ശബരിമല: ശബരിമല ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച സ്വര്‍ണ്ണത്തിന്റെ തൂക്കത്തില്‍ കുറവുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
ശബരിമലയില്‍ വഴിപാടായി ലഭിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും സൂക്ഷിക്കുന്ന ആറന്മുളയിലെ സ്ട്രോങ് റൂമാണ് തുറന്നുപരിശോധിക്കുക. ഇക്കുറി തീര്‍ത്ഥാടനക്കാലത്ത് നടവരവായി ലഭിച്ച സ്വര്‍ണ്ണവും വെള്ളിയും പൂര്‍ണ്ണമായും ആറന്മുളയിലെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സ്ട്രോങ് റൂം തുറന്ന് നടവരവ് തിട്ടപ്പെടുത്താന്‍ ദേവസ്വം പ്രസിഡന്റ് കെ. അനന്ത ഗോപന് തിരുവാഭരണം കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
എല്ലാവര്‍ഷവും ഭക്തര്‍ ക്ഷേത്രത്തില്‍ വഴിപാടായി നല്കുന്ന സ്വര്‍ണ്ണം, വെള്ളി എന്നിവ സന്നിധാനത്ത് വിജിലന്‍സിന്റെ സാന്നിധ്യത്തില്‍ ജീവനക്കാര്‍ മഹസര്‍ തയ്യാറാക്കി പൊലീസ് സുരക്ഷയിലാണ് ആറന്മുളയിലെ സ്ട്രോങ് റൂമില്‍ എത്തിക്കാറ്. ഇക്കുറി സ്വര്‍ണ്ണവും, വെള്ളിയും പൂര്‍ണ്ണമായും സ്ട്രോങ് റൂമില്‍ എത്തിയില്ലെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മഹസര്‍ ഒത്തുനോക്കി പരിശോധന നടത്തുന്നത്.
ഇത്തവണ ആകെ 3300 ഗ്രാം സ്വര്‍ണ്ണം മാത്രമേ ലഭിച്ചുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ഇത് വിജിലന്‍സ് കൂടി പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുള്ളതാണെന്ന് പറയുന്നു. സിസിടിവിയും മിക്കവാറും എല്ലാപോയിന്റുകളിലും സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഇവിടെ തിരിമറി നടക്കാനുള്ള സാധ്യത കുറവാണ് ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ആരോപണം ഉന്നയിക്കുകയാണെന്നും അനന്ത ഗോപന് പറയുന്നു. എന്തായാലും സംശയത്തിന് അറുതി വരുത്താനാണ് ഒത്തുപരിശോധന..
പ്രതികരിക്കാൻ ഇവിടെ എഴുതുക: