തൃശൂർ: നടന്‍ മുരളിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ 5.7 ലക്ഷം ചെലവാക്കിയിട്ടും രൂപസാദൃശ്യമുള്ള പ്രതിമ കിട്ടിയില്ലെന്നതിന്റെ പേരില്‍ വിവാദമുണ്ടായ സംഗതി ഇപ്പോള്‍ സംഗീത നാടക അക്കാദമി തീര്‍പ്പാക്കി. നടന്‍ മുരളിയുടെ പ്രതിമ നിര്‍മ്മിക്കേണ്ടെന്നതാണ് പുതിയ തീരുമാനം.
മുരളിയുടെ പ്രതിമാനിര്‍മ്മാണത്തിനായി അഞ്ച് ലക്ഷത്തിഎഴുപതിനായിരം രൂപ അക്കാദമി ചെലവാക്കിയിട്ടും ഫലം ലഭിക്കാതെ വന്നത് വന്‍വിവാദമായിരുന്നു. ശില്‍പി നിര്‍മ്മിച്ച വെങ്കല ശില്‍പത്തിന് മുരളിയുടെ രൂപസാദൃശ്യമില്ലെന്നതിന്റെ പേരിലാണ് ശില്‍പം വേണ്ടെന്ന് വെച്ചത്. വീണ്ടും മാറ്റിയുണ്ടാക്കാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ശില്‍പി പ്രതിമ മാറ്റിയുണ്ടാക്കിയെങ്കിലും മുരളിയുടെ രൂപസാദൃശ്യം വന്നില്ല. ഇത് സമൂഹമാധ്യമങ്ങളിൽ വലിയതോതിലുള്ള വിമർശനത്തിന് ഇടയാക്കിയിരുന്നു.മുരളി അഭിനയിച്ച ലങ്കാലക്ഷ്മി നാടകത്തില്‍ രാവണന്റെ വേഷമായിരുന്നു താരം കെട്ടിയത്. ഇതിലെ അഭിനയത്തിന്റെ പേരില്‍ മുരളിക്ക് ഏറെ അഭിനന്ദനങ്ങള്‍ കിട്ടിയിരുന്നു. മുരളിയുടെ ഈ രാവണവേഷമാണ് ശില്‍പി പ്രതിമയ്‌ക്ക് മാതൃകയാക്കിയതെന്നാണ് ശില്‍പിയുടെ വിശദീകരണം. അപ്പോള്‍ മുരളിയുടെ രൂപസാദൃശ്യം ഉണ്ടായിരിക്കില്ലെന്ന കാര്യം തീര്‍ച്ച.
ഇതോടെ വെങ്കലപ്രതിമയ്‌ക്കായി ചെലവാക്കിയ തുക ശില്‍പിയില്‍ നിന്നും തിരിച്ചുപിടിക്കണമെന്ന ആവശ്യമുയര്‍ന്നതോടെ ശില്‍പി കരച്ചിലായി. അനുവദിച്ചതിലും കൂടുതല്‍ തുക ചെലവാക്കിയെന്നും മറ്റു വരുമാന മാര്‍ഗ്ഗമില്ലാത്തതിനാല്‍ തിരിച്ചടക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും ശില്‍പി അഭ്യര്‍ത്ഥിക്കുകയായിരുന്നു. കഷ്ടപ്പാടോടെ ജീവിക്കുന്ന ശില്‍പിയുടെ കയ്യില്‍ നിന്നും തുക തിരിച്ചുപിടിക്കേണ്ടെന്ന് തീരുമാനിച്ച് ഈ തുക ധനവകുപ്പ് പിന്നീട് എഴുതിത്തള്ളുകയായിരുന്നു.
ഇപ്പോള്‍ സംഗീതനാടക അക്കാദമിയുടെ പുതിയ കമ്മിറ്റി നടന്‍ മുരളിയുടെ ശില്‍പം നിര്‍മ്മിക്കേണ്ടെന്ന തീരുമാനമെടുത്തിരിക്കുകയാണ്. നടൻ മുരളിയുടേത് ഉൾപ്പടെ ആരുടെയും പ്രതിമ നിർമിക്കേണ്ടെന്ന് തീരുമാനിച്ച് സംസ്ഥാന സംഗീത നാടക അക്കാദമി. മുൻ അധ്യക്ഷന്മാരുടെ പ്രതിമ സ്ഥാപിക്കാൻ തുടങ്ങിയാൽ അതിനേ നേരമുണ്ടാകൂവെന്നും അക്കാദമി വിലയിരുത്തി.
നടൻ മുരളിയുടെ പ്രതിമ സ്ഥാപിച്ചാൽ എല്ലാവരുടെയും വേണമെന്ന ആവശ്യം ഉയരും. അങ്ങനെ വന്നാൽ കെ.ടി. മുഹമ്മദ്, കാവാലം നാരായണപ്പണിക്കർ, വൈക്കം ചന്ദ്രശേഖരൻനായർ, പി. ഭാസ്കരൻ, തിക്കോടിയൻ തുടങ്ങി കെ.പി.എ.സി. ലളിതവരെയുള്ള ഒട്ടേറെ മുൻകാല അധ്യക്ഷൻമാരുടെ പ്രതിമകൾകൊണ്ട് തൃശൂരിലെ അക്കാദമിവളപ്പ് നിറയും. അതുവേണ്ടെന്നാണ് അക്കാദമി തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: