തിരുവനന്തപുരം: സുരേഷ് ഗോപി എന്ത് പ്രസ്താവന നടത്തിയാലും അതിനെതിരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ശരവേഗത്തില്‍ വിമര്‍ശനം വരുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും ആരുടെയും മനസ്സില്‍ ഉയരുന്ന ഒരു ചോദ്യം ഇതാണ് – സുരേഷ് ഗോപിയെ ടാര്‍ഗറ്റ് ചെയ്യുന്നതാര്? ഇത് സ്വാഭാവികമായ പ്രതികരണമല്ല, പലപ്പോഴും സുരേഷ് ഗോപിയെ വേട്ടയാടാനുള്ള ത്വര പോലെയാണ് കാണുന്നത്. അതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യത്തോടെ ചില ദുഷ്ടശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തീര്‍ച്ച. അത് ഇടതുപക്ഷമുള്‍പ്പെടെയുള്ള ഭരണവര്‍ഗ്ഗരാഷ്‌ട്രീയപാര്‍ട്ടികളും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളും തന്നെയാണെന്നും ചിലര്‍ ആരോപിക്കുന്നു. ഇസ്ലാമിസ്റ്റുകളില്‍ നിന്നും ഒളിയാക്രമണവും പിന്നിലുണ്ട്. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ. ഒരു തെരഞ്ഞെടുപ്പുകളിലും ബിജെപി ടിക്കറ്റില്‍ സുരേഷ് ഗോപി ജയിച്ചുകൂടാ.
കഴിഞ്ഞ ദിവസം സുബി സുരേഷിന്റെ അകാലമരണത്തെത്തുടര്‍ന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. പത്ത് ദിവസത്തോളം നീക്കിവെച്ച് സുബി സുരേഷിനെ രക്ഷപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ അഹോരാത്രം പണിപ്പെട്ട താരമാണ് സുരേഷ് ഗോപി. പക്ഷെ കരള്‍ നേരത്തിന് ലഭിക്കാത്തതിനാല്‍ സുബി സുരേഷ് മരിച്ചു.
ഈ വേദന ഉള്ളില്‍ക്കിടന്നതാകണം താരം അല്‍പം വൈകാരികമായിത്തന്നെ പ്രതികരിച്ചു. സുബി സുരേഷിന് കരള്‍ ലഭിയ്‌ക്കാന്‍ വൈകിയതാണ് മരണകാരണമായതെന്നും പുറത്തുനിന്നുള്ള ദാതാവില്‍ നിന്നും കരള്‍ ലഭിക്കുന്നതിന് നിലനില്‍ക്കുന്ന നിയമപരമായ നൂലാമാലകള്‍ വലിയ തടസ്സമായെന്നും സുരേഷ് ഗോപി പ്രസ്താവിച്ചിരുന്നു. ആശുപത്രി അധികൃതരെ കുറ്റപ്പെടുത്താനല്ല സുരേഷ് ഗോപി ശ്രമിച്ചത്. അദ്ദേഹം കരള്‍ ലഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് പൊതുവായി ഒരു കമന്‍റ് നടത്തിയതാണ്. ഉടനെ ഇതിനെതിരെയും കുറെപ്പേര്‍ പ്രതികരണവുമായി എത്തി. കരള്‍ ലഭിക്കാന്‍ വൈകിയിട്ടില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം. അവിടെയും സുരേഷ് ഗോപിയെ ക്രൂശിക്കാനായിരുന്നു പ്രതികരണം നടത്തിയവര്‍ക്ക് താല്‍പര്യം.
ഇതിന് തൊട്ടുമുന്‍പ് നടന്ന മറ്റൊരു സംഭവം പറയാം. അദ്ദേഹം ആലുവയില്‍ നടത്തിയ പ്രസംഗമാണിത്. അവിശ്വാസികളുടെ സർവനാശത്തിനായി ശ്രീകോവിലിന് മുന്നിൽ പ്രാർഥിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞത് വലിയ വിവാദമായി.ശിവരാത്രി ആഘോഷപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ഈശ്വരവിശ്വാസമില്ലാത്തവര്‍ക്ക് എതിരാണ് സുരേഷ് ഗോപി എന്ന രീതിയിലായിരുന്നു ഇതിന് വന്ന വിമര്‍ശനം. പിറ്റേ ദിവസം തന്നെ സുരേഷ് ഗോപി വിശദീകരണവുമായി എത്തി. താന്‍ അവിശ്വാസികള്‍ക്ക് എതിരല്ലെന്നും ശബരിമലയ്‌ക്കെതിരെ വന്ന അവിശ്വാസികളുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.
എന്നാല്‍ ഇതുകൊണ്ടൊന്നും ശത്രുക്കള്‍ അടങ്ങിയില്ല. സുരേഷ് ഗോപിയ്‌ക്കെതിരെ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ വരെ ഫയല്‍ ചെയ്യുന്നതിനിനുള്ള തിരക്കിലാണ് ചിലര്‍. ശിവരാത്രിദിനത്തിൽ അവിശ്വാസികൾക്കെതിരെ നടത്തിയ പരാമർശത്തില്‍ പ്രതിഷേധിച്ച് സുരേഷ് ഗോപിക്കെതിരെ ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടന്‍ പൊലീസില്‍ പരാതി നല്‍കി. ജനങ്ങൾക്കിടയിൽ വിദ്വേഷം പടര്‍ത്തിയതിന് കേസെടുക്കണമെന്നാണ് ആലുവ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. അവിശ്വാസികള്‍ക്കെതിരായ കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തതെന്നും പരാതിയില്‍ പറയുന്നു. സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി നല്‍കിയമറ്റൊരു കൂട്ടര്‍ ഐഎന്‍എല്‍ (വഹാബ് വിഭാഗം) സംസ്ഥാന പ്രസിഡന്‍റാണ്. ആലുവ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് സര്‍വ്വനാശം വരട്ടെയെതുള്‍പ്പെടെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യണമെന്നതാണ് ഇവരുടെ ആവശ്യം. എത്രയോ വിദ്വേഷ പരാമര്‍ശങ്ങള്‍ ഇസ്ലാമിക പ്രഭാഷണത്തിന്റെ പേരില്‍ പലരും നടത്തുന്നു.ഇതിലൊന്നും യാതൊരു പ്രശ്നവുമില്ലാത്തവരാണ് സുരേഷ് ഗോപി അവിശ്വാസികള്‍ക്കെതിരെ നടത്തിയ പ്രസംഗത്തിനെതിരെ വന്നതെന്നോര്‍ക്കുക. സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നും ഇയാള്‍ എറണാകുളം റൂറല്‍ എസ് പിയ്‌ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇവരുടെ ഒക്കെ ലക്ഷ്യം ഒന്ന് തന്നെ. സുരേഷ് ഗോപി എന്ന ബിജെപിയെ പിന്തുണയ്‌ക്കുന്ന വ്യക്തിയുടെ ജനപിന്തുണ ഇല്ലാതാക്കുക. പക്ഷെ അതവര്‍ക്ക് ഈ ജന്മംസാധിക്കുമെന്ന് തോന്നുന്നില്ല. കാരണം സുരേഷ് ഗോപി ജീവകാരുണ്യപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: