴിമതിക്കാരായ അതിന്റെ നേതാക്കളില്‍ ആരൊക്കെ ജയിലിനു പുറത്തുണ്ടാവുമെന്ന് കാത്തിരുന്നു കാണണം. ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിച്ചെന്നാണ് സോണിയ പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ പലനിലയ്‌ക്കും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ കോണ്‍ഗ്രസിന്റെ ഇന്നിങ്‌സാണ് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: